Sunday, December 23, 2012

വര്‍ണ്ണക്കടലാസുകള്‍



നിശബ്ദതയുടെ വേദന മറച്ചുകൊണ്ട് കയ്യിലെരിയുന്ന സിഗരറ്റിന്‍റെ നീലച്ചുരുള്‍ പുക അയാള്‍ക്ക് ‌ ചുറ്റും സംരക്ഷണത്തിന്‍റെ ഒരു വലയം സൃഷ്ടിച്ചു.

മകളുടെ കണ്ണുകളിലെ തിളക്കം അയാളെ ഉത്സാഹവാനാക്കുകയായിരുന്നു. ജോജി തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്കി്.

മകള്‍ അയാളുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളും തൊങ്ങലുകളും ചാര്ത്തുന്നതായി അയാളറിഞ്ഞു.

ഒരിക്കല്‍ നഷ്ടപെട്ടുപോയ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും ലോകത്തുനിന്നും വീണ്ടും ജീവിതത്തിന്‍റെ ഊഷ്മളമായ ചുറ്റുപാടുകളിലേക്ക് നടന്നടുക്കുകയാണ് താന്‍ എന്നയാള്‍ക്ക് ‌ തോന്നി.

തനുജയുടെ കണ്ണുകളില്‍ അപ്പച്ഛന്‍ പുതുതായി വാങ്ങികൊടുത്ത കളര്‍ പെന്സിടലിന്‍റെയും അതുപയോഗിച്ച് അവള്‍ വരയ്ക്കാന്‍ പോകുന്ന ചിത്രങ്ങലെക്കുറിച്ചുമുള്ള ആഹ്ലാദ തിരകളായിരുന്നു.

ഇന്ന് മുഴുവന്‍ ഇനി അതുമായി പശുവിനെപ്പോലെ ഇരിക്കുന്ന ആനയെ വരയ്ക്കുകയും ‘ഇതെന്താണെന്ന് പറയാമോ അപ്പച്ഛാ’ എന്ന ചോദ്യം തന്നെ കുരുക്കുകയും ചെയ്യുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ അറിയാതെ ചിരിച്ചു.

‘എന്തിനാ അപ്പച്ഛാ ചിരിക്കണെ’ എന്ന ചോദ്യം കേട്ട് അവളുടെ നുണക്കുഴി കവിളില്‍ തലോടിക്കൊണ്ട് അയാലവളോട് ചോദിച്ചു

‘മോള്‍ ഇന്നെന്തു പടമാ വരയ്ക്കാന്‍ പോകുന്നത്’

കുറച്ചു ദിവസങ്ങള്ക്ക് മുന്‍പ്‌ ഒരു ജീവിയുടെ വാല്‍ മാത്രം പുറത്തേയ്ക്ക് കാണപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം വരച്ചതിനു ശേഷം ‘ഇതെന്താണെന്നറിയാമോ അപ്പച്ചാ’ എന്നും പറഞ്ഞു അതയാളെ കാണിച്ചതും മറ്റും അയാള്‍ ഓര്‍ക്കുകയായിരുന്നു.

ശരീരം മുഴുവന്‍ മറ്റേതോ ഭാഗങ്ങളാല്‍ മൂടപ്പെട്ട ആ ജീവി എതാണെന്നറിയാതെ തോല്‍വി സമ്മതിച്ച് മകളുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ആണ് വാഴക്കുലയുടെ കുടപ്പനുള്ളിലെ പൂക്കളില്‍ നിന്നും തേന്‍ നുകരാന്‍ വന്ന ഒരു അണ്ണാരക്കണ്ണന്‍റെ ചിത്രമാണതെന്ന് അവള്‍ പറഞ്ഞത്‌..

തന്‍റെ അഭിപ്രായത്തിനും മാര്‍ക്കിനും വേണ്ടി വികാരങ്ങള്‍ മിന്നിമറയുന്ന, ആശങ്കകള്‍ നിഴലിച്ച, വിടര്‍ന്ന കണ്ണുകളുമായി നിന്നിരുന്ന മകളെ ആശ്ലേഷിച്ചഭിനന്ദിച്ചപ്പോള്‍ സന്തോഷത്താല്‍ തുടുത്തു വിടര്‍ന്ന ആ കുഞ്ഞുമുഖം മനസ്സില്‍ സന്തോഷം തരുന്നതയാള്‍ അറിഞ്ഞു.

അവള്‍ നല്‍കിയ ഉമ്മകള്‍ തന്‍റെ മനസ്സിനെ തണുപ്പിക്കുന്നതും..

‘അത് പറയൂല അപ്പച്ചന്‍ തനിയെ കണ്ടുപിടിച്ചാല്‍ മതി. അപ്പച്ഛാ ഞാന്‍ പോയി ഇരുന്നു പടം വരച്ചിട്ട് വരാം കേട്ടോ’ എന്നും പറഞ്ഞുകൊണ്ടവള്‍ പുസ്തകങ്ങളും മറ്റും എടുത്ത്‌ അകത്തെ മുറിയിലേയ്ക്ക് പോയപ്പോള്‍ നിശബ്ദതയില്‍ ഏകനായ അയാള്‍ സെറ്റിയിലേയ്ക്ക് തല ചേര്‍ത്ത്‌ ‌ വച്ചുകിടന്നു.

കണ്ണുകള്‍ ഭിത്തിയിലെ ഫ്രെയിം ചെയ്തു വച്ച ചിത്രത്തിലേയ്ക്ക് പാഞ്ഞുകയറി. അവിടെ ഇരുന്നുകൊണ്ട് അപ്പച്ചന്‍റെയും മകളുടെയും വികൃതികള്‍ ആസ്വദിച്ചു ചിരിക്കുന്ന ആ മുഖം അയാള്‍ കണ്ടു.

ആ കണ്ണുകളില്‍ ഇപ്പോഴും അലയടിക്കുന്ന ആശങ്കകള്‍ ഉണ്ടായിരുന്നു.

അവളോട്‌ പലതും ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ശബ്ധിയ്ക്കുവാന്‍ കഴിയാതെ അയാള്‍ തളര്‍ന്ന ശരീരവും മരവിച്ച മനസ്സുമായി സെറ്റിയിലേക്ക് ചാഞ്ഞു.

ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് തന്നെ വലിച്ചുകൊണ്ട് പോകുന്നത് വേദനയോടെ അയാള്‍ അറിഞ്ഞു.

സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി കരയുന്ന കുട്ടിയെ അമ്മ പിടിച്ചു വലിച്ചു സ്കൂള്‍ ബസ്സിലേക്ക് കയറ്റുന്നതുപോലെ, ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ തന്‍റെ മുന്നില്‍ തുറന്നിരുന്നില്ലെങ്കില്‍ എന്നാശിച്ചു കൊണ്ട് പുറകിലേക്ക് മറിയുന്ന നീറുന്ന ഓര്‍മ്മതാളുകളെ മടക്കിയയക്കുവാനാവാതെ വീര്‍പ്പ് മുട്ടിയപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ മനസ്സിലെ മുറിവുകളെ കൊത്തി വലിക്കുകയായിരുന്നു.

അവളോട്‌ വിവാഹം കഴിച്ചു കൊള്ളട്ടെ എന്ന് തുറന്നു ചോദിച്ചപ്പോള്‍ ആശങ്കകളോടെ അകന്നു മാറിയതും,

ഒരുപാട് നാളുകള്‍ തന്നെ ഉറക്കാതെ കിടത്തിയിരുന്ന രാത്രികളിലും മനസ്സ് വേദനയില്‍ നിന്നും നിരാശയില്‍ നിന്നുമൊക്കെ പ്രതീക്ഷകള്‍ക്ക് വഴിമാറിയിരുന്നത് അവളുടെ മുഖം മാത്രമായിരുന്നു.

പ്രതീക്ഷകള്‍ സഫല്യങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, കഴുത്തില്‍ തന്നാല്‍ ചാര്‍ത്തപെട്ട മിന്നില്‍ അയാളുടേത് മാത്രമായ ഏകാന്ത ജീവിതത്തിലേക്ക്‌ കടന്നു വന്ന സ്നേഹവാല്സല്യങ്ങളുടെ പൂന്തോട്ടമായിരുന്നു അവള്‍...

പക്ഷെ ക്രൂരമായി പുറകില്‍ നിന്നും ആഞ്ഞടിച്ച വിധിയുടെ തീ നാളങ്ങളാല്‍ തളര്‍ത്തപെട്ട, ശേഷിയില്ലതാക്കിയ അയാളുടെ മനസ്സില്‍ പ്രതീക്ഷയുടെ ശകലങ്ങള്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

നിനച്ചിരിക്കാതെ തന്‍റെ ജീവിതത്തിലേക്ക്‌ കടന്നു വന്നവള്‍, തികച്ചും അപ്രതീക്ഷിതമായ ഒരു ബന്ധമായിരുന്നു അത്.

സന്തോഷങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാതെ ജീവിതം സുഖകരമായിരുന്നപ്പോള്‍, തനിക്ക്‌ അവകാശപെടാന്‍, തന്നെ സ്വന്തമാക്കാന്‍ തനിക്കുവേണ്ടി മാത്രം ജീവിക്കുവാന്‍ അവളുണ്ടെന്ന സന്തോഷമാണ് അപ്രതീക്ഷിതമായി അവളെ അയാളില്‍ നിന്നകറ്റിയപ്പോള്‍ നഷ്ടമായത്‌..

ഒരിക്കല്‍ പുറത്ത്‌ കോരിച്ചൊരിയുന്ന മഴയുടെ ആഘോഷത്തില്‍ പങ്കുചേര്ന്ന് , ആടിതിമിര്ത്ത് ‌ അണച്ചു൦, കിതച്ചും തളര്ന്ന് ‍ കിതച്ചുകൊണ്ട് തന്റെക ഹൃദയമിടിപ്പിന് കാതോര്ത്ത് ‌ നെഞ്ചില്‍ തലചായ്ച്ച് കിടക്കുന്ന അവളുടെ മുടിയിണകളെ തഴുകുമ്പോള്‍, മഴയുടെ ആരവങ്ങള്‍ കേള്ക്കാ മായിരുന്നു.

ചില്ല് ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴമുത്തുകളെ നോക്കി കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു

‘ഇച്ചായന് എന്നെ എത്രമാത്രം ഇഷ്ടമുണ്ട്’

മറുപടി ആവശ്യമില്ലാത്തതും, എന്നാല്‍ പ്രകടനം ആവശ്യമായതുമായ ഒരു ചോദ്യം...

എത്രയൊക്കെ വിദ്യാസമ്പന്നര്‍ ആണെന്ന് പറഞ്ഞാലും ഉള്ളിന്റെത ഉള്ളില്‍ സ്നേഹിക്കപ്പെടുവാനും, ലാളിക്കപ്പെടുവാനും കൊതിക്കുന്ന മനസ്സില്ലാത്തവര്‍ ആരാണുള്ളത്?

മറുപടി മുത്തങ്ങളായി അവളുടെ നെറുകയില്‍ നിറഞ്ഞപ്പോള്‍, താനാശിച്ച ഉത്തരം ലഭിച്ച സംതൃപ്തിയില്‍ തന്നോട് ചേര്ന്ന് കിടന്നുറങ്ങി തന്നെ നിദ്രയിലെയ്ക്ക് കൊണ്ടുപോയവള്‍ .....

നിറഞ്ഞ വയറുമായി തന്റെവ ചുമലില്‍ പിടിച്ച് നടന്നപ്പോള്‍ അവള്‍ പറഞ്ഞു;

‘ഇച്ചായാ എനിക്ക് പേടിയാവുന്നു. പ്രസവത്തില്‍ ഞാന്‍ മരിച്ചുപോയാലോ?’

മനസ്സിനെ ആശങ്കകളുടെ തുരുത്തില്‍ പ്രവാസത്തിനു വിടുന്ന ഒരു ചോദ്യമായിരുന്നു അത്...

അവളെ ചേര്ത്ത് ‌ പിടിച്ചു തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ട് തന്നിലുണ്ടായ ആശങ്കകളെ ഉറക്കുവാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വീണ്ടും ഒരു കുട്ടി ആയതുപോലെ തോന്നി...

കുട്ടികാലത്ത് ചോര്ന്നൊരലിക്കുന്ന വീടിനുള്ളില്‍ ഇടിവെട്ടി മഴപ്പെയ്യുമ്പോള്‍ അടുത്തിരുന്നു കരയുന്ന അനിയനെ ചേര്ത്തു പിടിച്ച് സ്വയം ധൈര്യമില്ലാതെ അവനു ധൈര്യം നല്കിുയ എട്ട് വയസ്സുകാരന്‍ മനസ്സിലൂടെ നടന്നുപോയി...

അനിയന്റെ് കയ്യില്‍ പിടിച്ചു നാട്ടുവഴികളിലൂടെ നടന്നകലുന്ന എട്ട് വയ്യസ്സുകാരന്‍......

