Sunday, November 9, 2014

ഒരു വേദനയുടെ ഓർമ്മക്കുറിപ്പുകൾ

മോഹങ്ങളെ മണ്ണിട്ട്‌ മൂടിയപ്പോൾ അവ വേദനകൾ തഴച്ചു വളരുന്ന വൃക്ഷങ്ങൾക്ക് വളമായി. വേരുകളിൽ മോഹഭംഗങ്ങൾ ഊട്ടി ആ മരങ്ങൾ വളർന്നു പന്തലിച്ചപ്പോൾ, അവയുടെ തണലുകളിൽ ഞാനഭയം തേടി...

കുന്നുകൂടിയ വേദനകൾ നാഗങ്ങളെപ്പോലെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കി. വേദനാസംഹാരികൾ നൽകുന്ന സമാശ്വാസ നിമിഷങ്ങൾക്ക് ദൈർഘ്യം നന്നേ കുറവായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത കാഠിന്യ൦ നിറഞ്ഞ വേദനകൾ ആസ്സഹനീയമായൊരവസ്ഥ നല്കി. മനസ്സും, മനസ്സുഖവും നഷ്ടപെട്ട നിമിഷങ്ങളുടെ വേവലാതികളായി ആ വേദനകൾ മാറി...

മനശാന്തി തേടിയുള്ള എന്റെ യാത്രകൾ അതിരുകളില്ലാത്തതായിരുന്നു...

കുഴച്ചു മെനഞ്ഞെടുത്ത കളിമണ്‍ പ്രതിമകളുടെ ആത്മരോദനം പോലെ, കരങ്ങൾ നീട്ടിപ്പിടിച്ച് എന്റെ നേരെ നിസ്സഹായതയുടെ നോട്ടമയച്ച ജീവിതത്തിനു നാശമെന്ന വ്യാഖ്യാനം നൽകുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു...
സഹതാപത്തിന്റെ കണ്ണുകൾക്ക് ശാരീരിക വേദനകളെക്കാൾ നൊമ്പരം നൽകുവാൻ നിഷ്പ്രയാസ്സം സാധിക്കുന്നുണ്ടായിരുന്നു...

ഓ ഹൃദയമേ, നിന്റെ വേദനകളെ ഞാനറിയുന്നു. മറ്റാരേക്കാളുമുപരി നിന്നിലെ വൃണങ്ങളെ ഞാൻ കാണുന്നു. ജീവന് വേണ്ടിയുള്ള നിന്റെ സ്പന്ധനങ്ങളെ ഞാൻ കേൾക്കുന്നു. നിസ്സഹായത മാത്രമാണെന്റെ കൈമുതൽ. നിന്നെയോർത്ത്, നിന്റെ വേദനകളെയോർത്ത് സഹതപിക്കുവാൻ ഞാനല്ലാതെ വേറാരുമില്ല താനും. നിന്റെ സ്പന്ദനം നിലയ്ക്കും വരേയ്ക്കും നിനക്ക് കൂട്ടായി ഞാൻ മാത്രം...

No comments:

Post a Comment