Monday, January 20, 2014

നിഴലും നിലാവും

ഡ്രാക്കു, നിന്നിൽ ഞാനൊരു മനുഷ്യസ്നേഹിയെ കാണുന്നു...

കോൾ ഹാഡന്റെ കഥയിലെ ഡ്രാക്കുളയെപ്പോലെ, ജോനാഥൻ ഹാർക്കാറെ, അയാളുടെ വധുവിനെ, റെൻഫീൽഡിനെ, ലേഡി ജെയിനിനെ അങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഡ്രാക്കുള...

"നിന്റെ ചിന്തകളിലെ ഡ്രാക്കുള ഏതോ നോവലിലോ, സിനിമയിലോ ഉള്ള ഒരു കഥാപാത്രത്തോട് സാമ്യം പുലർത്തുന്നു..."

ഞാനറിഞ്ഞിടത്തോളം ഏകാന്തതയാണ് താങ്കളുടെ മനസ്സിലുള്ള ഏക പീഡനം...
വർഷങ്ങൾ, യുഗങ്ങൾ, അതുമല്ലെങ്കിൽ  നൂറ്റാണ്ടുകളുടെ ഏകാന്തത ആയിരിക്കാം...

"എന്റെ സാമീപ്യം താങ്കളെ ചിലപ്പോഴൊക്കെയെങ്കിലും എന്നെ സ്നേഹിക്കുവാൻ പ്രേരിപ്പിക്കാറില്ലേ???
എന്റെ കണ്ണുകളിൽ നിന്നും താങ്കൾ കണ്ണുകളെ വിദൂരതയിലേക്കയക്കുന്ന ഈ നിമിഷത്തിൽപോലും, എന്റെ തോളിലൂടെ അരിച്ചിറങ്ങുന്ന ഈ കൈകൾക്ക് എന്നോടുള്ള അങ്ങയുടെ സ്നേഹത്തെക്കുറിച്ച് പറയുവാനുണ്ട്...
ഒരുപക്ഷെ ശബ്ദിക്കുവാനൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നാ കൈകൾ ആശിക്കുന്നുണ്ടായിരിക്കും...

നിസ്സംഗതയും, നിശബ്ദതയും നിറഞ്ഞ ഈ നിമിഷത്തിൽപോലും ഈ കൈകളിൽ നിന്നൊരിക്കലും അകന്നുപോകുവാൻ ഇടയാകരുതേ എന്ന് ഞാൻ ആത്മാർത്ഥമായി ആശിക്കുന്നു...

തീർത്തുപറഞ്ഞാൽ നിന്റെ നിശബ്ദത എന്നിൽ വ്യസനമുളവാക്കുന്നു, നിന്റെ കൈകളുടെ തലോടൽ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയും...
ഒരേസമയം എന്നിൽ ഈ രണ്ടു വികാരങ്ങളും അനുഭവപ്പെടുന്നതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെടുന്ന ഈ സന്ദർഭത്തിൽ, മൂന്നു വികാരങ്ങൾക്കടിമപ്പെട്ട എന്റെ കണ്ണുകൾ നിറയുന്നു...

"നിന്റെ സാന്നിദ്ധ്യത്തിലെപ്പോഴും ഞാനൊരു കേൾവിക്കാരനായിരിക്കുവാൻ മാത്രം ആഗ്രഹിക്കുന്നു..."

ഡ്രാക്കു...
"നിന്നെ എത്ര ശ്രമിച്ചിട്ടും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കുന്നില്ലല്ലോ..."

"ക്രൂരതകളിൽ ഒളിപ്പിച്ച നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു..."

"ഈ ലോകത്തെക്കുറിച്ച് നീയറിഞ്ഞ രഹസ്സ്യങ്ങൾ, നിന്നെ കൊലക്ക് കൊടുക്കുവാനല്ലാതെ ഒന്നിനും ഉപകാരപ്പെടുകയില്ല പ്രിയപ്പെട്ടവളെ...
മരണത്തിന്റെ കൈകളിലേക്ക് നിന്നെ വിട്ടുകൊടുക്കുവാൻ എനിക്കാവുകയുമില്ല...