ഒടുവില്‍ ഭയങ്ങളെ യാഥാര്ത്യ്ങ്ങള്ക്ക് നിഷ്ക്കരുണം വിട്ടുകൊടുത്തുകൊണ്ട് മരണത്തിന്റെന തേരില്‍ അവള്‍ പറന്നകന്നപ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്റെല പൊള്ളുന്ന ചൂടില്‍ അയാള്‍ അറിഞ്ഞു.

നഷ്ടങ്ങളുടെ ഈ സെമിത്തേരിയില്‍ ജീവനുള്ള അവളുടെയും തന്റെ യും ജീവന്‍ തുടിക്കുന്ന ഒരു കുഞ്ഞു ശരീരം, അതെ അതവളായിരുന്നു...

തനുജ. തന്‍റെ മകള്‍. തനിക്ക്‌ സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും ഈ ലോകത്ത്‌ ആകെയുള്ള ഒരേയൊരു കൈമുതല്‍...

പാതിവഴിപോലുമാവാതെ വിധിക്ക് കീഴടങ്ങി പോകും മുമ്പ് നീന അയാള്‍ക്ക് നല്‍കിയ മുത്ത്‌.

മകളുടെ ചായകൂട്ടുകള്‍ നിറഞ്ഞ മൃദുലമായ വിരലുകള്‍ മുഖത്തെ കണ്ണുനീര്‍ തുടച്ചുമാറ്റിയപ്പോഴാണ് അയാള്‍ ഓര്‍മ്മളില്‍ നിന്നും ഉണര്‍ന്നത്. വിതുമ്പുന്ന ചുണ്ടുകളോടെ മകള്‍ ചോദിച്ചു

‘അപ്പച്ചനെന്തിനാ കരയുന്നേ?’

മറുപടികള്‍ നിശബ്ദതയുടെ വാസസ്ഥലമായപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി തിരിച്ച് അയാളിലേക്കും.

താന്‍ വരച്ച ഏറ്റവും പുതിയ ചിത്രം അവള്‍ തനിക്ക്‌ കാണിച്ചു തന്നു. വിടര്‍ന്ന കണ്ണുകളോടെ, ആകാഷയില്‍ തുടുത്ത കവിളുകളോടെ..

ആ ചിത്രം.. അതെ അത് തന്നെ കിടപ്പുമുറിയിലെ മേശമേല്‍ വച്ചിരുന്ന അയാളുടെ വിവാഹ ദിനത്തില്‍ എടുത്ത ചിത്രം.

‘അമ്മച്ചിയുടെ മുഖം മുഴുവനായിട്ട് വരയ്ക്കാഞ്ഞതെന്തേ?’

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക്‌ ശേഷം തല കുമ്പിട്ട് വിതുമ്പികൊണ്ട് അവള്‍ പറഞ്ഞു.

‘അതിനു അമ്മച്ചിയെ മോള് കണ്ടിട്ടില്ലല്ലോ അപ്പച്ചാ. പോട്ടം ഒന്നും ശരിയല്ല എനിച്ചു നേരിട്ട് കാണണം. എപ്പയാ അപ്പച്ചാ അമ്മച്ചി വരുന്നത്. മോളെ കാണാന്‍ ഇനിം അമ്മച്ചി എന്താ വരാത്തെ?’

കണ്ണുകളില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ മകളെ അവ്യക്തമാക്കിയപ്പോഴും അവളെ നെഞ്ചോടടക്കി പിടിച്ചു

‘അമ്മച്ചി വരും മോളെ’ എന്ന് മാത്രം പറയുവാന്‍ മാത്രമാണ് അയാള്‍ക്ക് കഴിഞ്ഞത്.

അപ്പോഴും മാലയിട്ട ആ ചിത്രത്തിലിരുന്ന് അവള്‍ അവരെ ആശങ്കകളോടെ നോക്കുന്നുണ്ടായിരുന്നു.......

Tuesday, December 4, 2012

സെലെബ്രേഷന്‍ ദുരന്തം

തൃശ്ശൂര്‍ റൗണ്ടില്‍ ഉള്ള ഒരു ബാറില്‍ മാന്യനായി ഇരുന്നു വെള്ളമടിക്കുന്ന ഒരു ചെറുപ്പക്കാരനും കൂട്ടുകാരനും..

മുന്നില്‍ സെലെബ്രേഷന്‍ വിത്ത്‌ മാങ്ങാ അച്ചാര്‍ ആന്‍ഡ്‌ എഗ്ഗ് ആന്‍ഡ്‌ പീസ്‌ ഇരുന്നു ആ ചെറുപ്പക്കാരെ നോക്കി ചിരിക്കുന്നു...
മൂന്നാം റൗണ്ട് വെടി പൊട്ടികഴിഞ്ഞു സിഗരറ്റ് വലിക്കാനുള്ള ഇടവേള...

സിഗരറ്റിനു തീ കൊളുത്തി ഏതാനും സെക്കണ്ടുകള്‍ക്കുള്ളില്‍ പിറകില്‍ നിന്നും ഒരു അശരീരി

"ഭായ് തീപ്പെട്ടി ഇണ്ടാ?"
പോക്കെറ്റില്‍ കിടന്ന ദുഫായ് ലൈറ്റര്‍ എടുത്തു കൊടുത്ത് നാല് പുകയും വിട്ട് ഒരു കവിള്‍ സെലെബ്രേഷന്‍ നീറ്റായി വലിച്ച് സുഖിച്ചു ഇരുന്ന ചെറുപ്പക്കാരന്‍റെ നേര്‍ക്ക് ഒരു മുഖം നീണ്ട് വന്നു...

"എടാ മൈരേ, കാശ് ചിലവാക്കി നിന്നെ പഠിപ്പിക്കാന്‍ വിട്ടിട്ട് നീ രാവിലെ ബാറില്‍ ഇരുന്നു വെള്ളമടിക്കുന്നോ"

ചെകിടടച്ച് ഒരടി പ്രതീക്ഷിച്ച ചെറുപ്പക്കാരന്‍ പ്രത്യാശയോടെ കൂട്ടുകാരനെ നോക്കി...
ഇരുളില്‍ മറഞ്ഞ അവനെ മനസ്സാ ശപിച്ച് അപ്പന്‍റെ മുഖത്ത് നോക്കി മനസ്സില്‍ ഇങ്ങനെ പറഞ്ഞു അവന്‍.....

"തല്ല്ണ്ടേ തല്ല്..."
"തല്ലും കാത്തിരിക്കാന്‍ വയ്യ"

ഒടുവില്‍ കുടിച്ചു ഓവറായ ചെറുപ്പക്കാരനും അപ്പനും ഒരുമിച്ചു തോളില്‍ കയ്യിട്ട്കൊണ്ട് വീട്ടില്‍ വന്നു കേറുന്നു.
പിന്നീടങ്ങോട്ട് സ്ഥിരമായി മദ്യപാനം ഒരുമിച്ചാകുന്നു, എല്ലാം ശുഭം...

പക്ഷേ, അതീപിന്നെ അപ്പന്‍ കൊണ്ടുവരുന്ന ലൈറ്റര്‍ അവന്‍ അടിച്ചുമാറ്റാറുമില്ല, ഒരുത്തനുമിട്ട് കൊടുക്കാറുമില്ല...

ആ പിന്നെ അപ്പനുള്ളപ്പോള്‍ ഫ്രണ്ട്സ്‌മായി വെള്ളമടിക്കാന്‍ പോകാറുമില്ല...

അപ്പന്‍റെയും കൂട്ടുകാരുടെം കൂടെ വെള്ളമടിച്ചാല്‍ പെട്ടെന്ന് വിസകിട്ടി മേലോട്ട് പോകേണ്ടി വരുമെന്നറിയാവുനതിനാലായിരിക്കും അവന്‍ അന്നങ്ങനെ ചെയ്യാതിരുന്നത്!!!

Tuesday, November 20, 2012

അയാളും ഞാനും തമ്മില്‍



രണ്ടായിരത്തി എട്ട് മെയ്മാസം.

തീയതി ഓര്‍മ്മയില്ലാത്ത ഒരു ഞായറാഴ്ച്ച....!


ഞങ്ങളുടെ അവിടെയുള്ള പിള്ളേര്‍ സെറ്റ് മുഴുവന്‍ കല്യാണം, വീട് താമസം, സിനിമ കാണല്‍ എന്ന ആഗോളപ്രവര്‍ത്തനങ്ങളുമായി വാരാന്ത്യത്തെ ആഘോഷിക്കുമ്പോള്‍ ഞാന്‍ മാത്രം തൃശൂര്‍ വടക്കേ സ്റ്റാന്‍റിലെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക് ബില്‍ഡിങ്ങില്‍ തന്നെ ഉള്ള NIFE ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു.....

ഞാന്‍ മാത്രമല്ല ഹതഭാഗ്യരായ കുറച്ച് പയ്യന്‍സും ഉണ്ട് കൂടെ...
ഇടയ്ക്ക് ചായകുടിക്കാന്‍ താഴേക്ക്‌ വന്നപ്പോള്‍ ബാങ്ക് സെക്യുരിറ്റി അണ്ണനുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ മെലിഞ്ഞുണങ്ങിയ ഒരു രൂപം ഞങ്ങളുടെ അടുത്തേക്ക്‌ വന്നു...

വന്നപാടെ "കുടിക്കതുക്ക് കൊഞ്ചം തണ്ണി കൊടുക്കുമാ??"
അണ്ണന്‍ എന്നെ നോക്കി, ഞാന്‍ അയാളെയും...

കൊണ്ടുവന്ന ഒരു കുപ്പി വെള്ളം മുഴുവന്‍ ഒറ്റയടിക്ക്‌ കുടിച്ച് ഇനിയും ഉണ്ടാകുമോ എന്ന രീതിയില്‍ ഞങ്ങളെ നോക്കിയ ആ മനുഷ്യനെ കണ്ടപ്പോള്‍ എന്തോ എനിക്ക് സങ്കടം തോന്നിപ്പോയി...

വിശദവിവരങ്ങള്‍ അറിഞ്ഞപ്പോള്‍ കണ്ണ്‍ നിറഞ്ഞുപോയി...

അയാള്‍ക്ക് പറയുവാനുണ്ടായിരുന്നത് ഒരു വലിയ കഥ ആയിരുന്നു...
സ്വന്തം അനന്തരവന്‍ അറുപതിനോടടുത്ത അമ്മാവനെ ചതിച്ച കഥ...

മകളുടെ വിവാഹത്തിനായി വീടും പുരയിടവും വിറ്റ് വാങ്ങിയ കാശ് കടയില്‍ സാധനം വാങ്ങി ഒരു ആഴ്ചയ്ക്കകം തിരിച്ചു തരാം എന്ന് പറഞ്ഞ് ഏറണാകുളത്തെ സ്വന്തം കടയിലേക്ക് വന്നതാണ് അനന്തരവന്‍....'.

മാസങ്ങളായി കാണാതിരുന്ന അനന്തരവനെ ഫോണില്‍ വിളിച്ചപ്പോള്‍ അമ്മാവനോട് എറണാകുളത്തു വരുവാനും, കടയില്‍ തിരക്കായതിനാലാണ് വരാതിരുന്നതെന്നും പറഞ്ഞ് വരുത്തിയതാണ് ഇയാളെ എറണാകുളത്തെ കടയിലേക്ക്......

ഏറണാകുളത്ത് എത്തും വരെ അനന്തരവന്‍റെ മൊബൈല്‍ ആക്ടിവ് ആയിരുന്നു. ഇവിടെ എത്തിയപ്പോള്‍ മൊബൈല്‍ ഓഫ്‌ ആയി...

അഡ്രസ്സ് ഇല്ലാത്തതിനാല്‍ എവിടെച്ചെന്ന് അന്വേഷിക്കുവാന്‍?

ഒടുവില്‍ തിരിച്ച് വരുവാന്‍ പോലും കാശില്ലാതെ അയാള്‍ കയ്യിലുള്ള കാശിന് എവിടെ വരെയോ ബസില്‍ വന്നിറങ്ങി.

പിന്നീട് നടക്കുകയായിരുന്നു ഏക വഴി...

പാതിരാത്രിയില്‍ വഴിയിലെങ്ങോ വച്ച് മൂത്രമൊഴിച്ചതിന് ആരോ ആ പാവം മനുഷ്യനെ തല്ലിച്ചതച്ചു.
സദാചാരത്തിന്‍റെ പോലീസുകാര്‍ അന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.'.

ഒരു സാധാരണ മനുഷ്യന്‍, ദിനവും വഞ്ചിക്കപെടുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാള്‍....'...
അങ്ങനെ ചിന്തിക്കുമ്പോഴും അയാളെ കണ്മുന്നില്‍ കാണുമ്പോള്‍, അങ്ങനെ അത്ര പെട്ടെന്നൊന്നും അലിയുന്ന മനസ്സല്ലായിരുന്നിട്ടും എന്‍റെ മനസ്സ്‌ നല്ലവണ്ണം നൊന്തു...

അണ്ണന്‍ തന്‍റെ കയ്യില്‍ നിന്നും ഒരമ്പത് രൂപാ അയാളുടെ കൈകളിലേക്ക്‌ വച്ച് കൊടുത്തപ്പോള്‍, എങ്ങലടിച്ച് കരഞ്ഞ അയാളുടെ മുഖം എനിക്കൊരിക്കലും മറക്കാനാവില്ലായിരുന്നു.

അയാളെ വിളിച്ചുകൊണ്ടുപോയി വയറുനിറയെ ഭക്ഷണവും വാങ്ങികൊടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വണ്ടി കയറ്റി വിടുമ്പോള്‍ എനിക്കയാള്‍ സ്വന്തം വീട്ടില്‍ എപ്പോള്‍ എത്തും, എന്തൊക്കെ പ്രതിസന്ധികളെ ആയിരിക്കും അയാള്‍ക്കിനിയും തരണം ചെയ്യാന്‍ ഉള്ളത് എന്നുമൊക്കെ ആയിരുന്നു ഞാന്‍ മനസ്സില്‍ ആലോചിച്ചുകൊണ്ടിരുന്നത്...!!!

ഒരാളെ സഹായിച്ചതിന് ഇത്രയധികം കഷ്ടപാടുകള്‍ അനുഭവിച്ച ഒരു പിതാവിനെയും, അയാള്‍ വരുന്നതും കാത്തിരിക്കുന്ന ഭാര്യയേയും രണ്ടു പെണ്‍കുട്ടികളെയും ഇടയ്ക്കെങ്കിലും ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല...

Monday, October 15, 2012

ഒരു സസ്പെന്‍ഷന്‍ കാലത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌*


സസ്പെന്‍ഷന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള് വിചാരിക്കുന്ന പോലെ ഗവണ്‍മെന്‍റ് സര്‍വിസില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തതൊന്നുമല്ല.

ഒരു നല്ലകാമുകന്‍റെ കര്‍മ്മം,
അല്ലെങ്കില്‍ ഒരു കാമുകധര്‍മ്മം അതാണ്‌ ഞാന്‍ ചെയ്തത്.
അതിനാണവര്‍ എന്നെ സസ്പെന്‍ഡ്‌ ചെയ്തത്.

പ്ലസ്‌ ടു പഠിച്ചിറങ്ങി വെറുതെ വായും നോക്കി കൊടകര, കോടാലി, വെള്ളികുളങ്ങര, വഴിയമ്പലം കൊളത്തൂര്‍ ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നിരുന്ന കാലത്ത് തോന്നിപ്പോയ ഒരു പിഴവ്!!!

രാഷ്ട്രതന്ത്രത്തില്‍ ബിരുദം നേടി, എല്‍ എല്‍ ബിക്കോ, ജേര്‍ണലിസമോ മറ്റോ പഠിക്കുവാനും, ജോലി ആ മേഖലകളില്‍ ചെയ്യുവാനും തോന്നിയതിന്‍പ്രകാരം പറ്റിപ്പോയ ഒരു തെറ്റ്..

പനമ്പിള്ളി സര്‍ക്കാര്‍ സ്മാരക കോളേജില്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദം പഠിക്കാന്‍ പോകേണ്ടി വന്നു ഈ ഹതഭാഗ്യന്.

പഠനം തുടങ്ങി. വെള്ളമടി, സിനിമാ കാണല്‍, ക്ലാസ്‌ കട്ട് ചെയ്ത് എവിടേലും കിടന്നുറങ്ങി വൈകുന്നേരം വീട്ടില്‍ പോകുക തുടങ്ങിയ മേഖലകളില്‍ ഞാന്‍ പ്രാവീണ്യം നേടിത്തുടങ്ങിയെന്നു വീട്ടില്‍ നിന്നും കോളേജ്‌ ഡിപാര്‍ട്ട്‌മെന്‍റില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയ ഒരു കാലം!!!

മര്യാദയ്ക്ക് മാന്യനായി!!! നടന്ന ഞാന്‍ അറിയാതെ ഒരു പ്രണയത്തില്‍ പോയി ചാടി...

ആദ്യം അവള്‍ മൈന്‍ഡ്‌ ചെയ്തില്ല.
പിന്നെ അവള്‍ പ്രതികരിക്കാന്‍ തുടങ്ങി വിപരീതമായി.
ഞാന്‍ എന്തേലും ചോദിച്ചാല്‍ "പോടാ" എന്നല്ലാതെ അവള്‍ വേറെ ഒന്നും പറയില്ല...

പിന്നൊരിക്കല്‍ അറിഞ്ഞു അവള്‍ടെ അച്ഛന്‍ അയല്‍ക്കാരനെ വെട്ടി ജയിലില്‍ പോയ ബഹുമാന്യന്‍ ആണെന്ന്....

അതും അയല്‍വക്കത്തെ ഒരു ചെറുക്കന്‍ അവളെ നോക്കി എന്തോ പറഞ്ഞതിനാണത്രേ അയാള്‍ വെട്ടിയത്..

പിന്നീടെനിക്കൊന്നും പറയാനും പ്രവൃത്തിക്കാനും ഉണ്ടായിരുന്നില്ല.

ഒരു തടിമാടന്‍ എന്‍റെ കഴുത്തില്‍ വടിവാള്‍ കൊണ്ട് വെട്ടുന്നത് സ്വപ്നം കണ്ടു ഞെട്ടി, ഞെട്ടി ഒച്ചവച്ചു ആളെകൂട്ടിയ എത്രയോ രാത്രികള്‍...., എത്രയോ പുലര്‍ച്ചകള്‍!!!!`!!!

കൂടെയുള്ള സ്നേഹിതന്മാര്‍!!! പറയുന്ന എല്ലാ കഥകളും കേട്ട് മനുഷ്യന്‍റെ നല്ല ജീവന്‍ മോളിലേക്ക് പോകാന്‍ വിസയും സ്റ്റാമ്പ് ചെയ്ത് ടിക്കെറ്റും എടുത്ത് റെഡി ആയിരുന്നു.

ഗള്‍ഫില്‍ പോകാന്‍ ഫ്ലൈറ്റ് കാത്തിരിക്കുന്ന മലയാളിയെപ്പോലെ!!!

അങ്ങനെയിരിക്കേ കോളേജ് ഡേ യുടെ അന്ന് അവള്‍ ഒരു ചെറുപുഞ്ചിരി എനിക്ക് സമ്മാനിച്ചതോടുകൂടി എന്‍റെ സകല സമാധാനവും പോയി...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
അവള്‍ നാണത്താല്‍ തലകുനിച്ച്‌, കാല്‍വിരല്‍കൊണ്ട് കളം വരച്ച്, കോളേജിലെ ലവേര്‍സ് മാവിന്‍റെ ചുവട്ടില്‍ നിന്നുകൊണ്ട് എന്നോട് "ഐ ലവ് യു" എന്ന് പറഞ്ഞതോടെ എന്‍റെ ജീവിതം നിറയെ രക്തത്തില്‍ കുളിച്ച ഞാന്‍ മാത്രമായിരുന്നു, എന്‍റെ സ്വപ്നങ്ങളില്‍...

എപ്പോഴോ ഞാനും പ്രണയത്തിലേക്ക് തിരിച്ചു വന്നപ്പോള്‍ അവള്‍ക്കൊരു സ്പീഡ് പോരായ്മ.!

പണ്ട് കള്ള്കുടിക്കാനോ, ഒരു സിഗരറ്റ് വലിക്കാനോ എന്നെ വിടാത്ത അവള്‍, വല്ലപ്പോഴും ഒരു സിനിമയ്ക്ക് പോകാന്‍ എന്നെ വിടാത്ത അവള്‍ ഇപ്പോള്‍ തീരെ ഉഷാറില്ലാതെയായപ്പോള്‍ ഞാന്‍ വിഷമിച്ചു.

പിന്നെ ഒരു ദിവസം ഞാന്‍ കോളേജ് ഗാര്‍ഡനില്‍കൂടി നടക്കുമ്പോള്‍., തെറ്റിദ്ധരിച്ചിട്ടു യാതൊരു കാര്യവുമില്ല. സംഭവം ക്ലാസില്‍ കഴിഞ്ഞ മൂന്നുമാസമായിട്ട് ക്ലാസില്‍ കയറാത്തതിനാല്‍ പാഠങ്ങളില്‍ ഒന്നും ഒരു ടച്ച്‌ ഇല്ലാത്തതുകൊണ്ടാ ഞാന്‍ ക്ലാസില്‍ കേറാതിരുന്നത്!!!

അല്ലാതെ ക്ലാസ് കട്ട് ചെയ്തതൊന്നുമല്ല. അയ്യേ....!

അന്നായിരുന്നു ഞാന്‍ അതുകണ്ടത്. എന്‍റെ ഗാമുകിയുടെ കൂടെ വേറെ ഒരു കാട്ടുപന്നിക്ക് മീശവച്ച പോലൊരുവന്‍!!!`!!!

ഞാന്‍ ചാടിവീണു....

"ആരെടാ നീ" അവന്‍ ഒന്നും മിണ്ടുന്നില്ല.
"ആരെടി നായിന്‍റെ മോളെ ഈ പന്നി?"

അവള്‍: "എ... എന്‍റെ കസിന്‍ ആണ്"
പിന്നെ അടിയുടെ പൂരമായിരുന്നു!!!

എന്‍റെ പറന്നുള്ള പരാക്രമത്തില്‍ അടിപതറിയ അവന്‍ മതില് ചാടി അവന്‍റെ കറുത്ത പള്‍സറില്‍ കയറി പോയികളഞ്ഞു.
പിന്നെ ഞാന്‍ ആക്രമിച്ചത് അവളെ ആയിരുന്നു...

അവളുടെ കരച്ചില്‍ കേട്ട് കോളേജിലെ സകല ജനങ്ങളും വന്നു. പ്രശ്നം പ്രിന്‍സിയുടെ മുന്നില്‍ എത്തി...

എനിക്ക് ശിക്ഷ വിധിച്ചു. അതെന്നും അങ്ങനെ ആണല്ലോ?

സ്ത്രീകള്‍ക്ക് എവിടെയും മുന്‍ഗണനയാണല്ലോ.
അവര്‍ക്ക് കേസുകളില്‍ ഇളവും...
ആണുങ്ങള്‍ക്ക് എന്നും ശിക്ഷ ആയിരിക്കും....


അങ്ങനെ കോളേജതികൃതര്‍ എന്നെ കോളജില്‍ നിന്നും രണ്ടാഴ്ചയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു...

വിശന്നിരിക്കുന്നവന് ബിരിയാണികിട്ടിയപോലെ ആ രണ്ടാഴ്ച കൂടാതെ ഒരു മാസത്തേക്ക് സ്വയം എന്‍റെ സസ്പെന്‍ഷന്‍ നീട്ടി..

കള്ളുഷാപ്പില്‍ കിടന്നുറങ്ങി, അവളുമായി പ്രേമത്തിലായതിന് ശേഷം കാണാത്ത പടങ്ങള്‍ക്ക് പ്രതികാരമെന്നോണം തീയേറ്ററില്‍ തന്നെയിരുന്നു മൂട്ടയെ പ്രോത്സാഹിപ്പിച്ചു...

കോളേജിനുമുന്നിലെ കോണ്ക്രീറ്റ് പൈപ്പ്കള്‍ക്ക് മേലെ കിടന്നുറങ്ങി..
അങ്ങനെയങ്ങനെ എത്രയോ ആഘോഷങ്ങള്‍..
എന്നാലും ഒന്നോര്‍ക്കണം...

കോളേജ് ഗാര്‍ഡ]നില്‍ വച്ച് സ്വന്തം കസിന്‍ ബ്രദറിനെ ചുംബിച്ച (അതും ഫ്രഞ്ച് കിസ്സ്‌))`) അവളെ ഞാന്‍ അടിച്ചത് തെറ്റാ?? !!!!!!!!!




Thursday, October 11, 2012

ഒരു ഫോണ്‍ ദുരന്തത്തിന്‍റെ ഓര്‍മ്മയില്‍...

കൊല്ലവര്‍ഷം രണ്ടായിരത്തി ഏഴ് മെയ്മാസം.

സംഭവ ബഹുലമായ ആ ദുരന്തം നടക്കുമ്പോള്‍ ഞാന്‍ അന്ന് കേരളത്തിന്‍റെ പച്ചപരവതാനി വിരിച്ച കൊടകര ഗ്രാമത്തില്‍ ആയിരുന്നു....

ഒരു ചെറിയ ചുറ്റികളി...

ഡെയിലി മൂന്നിന് നാലുനേരവും വിളിച്ച് പഞ്ചാര വര്‍ത്തമാനം പറഞ്ഞ് ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്തുപിടിപ്പിക്കും..
അഞ്ചുമിനിറ്റ് സൈക്കിള്‍ സവാരി ചെയ്യേണ്ട ദൂരമേ ഉള്ളൂ മെയിന്‍ ജങ്ക്ഷനില്‍ നിന്ന് എന്‍റെ വീട്ടിലേക്ക്‌..
നടന്നു പോകുകയാണെങ്കില്‍ ഒരു പതിനഞ്ച് അല്ലെങ്കില്‍ ഇരുപതു മിനിറ്റ്‌`
അത്രയും ദൂരം സൈക്കിളില്‍ കവര്‍ ചെയ്യാന്‍ അന്ന് ഞാന്‍ എടുത്തിരുന്ന സമയം അമ്പത്തിയഞ്ച് മിനിറ്റ്...!!!