"നീയിന്ന് അന്വേഷിച്ചു, കണ്ടെത്തിയ  സത്യങ്ങളും,രഹസ്യങ്ങളുമെല്ലാം മറന്നു കളയുക...
എന്നെക്കുറിച്ച് മറക്കുക...
നമ്മൾ തമ്മിൽ ഒരിക്കലും പരിചയപെട്ടിട്ടില്ല...
ഈ നഗരമുപേക്ഷിച്ച് നീ യാത്രയാകുക...
നിനക്കിവിടെ ബന്ധുക്കളോ, പരിചയക്കാരോ ആരുമില്ല..."

Sunday, January 19, 2014

ഇരുട്ടിന്റെ നിശ്വാസങ്ങൾ

കമ്പ്യൂട്ടർ മോണിറ്ററിൽ നോക്കിയിരുന്ന് അവൾ സമയത്തെ കൊന്നൊടുക്കുവായിരുന്നു...
ഏതാനും നിമിഷങ്ങൾ, അവയെ കൂടി മരണത്തിനു വിട്ടുകൊടുത്താൽ പിന്നെ വീട്ടിൽ പോകാം...
ഈ ജോലിയും, എകാന്തതയുമെല്ലാം അവളെ തികച്ചും അസ്വസ്ഥയാക്കിയിരുന്നു...
എല്ലാമുണ്ടായിട്ടും, എല്ലാവരുമുണ്ടായിട്ടും ഏകാന്തതയുടെ സഹചാരിയായിരുന്നു അവൾ...

ആറുമണി ആകുവാൻ ഇനിയും പതിനഞ്ച് മിനിറ്റുകൾ ബാക്കിയുണ്ട്...

ഇ മെയിൽ എല്ലാം ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവളെ ആകർഷിച്ചുകൊണ്ട് അയാൾ ക്യാബിനിൽ നിന്നും നടന്നുവന്നു...

പ്രത്യേകമായ ഒരു ആകർഷണവും അവനിലില്ല...
കമ്പനിയിൽ പുതിയതായി ചാർജ്ജെടുത്ത ഒരു ഫീൽഡ് എഞ്ചിനീയർ എന്നതിലൊഴികെ...

പക്ഷെ അവന്റെ കണ്ണുകളിലെ മാസ്മരീകത എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളോട്‌...
കറുത്ത ടീ ഷർട്ടും, കറുത്ത ജീൻസുമല്ലാതെ മറ്റൊരു വേഷത്തിൽ അവനെ ഒരാഴ്ചയായി കണ്ടിട്ടേ ഇല്ല...

അവന്റെ കൈകളിലെ കറുത്ത കല്ലുവച്ച മോതിരം പോലും എന്തോ നിഗൂഡതകൾ ആവരണം ചെയ്യപ്പെട്ടവയെപൊലെ അവൾക്ക് തോന്നി...

തികച്ചും യാദൃശ്ചികമായി, എന്നാൽ എന്തോ ഒരു മാസ്മരീക ശക്തി അയാളുടെ വാക്കുകൾക്കുള്ളതുപോലെ അവൾക്കനുഭവപെട്ടു...
ഇതാദ്യമായല്ല ഇങ്ങനെയൊരനുഭവം...
രണ്ടുമൂന്നു തവണയായി ഇതേ വികാരം തന്നെ കീഴ്പ്പെടുത്തുന്നത് എന്നവൾ ഓർത്തു...

ആരാണയാൾ???
ഒരപരിചിതൻ...

എന്തിനാണയാൾ എന്റെ മനസ്സുകൊണ്ട് അമ്മാനമാടുന്നത്???
അയാളുടെ വാക്കുകൾ എന്നെ ആകർഷിക്കുന്നതിനു കാരണമെന്താണ്???

കുഴക്കുന്ന ചോദ്യങ്ങളുടെ നടുവിലവൾ തന്റെ ടേബിളിനു മുന്നിലൂടെ നടന്നുപോകുന്ന അയാളെ നോക്കി വിളിച്ചു...
എന്തിനെന്നോ, എങ്ങിനെയെന്നൊ ഉള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട്...