അവളുടെ കൊഞ്ചലും കുഴയലും ഒക്കെ ഫോണില്‍ ആസ്വദിച്ച്. ഫോണ്‍ പഴുത്ത്‌ എന്നെ "ഇവന്‍ പണ്ടാരമാടങ്ങട്ടെ" എന്ന് പ്രാകിയിരുന്ന ഒരുകാലം...

പ്രതീക്ഷിക്കാതെ ഒരു ഞായറാഴ്ച വീട്ടുപടിക്കല്‍ ഒരു അതിഥി...
എന്‍റെ അപ്പന്‍.
പുള്ളി ആരെയും അറിയിക്കാതെ അങ്ങ് ദുഫായില്‍ നിന്നും ലീവിന് വന്നു...

ആഘോഷം, ബഹളം വിരുന്നുപോക്ക്‌ വിരുന്നു കാരുടെ വരവ്. എനിക്ക് ജോലിയില്‍ നിന്നും ലീവെടുത്ത് വീട്ടില്‍ ആഘോഷങ്ങളില്‍ പങ്കുചേരുക തുടങ്ങിയവയെല്ലാം തകൃതിയായി നടക്കുന്ന സമയം...

അങ്ങനെ അപ്പനുമായി ഒരു ചെറിയ സവാരി നടത്താന്‍ പ്ലാന്‍ ചെയ്ത് കമ്പനി മാനേജറെ വിളിച്ചു തെലുങ്കു ഉറുദുവില്‍ മിക്സ് ചെയ്ത് നല്ല നാല് തെറിയുടെ അകമ്പടിയോടെ ലീവ് എടുക്കുന്നു.

"ഞാന്‍ ചത്തുപോയാല്‍ തന്‍റെ കമ്പനി പൂട്ടുമോടോ" എന്ന് കടുപ്പത്തില്‍ ഡയലോഗുന്നു...

"ആ ഇതിലും ഭേദം നീയൊക്കെ വല്ല പാണ്ടിലോറിയുടെ അടിയിലും പെട്ട് ചാവുന്നതായിരുന്നു" എന്ന മാനേജറുടെ മറുപടി പതിവുപോലെ മൈനെ മൈനെ എന്നങ്ങേരെ ചിരിച്ചുകൊണ്ട് വിളിച്ചും, പിറ്റേന്ന് അതിരപ്പിള്ളിയില്‍ വല്ല്യ പ്രോജെക്റ്റ്‌ തുടങ്ങുകയാണ് വന്നില്ലെങ്കില്‍ വീട്ടില്‍ വന്നു തല്ലും എന്നുമൊക്കെയുള്ള അങ്ങേരുടെ ഡയലോഗ്കള്‍ പുച്ഛിഛും തള്ളുന്നു.

"ജീവനക്കാരുടെ കൂടെ വായിനോക്കാനും, വെള്ളമാടിക്കാനും അവരുടെ തോളില്‍ കയ്യിടാനും പോയാല്‍ ഇങ്ങനെ ഇരിക്കും"
എന്ന് ആത്മഗതം പറഞ്ഞുകൊണ്ട് മാനേജര്‍ സ്കൂട്ടാവുന്നു.

ഇടയ്ക്ക് അവളെ, ഞാന്‍ കണ്ടിട്ടില്ലാത്ത ആ സുന്ദരിയെന്ന്, ഞാന്‍ കരുതുന്ന അവളെ വീടിനടുത്തുള്ള കലുങ്കിലിരുന്ന് ഫോണില്‍ വിളിച്ച് സൊള്ളുന്നു.
പെട്ടെന്ന് അവളുടെ അമ്മ വന്നു കയറിയ ദൃതിയില്‍ "അമ്മ വന്നു ഞാന്‍ പിന്നെ വിളിക്കാം" എന്ന് മൊഴിഞ്ഞ് അവള്‍ ഫോണ്‍ ഓഫ്‌ ചെയ്യുന്നു...
വിരഹം നിറഞ്ഞ മനസ്സുമായി ഞാന്‍ നില്‍ക്കുന്നു.
പിന്നെ അതിന്‍റെ വിഷമം തീര്‍ക്കാന്‍ കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസില്‍ പോയി ഒരു ഗോള്‍ഡ്‌ ഫ്ലേക്കിനു നിത്യശാന്തി നല്‍കുന്നു...
തിരിച്ചിറങ്ങി വന്ന് വീട്ടില്‍ കയറി മരിക്കാറായ ഫോണിനു ഇത്തിരി ഗ്ലൂക്കോസ് (ചാര്‍ജ്ജ്‌)`) കൊടുക്കുന്നു.

വീടിന്‍റെ വരാന്തയില്‍ വന്ന് ഹിറ്റ്ലര്‍ സിനിമയില്‍ മുകേഷ്‌ ചെയ്യുന്ന പോലെ മുകളില്‍ കൈ പിടിച്ച് ആടുന്നു,...
പതിവുപോലെ അഴിഞ്ഞുപോകുന്ന ഉടുമുണ്ടിന്‍റെ കൂടെ താഴോട്ടു ചാടുന്നു.
പെട്ടെന്ന് ഒരു ബൈക്കിന്‍റെ ശബ്ദം ക്ലാ ക്ലീ ക്ലൂ ക്ലൂ! ഞാന്‍ തിരിഞ്ഞുനോക്കി.
അവന്‍.`. എന്‍റെ ആത്മമിത്രം. എവിടെ നിന്നോ ഓസിനു ചാമ്പിയ ഒരു യമഹ ലിബെറോ കൊണ്ട് വരുന്നു എന്നെ ഒരു ചെറിയ ട്രിപ്പിന് വിളിക്കുന്നു.
ഞങ്ങള്‍, അപ്പനും അമ്മയും ഞാനും കറങ്ങാന്‍ പോകുന്നത് കൊണ്ട് ഇപ്പോള്‍ വരാന്‍ മേലാ നാളെ വരാം എന്ന് പറയുന്നു.

ഒരരമണിക്കൂറില്‍ തിരിച്ചെത്തിക്കാം എന്ന അവന്‍റെ ഉറപ്പിന്മേല്‍ അപ്പനോട് ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്‍റെ ബൈക്കില്‍ ചാടികയറിപോകുന്നു...

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

ഏകദേശം ഒരരമണിക്കൂര്‍ കൊണ്ട് ഞാന്‍ തിരിച്ചു വരുന്നു...

പിതാവ് ഉമ്മറത്തുണ്ട്.
സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ആഷ്ട്രേയും കാണാം...
വന്നുകയറിയ പാടെ
"ആരാ കണ്ണാ സംഗീത???"
പെട്ടെന്ന് ഒരു വെള്ളിടി എന്‍റെ ഹൃദയത്തിലൂടെ പെരുവിരലിലെക്കും തലച്ചോറിലേക്കും മിന്നല്‍പിണരുകളുടെ അകമ്പടിയോടെ പോയി.

കാണാനില്ല!!!!

ഫോണ്‍ എന്‍റെ പോക്കറ്റില്‍ ഇല്ല...

അയ്യോ ഗ്ലൂക്കോസ് കൊടുത്ത് ഡൈനിങ്ങ്‌ ടേബിളില്‍ വച്ചിടത്തുനിന്നും അവന്‍റെ കൂടെ ഓടിയ ഓട്ടത്തില്‍ എടുക്കാന്‍ മറന്നു...

ഈശ്വരാ തീര്‍ന്ന്...
ആ പുന്നാരമോള്‍ വിളിച്ചുകാണും
അതിനു ഞാന് അവളുടെ പേര് സംഗീത് എന്നല്ലേ ഇട്ടത്?
ആരും അറിയാതിരിക്കാന്‍...!!`!!!
ഇനി അവള് വല്ലതും പറഞ്ഞ് കാണുമോ?

"അതപ്പച്ചാ എന്‍റെ കൂട്ടുകാരനായിരിക്കും"

"അകത്തേക്ക്‌ വാടാ"
അപ്പന്‍ അകത്തേക്ക്‌ അതും പറഞ്ഞ് പോയി..

മുറ്റത്ത്‌ വലിച്ചു കെട്ടിയ ടാര്‍പ്പായ, പൊന്നിന്കുരിശെടുക്കാന്‍ പള്ളിയിലേക്ക്‌ പോകുന്ന ബന്ധുക്കള്‍., എന്‍റെ അളവിലുള്ള ഒരു മഞ്ച, മൂക്കില്‍ വയ്ക്കാന്‍ പഞ്ഞി, റോസ് വാട്ടര്‍, കരയുന്ന നാട്ടുകാരും ബന്ധുക്കളും, വിലാപയാത്ര അങ്ങനെ ഒരു കൂട്ടം ചിന്തകള്‍ എന്നോട് ചോദിക്കാതെ എന്‍റെ മനസ്സിലൂടെ കടന്നുപോയി!!!

ഞാന്‍ അകത്തുകയറിയ ഉടനെ അമ്മച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു.

ഈശോയേ, സഹതാപം, സ്നേഹം ഇതൊക്കെ ഇവര്‍ക്ക്‌ അന്യമായോ??

അകത്ത് കയറിയ അപ്പന്‍ എന്നെ വെയിറ്റ് ചെയ്യുന്നു. കയ്യില്‍ എന്‍റെ മൊബൈല്‍ ഉണ്ട്...
അപ്പന്‍:`: മകനെ ഇനി പറയ്‌ ആരാ അത്?
ഞാന്‍::`: ആരാ അപ്പച്ചാ എനിക്ക് മനസ്സിലായില്ലെന്നെ

അപ്പന്‍:`: "ആരാണെന്ന് നീ തന്നെ നോക്ക്. എന്തായാലും ഇങ്ങു വാ"
ഞാന്‍ ഭയത്തോടെ അപ്പനോടടുക്കുന്നു..

"കെട്ടിപിടിച്ചൊരു ഉമ്മ, സോറി ഡാ കുട്ടാ അമ്മ ഇപ്പോഴാ പോയെ"എന്ന് പറഞ്ഞ് അപ്പന്‍ ഒരു ഉമ്മ തരുന്നു. കൂടെ ഫോണും.

എന്തോന്നെടെ ഇതൊക്കെ!!! എന്ന് മനസ്സില്‍ ചോദിച്ചു ഞാന്‍ തരിച്ചു നില്‍ക്കുന്നു...

"മേലില്‍ അവളുമാരോടോന്നും ഇങ്ങനെ ഉമ്മ വയ്ക്കരുതെന്ന് പറയാന്‍ പറയണം" എന്ന് പറഞ്ഞ് അപ്പന്‍ പുറത്തേക്ക് പോകുന്നു ഗൗരവത്തില്‍ തന്നെ...

ഈ ഭൂമി എന്താ പിളരാത്തെ?
എന്നെ ഇനിയെങ്കിലും അങ്ങെടുത്തു കൂടെ എന്നൊക്കെ?? ചിന്തിച്ചു നിന്ന എന്നോട് അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല...

കുറച്ചുനേരങ്ങള്‍ക്ക് ശേഷം ഞാന്‍ നേരത്തെ ഇരുന്ന അതേ കലുങ്കില്‍ ഇരുന്നു അവളെ വിളിക്കുന്നു.

അവള്‍:`: "ഹ്... ഹ ഹലോ"

ഞാന്‍:`: "എന്നതാടി നീ കാണിച്ചേ? എന്‍റെ ശബ്ദം ഇതുവരെ തിരിച്ചറിയാന്‍ നീ പഠിച്ചില്ലേ പിശാശേ"

അവള്‍`: "ഞാന്‍ എന്ത് ചെയ്യാനാ നിന്‍റെ ശബ്ദം പോലെ തന്നെയാ നിന്‍റെ അപ്പനും. അപ്പന്‍ ആളൊരു രസികന്‍ ആണല്ലോ? എന്നോട് വളരെ സ്നേഹമായിട്ടാ പെരുമാറിയത്‌.`. ഞാന്‍ ഉമ്മ തന്നത് അപ്പന്‍ നിനക്ക് തരാമെന്നു പറഞ്ഞിട്ട് കിട്ടിയാ? എനിക്ക് ജീവന്‍ ഇല്ലായിരുന്നു. 'ആരാടി നീ' എന്ന ചോദ്യം കേട്ടപ്പോഴേ എനിക്ക് മനസ്സിലായി ആളു മാറിയെന്ന്... എന്നിട്ടെന്തായി..."

ഞാന്‍`: "ഹ്മം കിട്ടിബോധിച്ചു... മേലില്‍ ഇനി അപ്പന്‍ പോകുന്നതുവരെ ഞാന്‍ വിളിക്കാതെ എന്നെ വിളിക്കരുത്‌.. കേട്ടോടി പുല്ലേ...
ഞാന്‍ പിന്നെ വിളിക്കാം...

ബൈ

അവള്‍`: "ബൈ, അയാം സോറി"
**********************************************************************************

പിന്നീട് ചിരിയുടെ അകമ്പടിയോടെ അപ്പന്‍റെ ഡയലോഗ്.
"എടാ, കക്കാന്‍ മാത്രം പഠിച്ചാല്‍ പോര. നിക്കാനും പഠിക്കണം."

"അതുശരി അപ്പോള്‍ നിങ്ങള്‍ ഇവനെ പ്രോത്സാഹിപ്പിക്കുകയാണോ" എന്ന അമ്മയുടെ ചോദ്യത്തിന്
ചിരിച്ചുകൊണ്ട് അപ്പന്‍`: "എടീ അവന്‍റെ വ്യക്തിപരമായ കാര്യത്തില്‍ നമ്മള്‍ വെറുതെ തടസ്സം നിക്കണ്ട"

അമ്മ: "ബെസ്റ്റ് തന്ത!!!. ആഹ് മോന്‍ വല്ല പെണ്ണുങ്ങളെയും വീട്ടില്‍ വിളിച്ചോണ്ട് വരുമ്പോള്‍ മനസ്സിലായിക്കോളും"

അപ്പന്‍`: "എടാ കളി കാര്യമായാല്‍ കെട്ടാന്‍ ഉറപ്പില്ലേല്‍ ഇന്ന് ഇപ്പോള്‍ ഇവിടെ വച്ച് ഈ പരിപാടി നിര്‍ത്തിയെക്കണം. മനസ്സിലായോടാ?"

എന്ത് നല്ല അപ്പന്‍.., അപ്പാ അപ്പനാണെന്‍റെ ഹീറോ

എന്നാലും എന്‍റെ മൊബൈലേ നിനക്ക് വച്ചാല്‍ വച്ചിടത്തു തന്നെ ഇരിക്കാതെ എന്‍റെ പോക്കെറ്റില്‍ കയറി ഇരുന്നുകൂടെ!!!!!!!!!!!!!!!!!!!




("ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി ഇതിനു സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് എന്‍റെ കുറ്റമല്ല")

Tuesday, September 11, 2012

പറയാതെ പോയ പ്രണയമേ




ഏഴാം ക്ലാസില്‍ വച്ച് എമി, നിമി എന്ന ഇരട്ട സഹോദരികളെ എനിമി എന്ന് വിളിച്ചു കളിയാക്കിയതിന്‍റെ വേദന ഇന്നും മനസ്സിലുണ്ട്....

രണ്ടുപേരും അക്രമകാരികള്‍ ആയിരുന്നു. പട്ടാളക്കാരന്‍ ജോസേട്ടന്റെ മക്കള്‍..., പോരാത്തതിന് സ്വന്തമായി പാറമടയും അതില്‍ നിറയെ ആഫ്രിക്കന്‍ മുഷികളും അന്നവരുടെ വീട്ടില്‍ മാത്രമേ ഉള്ളൂ....

ആരേലും മിണ്ടിയാല്‍ ആഫ്രിക്കന്‍ മുഷികള്‍ക്ക് തിന്നാന്‍ മടയില്‍ തള്ളിയിടും എന്നൊരു ഭീഷണിയില്‍ ആ സ്ക്കൂള്‍ മൊത്തം വിറച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് എന്‍റെ ഒറ്റയാള്‍ പോരാട്ടം എന്നോര്‍ക്കണം....

വെടിക്കെട്ടുകാരന്‍റെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നാണല്ലോ ചൊല്ല്. അപ്പന്‍ ഒരു പാറമട തൊഴിലാളി ആയ നമ്മള്‍ക്കുണ്ടോ പേടി...

ഞാന്‍ ഉറക്കെ "എനിമി" എന്ന് വിളിച്ച ഉടനെ എമി ഉണ്ടാക്കണ്ണ്‍ ഉരുട്ടി എന്നെ നോക്കി.
പണ്ടേ ആ ഉണ്ടാക്കണ്ണിയെ പൊടിമീശക്കാരന് (പൊടി പോയിട്ട് ഒരു പാട് പോലുമില്ലായിരുന്നു) ഇഷടമായിരുന്നു.

നിമി ചീറ്റപുലിയെ പോലെ ചീറി....

എമിയുടെ ഉണ്ടക്കണ്ണ്‍കള്‍ നിറഞ്ഞൊഴുകിയപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി.
അവിടെ ഒരു പ്രണയം പൊട്ടിമുളയ്ക്കുവാന്‍ അധികം താമസമൊന്നും ഉണ്ടായിരുന്നില്ല.
ഒടുവില്‍ മനസ്സില്‍ മാത്രം താലോലിച്ചുകൊണ്ട് നടന്ന ഒരു ചെറിയ പ്രണയം കണ്ണുകളിലൂടെ ഞങ്ങള്‍ കൈമാറി.

ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നാണെന്‍റെ ഓര്‍മ്മ.

പക്ഷെ ഒന്ന് മാത്രം വ്യക്തമായിരുന്നു എന്നെ അവള്‍ക്ക് ഇഷ്ടമായിരുന്നു. നുണക്കുഴി വിരിഞ്ഞ ആ ചിരികളില്‍ എന്നെ ഇഷ്ടമാണ് എന്നൊരായിരം വട്ടം അവള്‍ പറഞ്ഞിരുന്നു. എങ്കിലും പരസ്പരം സംസാരിക്കുവാന്‍ രണ്ടു പേരും തുനിഞ്ഞില്ല എന്നതാണ് സത്യം.

കണക്ക് ടീച്ചറും പ്രധാന അധ്യാപികയുമായ സുലോചന ടീച്ചറുടെ കയ്യില്‍ നിന്ന് നിര്‍ലോഭം ശിക്ഷകള്‍ ഞാനും ഒപ്പം അവളും വാങ്ങികൂട്ടിയിരുന്നു.

അന്നൊക്കെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മുന്‍നിരയില്‍ ഇരിക്കുകയും സ്വാഭാവികമായും ഞങ്ങള്‍ കുറച്ചുപേര്‍ ലാസ്റ്റ്‌ ബെഞ്ചില്‍ എത്തുകയും ചെയ്തിരുന്ന ഒരു കാലം...

ക്ലാസ്‌ സമയങ്ങളില്‍ ആണ് പ്രണയിക്കാന്‍ ഏറ്റവും രസകരമായ നിമിഷങ്ങള്‍, വേറെ ഒരു ശല്യങ്ങളും ഉണ്ടാവാറില്ല. പെണ്ണുങ്ങളുടെ മുന്‍നിരയില്‍ നിന്ന് കഷ്ടപ്പെട്ട് അവള്‍ പുറകോട്ടു നോക്കിയിരിക്കും.

എനിക്ക് പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കണ്ണില്‍ നോക്കി ഞങ്ങള്‍ മനസ്സില്‍ എഴുതിയ പ്രേമ ലേഖനങ്ങള്‍ കൈമാറും. പിടിക്കപ്പെടുകയും ചെയ്യും.

അതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു. ഏഴു കഴിഞ്ഞാല്‍ പിന്നെ വേറെ ഹൈ സ്കൂളില്‍ പോകണം.

ആ സ്കൂളിലെ അവസാന ദിവസം മനസ്സില്‍ ഒരുപാട് വിഷമങ്ങളുമായി ഞങ്ങള്‍ പിരിഞ്ഞു. മൗനം സ്വരങ്ങളായി, അവള്‍ മറുപടികള്‍ നോട്ടങ്ങളിലൂടെ എനിക്ക് തന്നു. നടന്നകലുന്ന അവളെ നോക്കി ഞാന്‍ കുറച്ചു നേരം ആ സ്കൂള്‍ ഗേറ്റില്‍ നിന്നു....



*******************************************************************************

വര്‍ഷങ്ങള്‍ക്ക് ശേഷം, ഇമ്മടെ കൊടകര ജങ്ക്ഷനില്‍ വച്ച് വായില്‍ നോക്കി നില്‍ക്കുമ്പോള്‍, ഹോളി ഫാമിലി കോളേജ്‌ യുണിഫോം അണിഞ്ഞ് എന്‍റെ മുന്നിലൂടെ നടന്നു പോയ അവളെ എനിക്ക് മനസ്സിലായില്ല. ബസ്‌ സ്റ്റോപ്പിന്‍റെ ഒരു മൂലയില്‍ ചെന്ന് നിന്നുകൊണ്ട് എന്നെ നോക്കുന്ന അവളുടെ കണ്ണുകള്‍ മനസ്സിലൂടെ ഓര്‍മ്മകളെ ഉണര്‍ത്തി കടന്നുപോയി. ആ കണ്ണുകളില്‍ ഒരുപാട് പരിഭവങ്ങള്‍ ഞാന്‍ കണ്ടു. പക്ഷെ അന്നും എനിക്ക് തിരിച്ചൊന്നും പറയാനായില്ല.....

പറയാതെ പോയ ആ പഴയ പ്രണയത്തിന്‍റെ വേദന ഒന്ന്കൂടി അവളെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു...

അവള്‍ പഴയതിലും കൂടുതല്‍ സുന്ദരി ആയിരിക്കുന്നു...


Monday, August 27, 2012

മാവേലി കണ്ട കക്കൂസ് ...!!



ഒരഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്,

ഒരു തിരുവോണനാള്‍.


രാവിലെ എഴുന്നേറ്റ് പല്ല് തേക്കണോ വേണ്ടയോ എന്ന് സംശയിച്ച് വീടിന്‍റെ കോലായില്‍ എത്ര ഓടുണ്ട് എന്നതിനെ പറ്റി ഞാന്‍ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു. ദിവസവും ചെയ്യുന്നതായതിനാല്‍ ആ പ്രക്രിയ തുടരുന്നതില്‍ എനിക്ക് യാതൊരു മടിയോ മടുപ്പോ ഒന്നും തോന്നിയില്ല.

സാധാരണ ബ്രഷ് വിത്ത്‌ പേസ്റ്റ് കൂടെ ഉണ്ടാവാറുള്ള ഒരു കൃത്യം ആണ് ഞാന്‍ അന്നൊറ്റക്ക് നിര്‍വഹിച്ചുകൊണ്ടിരുന്നത്. പെട്ടെന്നായിരുന്നു അമ്മയുടെ അലറല്‍, എല്ലാരേം നോക്കി നില്‍ക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല പോലും. ചായ തണുക്കുന്നു അത്രേ...

അമ്മക്കൊക്കെ എന്തറിയാം?

നമ്മുടെ ദിനചര്യകളില്‍ ഒന്ന് ചെയ്യാതിരുന്നാലത്തെ അവസ്ഥ!! 
ഹോ ഓര്‍ക്കാന്‍ കൂടി വയ്യ. മുറുമുറുത്തുകൊണ്ട് ഞാന്‍ കുളിമുറിയിലേക്കോടി, മറ്റുള്ളവര്‍ കരുതുന്ന പോലെ അത്ര നിശബ്ധനൊന്നുമല്ല ഞാന്‍.. പിന്നെ, പട്ടിണി കിടന്നു ചാവണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാ. അതും അടുക്കള വിഭാഗത്തിന്‍റെ സര്‍വാധിപതി ആയ അമ്മയോട് ഉടക്കി ഇനി കഞ്ഞി കുടി മുട്ടിക്കാന്‍ മാത്രം എനിക്ക് പറ്റില്ല. അതുമാത്രമല്ല തായംബകം തുടങ്ങിയ വയറിന് ശാന്തി നല്‍കുക എന്ന ഉത്തരവാധിത്ത്വപരമായ കര്‍മ്മം നിര്‍വഹിക്കേണ്ടത് ആവശ്യവുമാണ്.

കുളി കഴിഞ്ഞു വന്ന എന്‍റെ കയ്യില്‍ കിടന്നു ചൂടുള്ള ദോശകള്‍ മരിച്ചു വീണു.

എല്ലാം കഴിഞ്ഞ് വീടിന്‍റെ വരാന്തയില്‍ മാനം നോക്കി കഴിഞ്ഞ് പോയ നിമിഷങ്ങളെ ഓര്‍ത്തെടുത്തു. എന്‍റെ കയ്യില്‍ കിടന്നു പിടഞ്ഞു പിടഞ്ഞ് ജീവനറ്റുപോയ എത്ര ദോശകള്‍ ആയിരുന്നു എന്ന് എത്രയോര്‍ത്തിട്ടും എനിക്ക് മനസ്സിലായില്ല.

ഒരു മുരടനക്കം കേട്ട് തിരിഞ്ഞ് നോക്കിയ എന്‍റെ കണ്ണ് പരമാവധി പുറത്തേക്കുന്തി, വായ നല്ലവണ്ണം തുറന്നു. സ്കിന്നി പാന്‍റും, മെതിയടിയും, മോളിലോട്ട് വരും തോറും മണ്ണെണ്ണ കുനില്‍ കണക്ക് രൂപം വലുതായിക്കൊണ്ടിരിക്കുന്ന ഒരു ശരീരം. ഇട്ടിരിക്കുന്ന ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇപ്പോള്‍ പൊട്ടും എന്നാ അവസ്ഥയിലാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞാന്‍ അരിപ്പ ആകും ഡബിള്‍ ബാരല്‍ ഗണ്ണില്‍ നിന്നും വരുന്ന ഉണ്ട കണക്ക് അവയെന്‍റെ നെഞ്ചില്‍ തുളഞ്ഞു കേറും.