 "എക്സ്ക്യൂസ്മീ  മിസ്റ്റർ ഡെവിൾ???"

അവനു ഉള്ളിൽ കൊണ്ടിട്ടുണ്ടാവണം ഈ അഭിസംബോധന. ഒരാളും ഒരാളെ പരസ്യമായി ഡെവിൾ എന്ന് വിളിക്കാറില്ല...

മറുപടിക്കായി അധികനേരം കാത്തു നില്ക്കേണ്ടി വന്നില്ല...
അവൻ തിരിഞ്ഞു നിന്നു, മുഖത്ത് പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമൊന്നുമില്ലാതെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"ഹെലോ മാലാഖ, നിനക്ക് സുഖമല്ലേ???"

വിളറി വെളുക്കുന്ന തന്റെ മുഖം എവിടെ ഒളിപ്പിക്കും എന്നവൾ ആലോചിച്ചു.
എന്തുകൊണ്ടെന്നെ അങ്ങനെ അഭിസംബോധന ചെയ്തു എന്നുപോലും ചോദിക്കതെയുള്ള അവന്റെ മറുപടി അവളുടെ മനസ്സിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു...

അവൾ ആലോചിക്കുകയായിരുന്നു; ഇയാൾക്ക് എന്നെ അറിയാമോ, ഒരുപക്ഷെ എന്നെക്കാളും എത്രയോ വർഷങ്ങൾക്ക് ചെറുപ്പമായിരിക്കും ഇയാൾ, അതുമല്ലെങ്കിൽ എന്നെക്കാൾ പ്രായമുള്ള ഒരാൾ...
എന്നിരുന്നാലും  എന്നെ "നീ" എന്ന് ഇത്ര ഉറപ്പിച്ച് വിളിക്കുവാൻ മാത്രം...!

ആ അറിയില്ല...

അരോചകമായ ആ അവസ്ഥയെ തുറന്നു പറയണം എന്നവൾ ആഗ്രഹിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരി മറുപടിയായി നൽകി...

സമയം ആറുമണി ആയിരിക്കുന്നു...
അവൾ വീട്ടിലേക്ക്...

അസ്വസ്ഥമായ മനസ്സോടു കൂടി അവൾ ഉറക്കമുണർന്നു...
സ്വപ്നങ്ങളിലും ചെകുത്താൻ ആക്രമണം തുടങ്ങിയിരിക്കുന്നു...

ജീവിതമാകുന്ന പോരാട്ടത്തിൽ പാതിവഴിയിൽ മുറിവേറ്റു വീണുപോയ തന്റെ ചുറ്റിലും നൃത്തം ചെയ്യുന്ന ചെകുത്താൻമാരുടെ ദുഷിച്ച രീതികൾ സ്വപ്നങ്ങളിൽ പോലും തന്നെ സ്വൈര്യം കെടുത്തുന്നുവോ...

പക്ഷെ, ഇന്നലെ കണ്ട സ്വപ്നത്തിലെ ചെകുത്താന്, ചിരിക്കുവാൻ കഴിയുമായിരുന്നു...
വശ്യമായ പുഞ്ചിരികൾ മറുപടികളായി നൽകിയ ചെകുത്താൻ...
അവളുടെ ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരിച്ചുകൊണ്ട്, എങ്കിലും കുറിക്കു കൊള്ളുന്ന മൂർച്ചയുള്ള മറുപടികൾ നൽകിക്കൊണ്ട് പുൽത്തകിടിയിലൂടെ അവളോടൊപ്പം നടക്കുന്ന ചെകുത്താൻ...

ഒരുപക്ഷേ ഇന്നലെ ഓഫീസിൽ വച്ച് താനുമായി ഏറ്റുമുട്ടിയ ആ ചെകുത്താനായിരിക്കുമോ സ്വപ്നത്തിലും വന്നുപോയത്???

തന്റെ വീട്ടിലെ ചെകുത്താൻ വിട്ടുമാറാത്ത മദ്യത്തിന്റെ ആസക്തിയിൽ കുഴഞ്ഞാടുന്ന കാലുകളോടെ പുറത്തേക്ക് പോകുന്നതവൾ കണ്ടു...