ഇതാരെടാ ഈ പുതിയ ഏടാകൂടം എന്നാലോചിച്ചുകൊണ്ട് ഞാന്‍ അയാളോട് ചോദിച്ചു.

“ആരാ മനസ്സിലായില്ല”

“കക്കൂസെവിടാ?”!!!

അന്ധാളിച്ചു നില്‍ക്കുന്ന എന്‍റെ അടുത്തേക്ക് ഒരു വിധം കഷ്ടപെട്ടുകൊണ്ടയാള്‍ നടന്നടുത്തു. ദയനീയമായി എന്നെ ഒന്ന്‍ നോക്കി. ഞാന്‍ പതിയെ അയാള്‍ക്ക് ടോയ്ലെറ്റ് കാണിച്ചുകൊടുത്തു...

ചിരിച്ചുകൊണ്ട് എന്നെ കടന്നു നടന്നുപോകുന്ന ആ വ്യക്തിയെ ഞാന്‍ നോക്കി നിന്നു. പെട്ടെന്ന്‍ എനിക്കൊരു സംശയം!

ഇങ്ങേരാണോ ഇനി തിരുവോണായിട്ട് പാതാളത്തീന്നു വരണ മാവേലി?

ശരീര പ്രകൃതി ഒക്കെ അത് തന്നെ പക്ഷേ വേഷം!!!

സംശയങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അദ്ദേഹം എന്‍റെ നേരെ നടന്നടുത്തു. “നിങ്ങള്‍ മാവേലി ആണോ?”

എന്‍റെ ചോദ്യത്തിനയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “കുഞ്ഞേ ഞാന്‍ മാവേലി ഒക്കെ തന്നെ പക്ഷേ നാടകത്തില്‍ ആണെന്ന് മാത്രം. ഇന്നലെ ഒരു കളി ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോള്‍ നേരം വൈകി. ഞങ്ങള്‍ എല്ലാവരും കൂട്ടത്തോടെ നടന്നു വരുന്ന വഴിക്ക് ഒരു പട്ടി ഓടിച്ചു. എന്‍റെ കൂടെ ഉള്ളവരൊക്കെ എവിടെയോ പോയി. എനിക്ക് വഴിയും തെറ്റി. പക്ഷേ പട്ടിക്ക് മാത്രം വഴി തെറ്റിയില്ല. എന്നെ തിരഞ്ഞു പിടിച്ചു കടിച്ചു കീറി. എന്‍റെ വസ്ത്രം മുഴുവന്‍ കീറി. ഒടുക്കം ഞാന്‍ ഇവിടെ എത്തി. ഈ ഡ്രസ്സ്‌ ഒക്കെ വരുന്ന വഴി ഒരു വീട്ടിന്‍റെ അയയില്‍ നിന്നും എടുത്തതാ..

ബൈ ദി ബൈ ഇതേതാ സ്ഥലം? എനിക്ക് മുണ്ടൂര്‍ക്ക് പോകണം. എന്‍റെ വീടവിടെയാ...”

ഇത്രേം കേട്ടപ്പോള്‍ ആണ് ഞാനയാളുടെ കാല്‍പാദങ്ങള്‍ മുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സൂക്ഷ്മമായി. പട്ടി ശരിക്കും അര്‍മാദിച്ച ലക്ഷണം കാണാം..

ചിരിയെ അടക്കി പിടിച്ചുകൊണ്ട് ഞാന്‍ തൂണില്‍ പിടിച്ചയാളുടെ മുഖത്തേക്ക് നോക്കി.

ഒടുവില്‍ എനിക്ക് പതിനൊന്നുമണിക്ക് കഴിക്കാന്‍ മാറ്റിവച്ച ദോശയും ചമ്മന്തിയും ചായയും കുടിച്ച് ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു പോകുന്ന ആ മാവേലിയെ നോക്കി ഞാന്‍ നിന്നു.
ഒറിജിനല്‍ മാവേലി എന്ന് വരുമോ എന്തോ?

Wednesday, August 8, 2012

ശനിയാഴ്ചയും കോഴിമുട്ടയും


ഒരു ശനിയാഴ്ച പ്രഭാതം.

സൂര്യന്‍ ഒരു ആവശ്യവുമില്ലാതെ പതിവിലും നേരത്തെ അമേരിക്കേന്നു വടീം കൊടേം പെട്ടീം താങ്ങി മനക്കുളങ്ങര വന്നു ലാന്‍ഡ്‌ ചെയ്തു.

മനക്കുളങ്ങര സ്കൂളിന്‍റെ ഓരോര്‍മ്മയും മനസ്സില്‍ നിര്‍ത്താതെ ഞാന്‍ മായ്ച്ചു കളഞ്ഞു. ഇനി ഞായറാഴ്ച വൈകുന്നേരം ആയാലേ മനസ്സില്‍ മിസ്സിംഗ്‌ ഫീല്‍ ചെയ്യൂ. സ്കൂളിന്‍റെ അല്ല, കഴിഞ്ഞു പോയ ശനിയുടെയും, തീരാന്‍ പോണ ഞായറിന്‍റെം ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു.

"മീശമാധവനില്‍ ദിലീപ്‌ പറയുന്ന പോലെ ഇനി ഒരാഴ്ച്ച എടുക്കും ശനിയേട്ടന്‍ തിരിച്ചു വരാന്‍......................"," എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.

അങ്ങനെ പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ ഞാന്‍ വീടിനു ചുറ്റും ഒരു ചെറിയ "നീരോലി വടി"യുമായി, കണ്ടതൊക്കെ തല്ലി പൊളിച്ചു നടക്കണ സമയം.
"വടി" എന്‍റെ ഒരു സന്തത സഹചാരിയായിരുന്നു. ഇപ്പോഴും കയ്യില്‍ ഒരു വടിയോ കമ്പോ കൊണ്ട് നടക്കുന്നതിനാല്‍ എനിക്കൊരു ഓമനപ്പേര് വീണു. വടിവേലു  :(((
അത് പില്‍ക്കാലത്ത് എന്‍റെ ഔദ്യോഗിക നാമധേയം ആയി മാറിയിരുന്നു.

എന്താന്നറിയില്ല ഇപ്പോഴും ഞാന്‍ ഇടയ്ക്കൊക്കെ ആ സ്വഭാവം കാണിക്കാറുണ്ട്..

"വടിവേലു രാവിലെ തന്നെ എണീറ്റോ?" എന്ന അമ്മയുടെ (അമ്മയുടെ അമ്മ) ചോദ്യം കേട്ടില്ലെന്നു നടിച്ച് ഞാന്‍ ചായക്കടയിലേക്ക് കയറി. അല്ലെങ്കിലും എനിക്കാ പേര് സമ്മാനിച്ച അമ്മയെ എനിക്കത്രയ്ക്കും മതിപ്പ്‌ പോരായിരുന്നു.

ഞാനില്ലെങ്കില്‍ അമ്മ ചായക്കട നടത്തില്ല. അറിയോ?
കാലത്ത്‌ ഞാനാ മനക്കുളങ്ങര സൊസൈറ്റിയില്‍ പോയി ചോറുംപാത്രത്തില്‍ പാല് വാങ്ങീണ്ട് വരണത്.
ആ എന്നോടാണ് ഒരു മര്യാധയുമില്ലാണ്ട് അമ്മേടെ ഈ കളിയാക്കലൊക്കെ...

അന്നുകാലത്ത് കൊടകര, വഴിയമ്പലം, മനക്കുളങ്ങര, ചക്കംകുറ്റി എന്നീ മെട്രോ പൊളിറ്റന്‍  സിറ്റികളുടെ മെയിന്‍ വാര്‍ത്താ മാധ്യമ കേന്ദ്രം ആയിരുന്നു അമ്മയുടെ ചായക്കട.

ന്യൂസ്‌ റീഡര്‍ പദവി അമ്മ തന്നെ നോക്കികോളും.

അന്നൊക്കെ ദോശയും, ചമ്മന്തിയും, പുട്ടും, കടലയും, വെള്ളയപ്പവും ഒക്കെ എന്നെ നോക്കി ചില്ലലമാരയില്‍ ഇരുന്ന് 'എന്നെ ഒന്ന് തിന്നോ' എന്ന് ദയനീയമായി ചോദിക്കുമ്പോള്‍, എന്‍റെ മുഖത്തൊരു പുച്ഛം വിടരുമായിരുന്നു, "പോടാ പുല്ലുകളെ" എന്നുള്ള രീതിയില്‍...
"അമ്മ വീട്ടീന്ന്" എന്‍റെ സ്വന്തം നാട്ടില്‍ക്ക് പറച്ചു നാട്ടപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ അന്നെന്നെ നോക്കി വിതുമ്പാറുള്ള ആഹാരങ്ങളെ ഓര്‍ത്ത്‌ ദീര്‍ഘനിശ്വസങ്ങള്‍ കൊറേ വിട്ടിട്ടുണ്ട്. ഹാ...അത് അവഗണനയുടെ ആകെത്തുകയാണ്.

ഒരു ചില്ല് ഗ്ലാസ്സെടുത്ത് പഞ്ചാര കൂട്ടി , പാല് കൂട്ടി, കപ്പിപൊടി ആവശ്യത്തില്‍ കൂടുതല്‍ വാരികോരിയിട്ട് ഞാന്‍ ഒരു കാപ്പി ഉണ്ടാക്കും. എന്നിട്ട് അവനെ ഒരു കപ്പിലൊഴിച്ച്, കപ്പ് വെള്ളത്തില്‍ വച്ചു ചൂടാറ്റി എടുക്കും. ചൂടാറിയ കാപ്പിയെ ഗ്ലാസ്സില്‍ പകര്‍ത്തുക ഒറ്റ വലി, നീറ്റായി വലിക്കുക. ഗ്ലാസ്സ് കഴുകി വയ്ക്കുക.

ചായകുടി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ശമ്പളം വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാരന്‍ സ്വന്തം ഓഫീസിനെ ഒന്ന് നോക്കണ പോലെ ഒരു നോട്ടമാ. പിന്നെ അമ്മ കാണാണ്ട് ഒറ്റ മുങ്ങല്‍...

അന്നും അതാവര്‍ത്തിച്ചു. ഞാന്‍ മുങ്ങി. പക്ഷെ പൊങ്ങിയത് അച്ഛന്‍റെ (അമ്മയുടെ ആങ്ങള) മുന്നില്‍., കൂടെ മേമയുമുണ്ട്. വല്ലപ്പോഴും കാണുന്ന പ്രതിഭാസം ആണത്. അച്ഛന്‍ വീട്ടില്‍ അങ്ങനെയൊന്നും ഇണ്ടാവണ ആളല്ല. ഗഡി ഭയങ്കര ബിസി ആണ്. ചാലക്കുടിയിലെ കമ്പനിയില്‍ ജോലി ഉള്ള കാരണം എനിക്ക് കാണാനും മിണ്ടാനും ഒക്കെ അവസരം കുറവായിരുന്നു.
ഞാന്‍ എനീക്കുമ്പോള്‍ ചുള്ളന്‍ പോയിട്ടുണ്ടാകും. ഗെഡി പണിയും കഴിഞ്ഞു, ജോസേട്ടന്റെ തീപെട്ടികമ്പനീടെ മുന്നിലുള്ള സ്ഥിരം മീറ്റിങ്ങും കഴിഞ്ഞു ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും.

ചുള്ളന്‍ കാരണം ഞാന്‍ പലരുടെം മുന്നില്‍ നിന്ന് കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. എനിക്കതിനന്ന് ഒരു "ഹരിച്ചന്ധനവും, കുങ്കുമപൂവും" കാണണ്ട കാര്യമുണ്ടായിരുന്നില്ല.

രാവിലെ ഒരു പത്ത്‌ പതിനൊന്നു മണി കഴിഞ്ഞാല്‍ പിന്നെ ചായക്കട ഇല്ല.
അങ്ങനെ ഉള്ളപ്പോള്‍ ഞങ്ങള്‍ അതിനകത്ത് കാണും.
അങ്ങനെ ഒരു ദിവസം ആണ് ചായക്കടയിലെ ടെസ്ക്കിന്മേല്‍ അച്ഛന്‍ ഗഡി ഒരു കൈ വച്ചിട്ട് എന്നോട് "ഇടിക്കെടാ ധൈര്യമുണ്ടെങ്കില്‍""`" എന്ന് പറഞ്ഞത്‌.....
വെല്ലുവിളി?
അതും ഇമ്മളോട്?
ഞാന്‍ എന്‍റെ സര്‍വ്വശക്തിയും എടുത്ത്‌ ആഞ്ഞൊരു കീറ് കൊടുത്തു.
എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു, ഞാന്‍ ഇടിക്കാന്‍ കൈ ഓങ്ങിയപ്പോഴേ ഗെഡി കൈ മാറ്റിയിരുന്നു.
വേദനയുടെ ആക്കം പരമാവധി കൂട്ടുവാന്‍ എന്നില്‍ നിറഞ്ഞു നിന്ന പൈശാചീകശക്തി എന്‍റെ കണ്ണുകളെ മൂടികളഞ്ഞു.
വേദനയുടെ ആഴം എന്‍റെ കണ്ണുകളില്‍ വ്യക്തമായിരുന്നു. അന്നൊക്കെ എന്‍റെ കണ്ണീരിനു ഒരു ക്ഷാമവും ഇല്ലായിരുന്നു.

പണ്ടൊരിക്കല്‍ എന്തോ കുസൃതി ചെയ്തുകൊണ്ട് നിക്കുമ്പോള്‍ അപ്പന്‍ (അമ്മയുടെ അപ്പന്‍)))`)  ഒന്ന് ഉറക്കെ വിളിച്ചേ ഉള്ളൂ "ടാ കന്നാലീ" എന്ന്. ഞെട്ടിത്തിരിഞ്ഞ ഞാന്‍ താഴേക്ക്‌ നോക്കിപ്പോയ എന്‍റെ കാലിലൂടെ ഒരു പുഴ, അതിങ്ങനെ എന്‍റെ ട്രൌസറിന്‍റെ മധ്യഭാഗത്ത് നിന്നും ഉത്ഭവിച്ച്  സിമെന്‍റിട്ട തറയിലൂടെ ഒഴുകി പോകുംമ്പോളേക്കും അടുത്ത അണക്കെട്ട് പൊട്ടി. വളരെ പൈശാചീകവും മൃഗീയവുമായി ഞാന്‍ കരഞ്ഞു. കണ്ണുകളില്‍ കൂടി ഒരു പ്രവാഹാമായിരുന്നു. അപ്രത്തെ വീട്ടിലെ റേഡിയോ എനിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത ഗാനത്തിന്‍റെ ഒരു വരി എന്‍റെ കാതില്‍ മുഴങ്ങിക്കേട്ടു. "ആലുവാപ്പുഴ പിന്നെയുമോഴുകി"..
അത്രയ്ക്കും ധൈര്യ ഷാലി ആയിരുന്നു ഞാന്‍.., ഇതിപ്പോള്‍ അതല്ല സംഭവം,
ഇത് എനിക്ക് ശരിക്കും നൊന്തു.
പ്രതികാരം ചെയ്തെ പറ്റൂ.
ഞാന്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഉറപ്പിച്ചു.
അച്ഛനെ കരയിക്കണം. പക്ഷെ ടെസ്ക്കില്‍ ഞാന്‍ കൈ വച്ചാല്‍ അച്ഛന്‍ ഇടിക്കില്ല.

ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല. എന്‍റെ കൈ നേരെ എന്‍റെ സ്വന്തം നെഞ്ചത്ത് വച്ച് "ഇടിക്കാന്‍ ധൈര്യണ്ടാ?" എന്ന ഭാവത്തില്‍ അച്ഛനെ നോക്കി.
അങ്ങേരു ചിരിച്ചുകൊണ്ടെന്നെ നോക്കി. ഞാന്‍ പറഞ്ഞു.
"അച്ഛന് ധൈര്യണ്ടാ? ഇണ്ടേല്‍ ഒന്നിടിച്ചേ? കാണട്ടെ"
ഇടിയും കഴിഞ്ഞു, ഞാന്‍ വാവിട്ടു കരഞ്ഞു.
ഞാന്‍ കയ്യൊക്കെ വലിച്ചു. ടെമിങ്ങും തെറ്റിയില്ല. പക്ഷെ നെഞ്ചും കൂട് തുറന്നു രണ്ടു മൂന്ന് കിളികള്‍ പറന്നുപോയി. അന്നത്തോടെ ഞാന്‍ ഈ ഡാവുമായുള്ള ഏര്‍പ്പാട് നിര്‍ത്തി വച്ചതാ. അപ്പോഴാണ് ചുള്ളന്‍ എന്‍റെ മുന്നില്‍.., ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമം നടത്തി.

അച്ഛന്‍ മേമയുമായി ഒരു മല്‍സരം നടത്താന്‍ തീരുമാനിച്ചു.
ചായക്കടയില്‍ നിന്നും അമ്മ കാണാതെ ഒരു കോഴിമുട്ട കൊണ്ടുവന്നു. അതിന്‍റെ  പ്രത്യേക രണ്ടറ്റങ്ങളില്‍ മാത്രം അമക്കി മുട്ട പൊട്ടിക്കണം. അമുക്കേണ്ട രണ്ടറ്റങ്ങള്‍ അച്ഛന്‍ പറഞ്ഞുകൊടുത്തു. മേമ വെല്ലുവിളി സ്വീകരിച്ചു.
മല്‍സരം ആരംഭിച്ചു. എനിക്ക് കുറെ കഴിഞ്ഞപ്പോള്‍ ആകാംക്ഷ കൂടി.
ആര് ജയിക്കും?
ആര് തോല്‍ക്കും?
ആരായാലും മല്‍സര തുകയായ സര്‍വത്ത് വെള്ളം എനിക്കും കിട്ടും. എന്നാലും പ്രശ്നം അതല്ല . ആരായാലും ജയിക്കണം. ഇതിപ്പോള്‍ കുറെ നേരായി ഒരു ചെറിയ മുട്ട പോലും പൊട്ടിക്കാന്‍ മേമയ്ക്ക് ആരോഗ്യമില്ലേ?

ഇനി കോഴി പരസ്യത്തിലെ പോലെ ഫെവികോള്‍ പാത്രത്തില്‍ നിന്നും അരി തിന്നിട്ട് ഇട്ട മുട്ടയാണോ?

എന്തായാലും ആകാംക്ഷ എന്നെ ഭ്രാന്ത് പിടിപ്പിക്കുകയും ഞാന്‍ നീങ്ങി നീങ്ങി മേമയും അച്ഛനും നില്‍ക്കുന്നതിന്‍റെ നടുവില്‍ ആവുകയും, മേമയുടെ കൈകള്‍ മുട്ടയേ ആരും കാണാതെ ഒരല്‍പം പൊസിഷന്‍ മാറ്റിയതും ഞാന്‍ കണ്ടു.
"മുട്ട പൊട്ടി" എന്ന എന്‍റെ ഹര്‍ഷാരവത്തിന്,
"ഈശോ" എന്ന് അടക്കിപിടിച്ചുകൊണ്ട് ചിരിക്കുന്ന അച്ഛനേം മേമയേം നോക്കി ഞാന്‍ കുറച്ചു നേരം നിന്നു.
മേമ ജയിച്ചതില്‍ ഞാന്‍ ആഹ്ലാദിച്ചു ചിരിച്ചു. ജോസ്‌ പ്രകാശ്‌ സ്റ്റൈലില്‍ "വെല്‍ ഡണ്‍ മൈ ഗേള്‍"""". എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചോ എന്തോ?

എല്ലാത്തിനും ഒടുക്കം, അവര്‍ അച്ഛനും, മേമയും ഒത്തൊരുമയോടെ, ആഴ്ചയില്‍ ഒരിക്കല്‍ മാത്രം തല കുളിക്കാവൂ എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുള്ള എന്‍റെ തലയൊക്കെ കുളിപ്പിച്ച്, പൌഡര്‍ ഒക്കെ ഇടീച് കുട്ടപ്പനാക്കി ഇരുത്തി.
തലേദിവസം തല കുളിച്ചതാ ഞാന്‍.,

പക്ഷെ ആവേശം കൂടുമ്പോള്‍ നീങ്ങി നീങ്ങി അവരുടെ ഇടയില്‍ പോയി നിന്നപ്പോള്‍, പൊട്ടിയ മുട്ട ഡയറക്റ്റ് വന്നു വീണത് എന്‍റെ തലയില്‍ ആയിരുന്നു.

അങ്ങനെ കോഴിമുട്ടയും എന്നെ തോല്‍പ്പിച്ചു.

തോല്‍വികള്‍ ഇനിയും ഏറ്റുവാങ്ങാന്‍ ജീവിതമിങ്ങനെ വീണ്ടും ബാക്കിയായി.

Saturday, July 28, 2012

അരിമ്പാറയും സമ്മാനവും


ജനിച്ചപ്പോള്‍ മുതല്‍ ദൈവം എനിക്കത് ഇഷ്ടംപോലെ തന്നു.

എന്തൂട്ടാന്നാണോ?

അത് തന്നെ. കഴുത്തില്‍ ഒരു പാലുണ്ണി, കയ്യിലും കാലിലും ശരീരത്തിലും എല്ലാം ആവശ്യത്തില്‍കൂടുതല്‍ കാക്കപുള്ളി (അത്രയ്ക്കൊന്നുമില്ല. കുറച്ച് കൂട്ടി പറഞ്ഞില്ലേല്‍ ഒരു ഇത് ഇണ്ടാവില്ലല്ലോ ലേത്?), ഇതൊന്നും പോരാഞ്ഞ് ഇടത്കാല്‍മുട്ടിലൊരു വല്ല്യ അരിമ്പാറയും.

സന്തോഷം!

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അതൊക്കെ ഭാഗ്യത്തിന്‍റെ അടയാളങ്ങള്‍ ആയി തോന്നിയെങ്കിലും എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ഒരു ഭാഗ്യവും പ്രത്യേകിച്ച് എനിക്കുണ്ടായിട്ടില്ല.

ഉദാഹരണത്തിന് ഞാന്‍ മത്സരിക്കുന്ന ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഞാന്‍ ഇരട്ട സെഞ്ച്വറി അടിച്ചാല്‍ (സംഭവം ചുമ്മാതാ, ഒരു വെയിറ്റിനു ഇരിക്കട്ടെ) കളിതീരും മുമ്പ് അത് മീനവേനല്‍ ആയാല്‍ പോലും മഴ മൂലം കളി നിര്‍ത്തിയും വയ്ക്കും.

ഇനി ഞാന്‍ ലോട്ടറി എടുത്താലോ? അന്നുവരെ ജീവിതത്തില്‍ ഒരു ലോട്ടറി കാണുകപോലും ചെയ്യാത്ത ഏതെങ്കിലും മാന്യന് ലോട്ടറി അടിക്കും.

എന്‍റെ കഷ്ടകാലത്തിന് ഞാന്‍ ഏതെങ്കിലും പെണ്‍കുട്ടിയെ ഒന്ന് പ്രേമിക്കാന്‍ ശ്രമിച്ചാല്‍, അവള് വല്ല കണ്ണ്പൊട്ടന്‍റെയും കൂടെ ഒളിചോടിപോകും.

അത്രയ്ക്കും ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന സുന്ദരനും, സുമുഖനും, സുശീലേച്ചിയുടെ അയല്‍ക്കാരനുമായ ഞാന്‍ അരിമ്പാറ കാലില്‍ ഒരു മഹാവ്യാധി ആണെന്നും സര്‍വോപരി നിക്കറിടുമ്പോള്‍ കാല്‍ മുട്ടിലെ ഈ അരിമ്പാറ എന്‍റെ സൗന്ദര്യത്തിന് കളങ്കം വരുത്തുന്നു എന്ന് മനസ്സിലാക്കുകയും, അതിനെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തതില്‍ എന്താണ് തെറ്റ്?

അത്പക്ഷേ കേട്ടവര്‍ കേട്ടവര്‍ നെറ്റിചുളിച്ചു. അതൊന്നും ശരിയാവില്ല പോലും.
എന്തൂട്ട് ശരിയാവില്ലെന്ന്? എന്‍റെ കാലിലെ ഒഴിയാബാധയായ അരിമ്പാറയെ ഒഴിവാക്കുന്നതില്‍ അവര്‍ക്കെന്തു നഷ്ടം?

അങ്ങനെ അവസാനം എന്‍റെ അമ്മൂമ വേണ്ടി വന്നു എന്നോട് സഹതപിക്കാനും എന്നെ സഹായിക്കാനും.

മരുന്നും കിട്ടി. കിണറ്റില്‍ മുതിര കൊണ്ടിടണം പോലും!

എന്തിന്?

അരിമ്പാറ കൊഴിഞ്ഞുപോകും എന്ന്!!

ഇട്ടു. മുതിര കിണറ്റില്‍ കിടന്ന മീനുകള്‍ക്കൊരാഹാരമായതല്ലാതെ എന്‍റെ അരിമ്പാറ അനങ്ങിയതുപോലുമില്ല.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു സങ്കടം മനസ്സില്‍ ചുമ്മാ ഓടിനടക്കും.
അന്ന് ഞാന്‍ കിണറ്റില്‍ ഇട്ട മുതിര കച്ചോടം ചെയ്തിരുന്നുവെങ്കില്‍ ഇന്നെന്‍റെ കുടുമ്മം രക്ഷപെട്ട് പോയേനെ.

ഹാ പോയ ബ്രേവ്നെസ്സ് ഓട്ടോയില്‍ പോയി വിളിച്ചാലും തിരിച്ച് വരില്ലല്ലോ

അങ്ങനെ വീണ്ടും ഞാന്‍ അരിമ്പാറയെ നോക്കി നെടുവീര്‍പ്പിട്ടു.
അമ്മൂമ അധികം താമസിയാതെ പുതിയ പ്രയോഗവുമായി വന്നു.