താലിമാലയിൽ കോർത്ത് കുരുങ്ങിപോയ തന്റെ സ്വാതന്ത്ര്യങ്ങളെ, സ്വസ്ഥതകളെ, താനെന്ന സ്വാർഥതകളെ പിന്നെ ചുറുചുറുക്കുളള തന്നിലെ പ്രസരപ്പിനെ എല്ലാം നിശബ്ധമായ സന്ധ്യകളുടെ ചുവപ്പ് ചാലിച്ച ഓർമ്മകളിലേക്ക് ചുരുട്ടിയെറിഞ്ഞ അവസ്ഥയെ ഓർത്തവൾ നെടുവീർപ്പിട്ടു...

വിവാഹമെന്ന കൂദാശയിലൂടെ സാത്താനെ വരിച്ച കന്യകയുടെ അവസ്ഥ അവൾ ഓർത്തുപോയി...

ഇന്നലെ രാത്രി നടന്ന ഒരു കലഹത്തിന്റെ തിണർത്ത പാടുകൾ കവിളിൽ നീറുന്നുണ്ടായിരുന്നു...

ജോലിത്തിരക്കുകൾക്കിടയിൽ ചെകുത്താന്റെ ചലനങ്ങളെ, മറ്റുള്ളവരുമായുള്ള ഇടപെടലുകളെ, അവനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയെല്ലാം അവൾ ഇഴകീറി മുറിച്ചു പോസ്റ്റ്മോർട്ടം ചെയ്തു...

ഇന്നലെ നൽകിയ പുഞ്ചിരിക്ക് അയാൾ മറുപടി ഒന്നും തന്നില്ലല്ലോ???
അല്ലെങ്കിലും ചമ്മിയ ഒരു പുഞ്ചിരിക്ക് എന്ത് മറുപടി നൽകുവനാണ്???

തിരിച്ചാക്രമിക്കുക തന്നെ...
തന്റെ ശീലങ്ങളെയാണ് സ്വയം മാറ്റിമറിക്കുന്നത് എന്ന ചിന്ത അവളിലുണ്ടായിരുന്നുവെങ്കിലും അയാളെ അറിയുവാനുള്ള തീക്ഷ്ണത അവളുടെ ഗൗരവ സ്വഭാവത്തെ പതിയെപതിയെ കീഴ്പ്പെടുത്തുകയായിരുന്നു...

"ഗുഡ് മോർണിംഗ് ഡെവിൾ"

"വെരി ഗുഡ് മോർണിംഗ് സ്വീറ്റ് ഹാർട്ട്‌..."

ഇയാളൊരു പഞ്ചാര ചെകുത്താൻ ആണെന്ന് തോന്നുന്നു...
ചെകുത്താന്റെ വില കളയുവനായി...

"ശൃംഗാരം എനിക്കിഷ്ടമല്ല... മാത്രവുമല്ല ഞാൻ താങ്കളുടെ ശൃംഗാരവാക്കുകൾ കേൾക്കുവാനുള്ള ഒരു അവസ്ഥയിലുമല്ല.."

"അപ്പോൾ പറഞ്ഞു വരുന്നത് അവസ്ഥകൾ മാറിയിരുന്നേൽ എന്റെ ശൃംഗാരം നീ ആസ്വദിച്ചിരുന്നേനെ എന്നാണോ???"

"നോക്കൂ ഡെവിൾ, എനിക്കിഷ്ടമല്ല ഈ ഫ്ലർട്ടിങ്ങ്..."

"ഓക്കേ, അവഗണിക്കുക്ക... മറ്റുള്ളവർ ചെയ്യുന്നതുപോലെ എന്റെ വാക്കുകളെ അവഗണിച്ചു കളയുക"

അന്ന് സമയം കിട്ടിയപ്പോഴൊക്കെ അവൾ അവനുമായി സംസാരിച്ചിരുന്നു...

പിറ്റേന്ന് ജോലിക്ക് വന്ന അവൾ ആദ്യം അവനുമായി സംസാരിക്കുകയാണ് ചെയ്തത്...

അവനുമായി സംസാരിക്കാത്ത നിമിഷങ്ങൾ അവൾക്ക് ആരോചകങ്ങളായി തോന്നി...

അവന്റെ വാക്കുകളിലെ ശൃംഗാരങ്ങൾ സ്വീകാര്യങ്ങളും...

അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളുടെ രോമാകൂപങ്ങളെ ഉണർത്തുന്നത് അവനോടൊപ്പം സംസാരിക്കുമ്പോൾ അവളറിയുന്നുണ്ടായിരുന്നു...
എങ്കിലുമവൻ അവളോട്‌ ഒരിക്കലും അവനിൽ അവളോടുള്ള വികാരവേലിയേറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല...
മറിച്ച് വാക്കുകൾ കൊണ്ടും നോട്ടങ്ങൾക്കൊണ്ടും അവനവളെ ദിനംപ്രതി കീഴ്പ്പെടുത്തികൊണ്ടിരുന്നു...

അവൾ സ്വപ്‌നങ്ങൾ കാണുവാൻ തുടങ്ങി, ദിവാസ്വപ്നങ്ങളിൽ മുഴുകി അവൾ...
ജീവിതത്തിലാദ്യമായി അവൾ രാത്രികളെ, സായാഹ്നങ്ങളെ വാരാന്ത്യങ്ങളെയൊക്കെ വെറുത്തു...
ഓഫീസ് ക്ലോക്കിൽ ആറുമണിയാകും മുമ്പ് വീട്ടിലേക്ക് പുറപ്പെട്ടിരുന്ന അവൾ പല ദിവസങ്ങളിലും അവൻ പോയതിനുശേഷം പുറപ്പെടുവാൻ തുടങ്ങി...

മോഹിക്കുവാൻ അവകാശമില്ലെങ്കിലും അവൾ ആരുമറിയാതെ അവനെ മോഹിച്ചു...

ഒരുപാടുപേരുമായി പരിചയമുണ്ടെങ്കിലും ഇതുപോലൊരു വ്യക്തിയെ, വ്യക്തിത്വത്തെ അവൾ ആദ്യമായി അറിയുകയായിരുന്നു...
പരുക്കൻ സ്വഭാവവും, ഉള്ളിന്റെ ഉള്ളിലെ അവനെ അവഗണിക്കാനാവാത്ത അവന്റെ സ്വീകാര്യതയുമെല്ലാം അവളെ മത്തുപിടിപ്പിച്ചിരുന്നു...

അവളിൽ വെറുപ്പുളവാക്കുമായിരുന്ന മദ്യത്തിന്റെ, സിഗരറ്റിന്റെ ഗന്ധം അവന്റെ അടുത്തിരിക്കുമ്പോൾ യാദൃശ്ചികമായി അവൻ സംസാരിക്കുമ്പോൾ വരുന്ന സിഗരറ്റിന്റെ രൂഷഗന്ധം അവൾക്ക് പ്രിയമുള്ളതായി മാറി...

രാത്രിയുടെ യാമങ്ങളിൽ അവനെന്ന സങ്കല്പത്തിൽ തലയിണകളെ പുൽകി അവൾ അവനോട് രമിച്ചു...

അവനിലെ ചെകുത്താന്, ഒരു മനുഷ്യനെക്കാൾ നന്നായി അവളെ സ്നേഹിക്കുവാൻ കഴിയുമെന്ന് അവൾ അറിയുകയായിരുന്നു...
അവളുടെ സ്വപ്നങ്ങൾക്ക്  നിറങ്ങൾ നൽകിയ ചെകുത്താൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു...
അവൾക്ക് പിന്തിരിഞ്ഞു പോകുവാൻ കഴിയും മുമ്പേ...

ഒരിക്കൽ ചാറ്റൽ മഴ പൊടിഞ്ഞു ഭൂമിയെ തരളിതയാക്കിയ ഒരു സായന്തനത്തിൽ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയ അവളെ അവൻ വാരിപുണർന്നു...
ആ നെറുകിൽ ചുംബിച്ചു...

ആഗ്രഹിച്ചിരുന്നതെങ്കിലും കുതറിമാറുവാനുള്ള അവളുടെ ശ്രമങ്ങൾ അവന്റെ ചുംബനങ്ങളാൽ തോറ്റുപിന്മാറുകയായിരുന്നു...

അവന്റെ ചുംബനങ്ങൾ  നൽകിയ  വിട്ടുമാറാത്ത ആലസ്യത്തിൽ അവൾ കിടക്കുകയായിരുന്നു...
അവനെന്ന സങ്കൽപ്പത്തിൽ അവളുടെ നെഞ്ചിൽ  ആ തലയിണയുമുണ്ടായിരുന്നു...

ആലസ്യത്തിനൊടുവിലെ മയക്കത്തിൽ അവൾ ഒരു നൂൽപാലത്തിന് നടുവിൽ നിൽക്കുന്ന അവളുടെ പ്രതിബിംബത്തെ കണ്ടു...
ഇരുവശങ്ങളിലും അവൾക്ക് നേരെ നോക്കിനിൽക്കുന്ന രണ്ടു രൂപങ്ങളെയും...
ഒരുവശത്ത് അട്ടഹസിച്ചുകൊണ്ട് നിൽക്കുന്ന പിശാചിനെയും, മറുവശത്ത് പുഞ്ചിരിതൂകി അവളെ നോക്കുന്ന പിശാചിനെയും അവൾ കണ്ടു...

തന്നെ കീഴ്പെടുത്തുന്ന അവനെന്ന മൃദുലവികാരങ്ങളെ ഒഴിവാക്കുവാനായി അവൾ ശ്രമിക്കുമ്പോഴൊക്കെയും അവൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു...

അവൾ അവനോട് പറഞ്ഞു...

"നീയൊരു ചെകുത്താനാണ്‌, സ്നേഹമുള്ള ചെകുത്താൻ...
ഞാനകലും തോറും എന്നെ നിന്നിലേക്ക്‌ നിന്റെ മാന്ത്രിക ശക്തിയാൽ നീ വലിച്ചിഴക്കുന്നു..
എന്തിനു നീയെന്നെ ഇത്രയധികം സ്നേഹിക്കുന്നു???
ചെകുത്താന്മാർ ഹൃദയത്തിന് വേണ്ടിയാണ് മനുഷ്യരെ തേടി വരാറുള്ളതെന്നു ഞാനെവിടെയോ വായിച്ചിട്ടുണ്ട്.
അങ്ങനെയെങ്കിൽ  എന്റെ ഹൃദയം നുറുങ്ങിയതാണ്...
ഒരിക്കലും കൂട്ടിയോജിപ്പിക്കുവാൻ കഴിയാത്തവിധം നുറുങ്ങിയത്...
ഇനിയെന്റെ ശരീരമാണ് നിനക്ക് വേണ്ടതെങ്കിൽ, അത് മറ്റൊരു ചെകുത്താൻ ഉപയോഗിച്ചതുമാണ്...
എന്നിൽ നല്ലതൊന്നും തന്നെ അവശേഷിക്കുന്നില്ല...

ഒരിക്കലെങ്കിലും പറയു, എന്തിനു വേണ്ടിയാണ് നീയെന്നെ സ്നേഹിക്കുന്നത്???

അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളാ പുഞ്ചിരി വീണ്ടും കണ്ടു...
നിറഞ്ഞ പുഞ്ചിരിയോടെ അവൻ പറഞ്ഞു...

"നിന്റെ മനസ്സിലെ മുറിവുകളെ ഉണക്കുവാനും തകർന്നുപോയ നിന്റെ ഹൃദയത്തെ കൂട്ടിചേർക്കുവാനും എനിക്ക് സാധിക്കും...
നശ്വരങ്ങളായ ശരീരത്തേക്കാൾ അനശ്വരമായ നിന്റെ മനസ്സിനെയാണ്‌ ഞാനാഗ്രഹിക്കുന്നത്...
നിന്റെ മനസ്സ്, അതാണെനിക്ക് വേണ്ടത്...
അതിനുവേണ്ടിയാണ് ഞാൻ അതിയായി ആഗ്രഹിക്കുന്നത്..."

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു "എനിക്ക് നിന്നെയാണ് വേണ്ടത്..."