ഒരു നീളമുള്ള തലമുടി, മലയാറ്റൂര്‍മല കയറി മലമുകളില്‍ വച്ച് അരിമ്പാറയില്‍ കെട്ടിയിടുക! എന്തിനാ?
സംഭവം ഒരുമാസം കൊണ്ട് അടര്‍ന്നു പോവൂത്രേ!!!!!

ഞാന്‍ പിന്നൊന്നുമാലോചിച്ചില്ല. ഐഡിയ തന്ന അമ്മൂമയുമായി തന്നെ മലയാറ്റൂര്‍ മല കയറാന്‍ തീരുമാനിച്ചുകൊണ്ട് "പൊന്നുംകുരിശു മുത്തപ്പോ പൊന്മല കേറ്റം" എന്ന പ്രാര്‍ത്ഥന മുദ്രാവാക്യം പോലെ ചൊല്ലിപഠിച്ചു കാത്തിരുന്നു.

ഫ്ലൈറ്റ് (ബസ്‌)),) ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. അങ്ങനെ ഒരു ദുഖവെള്ളിയാഴ്ച ഞാന്‍ സന്തോഷത്തോടെ മലയാറ്റൂര്‍ക്ക് വണ്ടി കേറി.
അന്നെനിക്ക് എന്തോ എന്‍റെ പിറന്നാളിനെക്കാളും, ക്രിസ്മസിന് കേക്ക് മുറിക്കുമ്പോള്‍ തുള്ളിചാടുന്നതിനെക്കളും ആഹ്ലാദം ആയിരുന്നു. മലകയറി തുടങ്ങിയപ്പോഴേക്കും എന്‍റെ ആവേശം സങ്കടത്തിലേക്ക് കൂപ്പുകുത്തി.

പ്രതീക്ഷിച്ചപോലെ ഒരു സുഖവുമില്ല ഈ മലകയറാന്‍.
കുറച്ച്കേറി കഴിഞ്ഞപ്പോള്‍ എന്‍റെ ആവേശം തളര്‍ന്നു.
ഇത്തിരി വെള്ളം കുടിപ്പിച്ച് അമ്മാമ എന്നെ വീണ്ടും നടത്തി,
എന്‍റെ ആവേശം അണയാറായി. ഞാന്‍ വീണ്ടും തളര്‍ന്നൊരു പാറയില്‍ കിടന്നു.
അമ്മാമ വിടുമോ പിന്നേം വെള്ളം ആഫ്റ്റര്‍ നടത്തം. എന്‍റെ ആവേശം കെട്ടു.
മുകളില്‍ എത്തിയപ്പോഴേക്കും എന്‍റെ ആവേശം മരിച്ച് അതിന്‍റെ ഏഴും, പതിനൊന്നും കഴിഞ്ഞ് നാല്‍പ്പത്തിയൊന്നിന് കുര്‍ബാന കൂടുകയായിരുന്നു.

എങ്കിലും അമ്മാമ എന്നെ കുരിശുവരപ്പിച്ച്, എന്‍റെ അരിമ്പാറയില്‍ മുടികൊണ്ട് താലികെട്ടി. ഈ ബന്ധം എത്രയും പെട്ടെന്നെന്നെ ഉപേക്ഷിച്ച് പോകണേ കര്‍ത്താവേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.

അരിമ്പാറ പോയിക്കഴിഞ്ഞ് അവിടെ വെളുത്തിരിക്കുമോ? അതോ കറുത്തിരിക്കുമോ? അരിമ്പാറ പോയ ഇടം മാത്രം കറുത്തിരുന്നാല്‍ കൊള്ളാമായിരുന്നു. കാരണം ബാക്കി ദേഹം മുഴുവന്‍ തൊള്ളായിരത്തി പതിനാറു ബീട്ട്രൂറ്റ്‌ ഗ്യാരണ്ടി കളര്‍ ആയതോണ്ട് കറുപ്പ് ഇങ്ങനെ എടുത്ത് നില്‍ക്കും (എവിടെ?) എന്നുള്ള ശുഭാപ്‌തിവിശ്വാസങ്ങളും, ആശങ്കകളും, ചിന്തകളും വ്യാകുലപെടുത്തിയ മനസ്സുമായി ഞാന്‍ മലയിറങ്ങി.

തുടര്‍ ദിനങ്ങളില്‍ കാലത്ത്‌ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അരിമ്പാറയെ സൂക്ഷിച്ചു നോക്കിത്തുടങ്ങി. എന്തെങ്കിലും മാറ്റം ഉണ്ടോന്നറിയാന്‍ വേണ്ടി.

അവിടേയും ഭാഗ്യദേവത എന്നെ തുണച്ചു. അരിമ്പാറയിലെ താലിച്ചരട് രണ്ടാം ദിവസം പൊട്ടിപോയി.

അരിമ്പാറ തൃശൂര്‍ റൌണ്ടില്‍ കാക്കകള്‍ പറന്നും, നടന്നും, ഇരുന്നും ഷിറ്റിയിട്ടും കുലുങ്ങാത്ത ശക്തന്‍ തമ്പുരാന്‍റെ പ്രതിമയെപ്പോലെ എന്നെ നോക്കി നിന്നു. സങ്കടം കൊണ്ടെന്‍റെ കണ്ണില്‍ ഇരുട്ട് കേറി. ഈ മാരണത്തെ ഒഴിപ്പിക്കാന്‍ വേണ്ടി  കല്ലും മുള്ളും ചവിട്ടി മല കേറിയത് വെറുതെ ആയല്ലോ എന്നോര്‍ത്ത് ഞാന്‍ വിങ്ങിപൊട്ടി, ഒരു രക്ഷയുമില്ല. ഈ കുരുപ്പ് എന്നേം കൊണ്ടെ പോകൂ എന്ന് ഞാന്‍ ഉറപ്പിച്ചു.

നിരാശയിലും, വേദനയിലും തള്ളിനീക്കിയ കുറച്ച് ദിനരാത്രങ്ങള്‍ക്ക് ശേഷം
പ്രത്യേകിച്ചൊരു മുന്‍കരുതലൊന്നുമില്ലാതെ ഒരുദിവസം പ്രതീക്ഷിക്കാതെ വെളുപ്പിന് അഞ്ച് മണിക്ക് മുമ്പ് തന്നെ പ്രഭാതം പൊട്ടിവിരിഞ്ഞു.
ഒരുമാതിരി ആളെകളിയാക്കുന്ന പരിപാടി....

ഞാന്‍ എണീറ്റ്‌ പതിവുപോലെ സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പില്‍ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞ് സമയനെ കൊന്നുകൊണ്ടിരുന്നു. കൃത്യം സമയമായപ്പോള്‍ മടിപിടിച്ച മനസ്സുമായി അടിയെപേടിച്ച് ഞാന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായി.

അന്നെനിക്ക് സ്കൂളില്‍ വച്ച് ക്ലാസില്‍ പഠിച്ച് ഒന്നാമന്‍ ആയതിന്‍റെ സമ്മാനം കിട്ടി. എന്‍റെ  സ്കൂള്‍ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയുമായ ഒന്നാംസ്ഥാനം. എന്‍റെ മേമയുടെ (അമ്മയുടെ അനിയത്തി) അടിയും, പിച്ചും അവസാനം എന്നെ ഒന്നാം റാങ്ക്കാരനാക്കി. സ്റ്റേജില്‍ കേറിയപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു. ഇനി ഞാന്‍ തന്നെയല്ലേ? സമ്മാനം വാങ്ങേണ്ടത്? നമ്മള്‍ക്കിതൊക്കെ അന്വേഷിക്കാന്‍ സമയം എവിടെ കിടക്കുന്നു. ജയിച്ചോ തോറ്റോ എന്നുപോലും അറിയില്ല.
എന്തായാലും ഞാന്‍ സമ്മാനം വാങ്ങാന്‍ തീരുമാനിച്ചു.

സമ്മാനം കിട്ടിയ സര്‍ട്ടിഫിക്കേറ്റും ഗ്ലാസും (സ്റ്റീലിന്‍റെ) കൊണ്ട് ഞാന്‍ ഓടി. മേമേടെ അടുത്തേക്ക്‌., എവിടേം നിന്നില്ല. ഒട്ടത്തോട് ഓട്ടം.
ഓടിവഴികള്‍ താണ്ടി, കനാലിന്‍റെ അടുത്തേക്ക്‌ വിജയലക്ഷ്യത്തിലേക്ക്‌ കുതിക്കുന്ന മാരത്തോണ്‍ ഓട്ടക്കാരനെപോലെ ഞാന്‍ ഓടി. മേമയുടെ മുന്നില്‍ വിജയശ്രീലാളിതന്‍ ആയി നില്‍ക്കാന്‍ ഒരു മോഹം.
പ്തുക്കോ!!!!!!

ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു. ഭൂമിദേവിയെ ചുംബിക്കാന്‍ എനിക്കൊരവസരം തന്നു...
തികച്ചും അപ്രതീക്ഷിതമായ ഒരനുഗ്രഹം ആയിരുന്നു അത്.
പെട്ടെന്ന് അറിയിക്കാതിരുന്നതുകൊണ്ട് ഭൂമിദേവിക്ക് കാഴ്ചവെയ്ക്കാന്‍ എന്‍റെ മുന്‍നിരയിലെ പുഴു തിന്നാത്ത നല്ലൊന്നാന്തരം പല്ല് മാത്രമേ അന്നേരം എന്‍റെ കയ്യിലുണ്ടായിരുന്നുള്ളൂ... കൂടെ ഒരല്‍പം രക്തവും.

ഉരുണ്ടു പിരണ്ട് ഞാന്‍ പയ്യെ എണീറ്റ്‌ ചുറ്റിനും നോക്കി. എന്‍റെ കഷ്ടകാലത്തിന് അവിടെ ഒരു മനുഷ്യന്‍പോലും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വാവിട്ടു കരഞ്ഞ് ഒന്ന് അര്‍മാധിക്കാം എന്ന് വിചാരിച്ച എന്‍റെ കണക്ക്കൂട്ടലുകള്‍ തെറ്റി.

തെറ്റിയ കണക്ക് കൂട്ടലുകള്‍ നിശബ്ദതയുടെ കണ്ണീര്‍ മുത്തുകളായി.

വായില്‍ ഉപ്പും, ചുരുട്ടി പിടിച്ച ഇടതുകയ്യില്‍ ഭൂമിയില്‍ പതിച്ച എന്‍റെ പല്ലും, മറുകയ്യില്‍ സര്‍ട്ടിഫിക്കറ്റും, പിന്നെ ഗ്ലാസ്സും മേലാസകാലം പൊടിയും മണ്ണും, ട്രൌസറില്‍ അവിടവിടെ ചെറിയ ഓട്ടകളും, പപ്പടകളര്‍ ഷര്‍ട്ട് ചുമന്നുമിരുന്നു. അങ്ങനെ വല്ല്യ പരിക്കുകള്‍ ഒന്നും പറ്റാതെ, വീഴ്ച നല്‍കിയ ആഘാതം കണക്കിലെടുക്കാതെ ഞാന്‍ വീട്ടില്‍ വന്നു കയറി.

എന്നെ കണ്ട മേമ ഒന്ന് ഉറക്കെ ഒച്ചവച്ചു.

അത് പിന്നെ, സമ്മാനം കിട്ടിയ സര്‍ട്ടിഫിക്കറ്റ് നിറയെ രക്തവും, ചെളിയും, കൂടാതെ രണ്ടുമൂന്ന് ഓട്ടയും, സ്റ്റീല്‍ ഗ്ലാസ്സ് സ്വല്പം ചെളുങ്ങിയ ഗ്ലാസ്സാണോ കപ്പാണോ എന്ന അവസ്ഥയുമായി അതില്‍ നിറയെ ഉരുളന്‍ ചരല്‍ നിറഞ്ഞത് കൊട്നും ആവാം എന്ന് കരുതി ഞാന്‍ സമാധാനിച്ചു. പിന്നെ എന്‍റെ വേഷഭൂഷാധികള്‍ ആരെയും ഹരം കൊള്ളിക്കുന്നവയും ആയിരുന്നല്ലോ?

അതിന്‍റെ സന്തോഷത്തില്‍ മേമ കൂക്കി വിളിച്ചതായിരിക്കും എന്ന് കരുതിയ ഞാന്‍ അപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിച്ചത്. എന്‍റെ ഇടതുകാല്‍മുട്ടില്‍ ഒരു വേദന. നോക്കിയപ്പോള്‍ എന്‍റെ അരിമ്പാറ കാണാനില്ല!!

എവിടെപ്പോയി? എന്നാലോചിക്കുമ്പോള്‍ അവിടെ ഒരു കുഞ്ഞിക്കല്ല് ഇരിക്കുന്നു... ഇതെന്ത് കോപ്പാ എന്‍റെ അരിമ്പാറ കല്ല്‌ തിന്നോ? അതോ ഇനി രാജിവച്ച് എന്നോട് പിണങ്ങിപ്പോയോ?

ഒന്നും മിണ്ടാതെ നിന്ന ഞാന്‍ മേമയുടെ മുഖത്തേക്ക്‌ ''ഞാന്‍ ഇത്രേം ചെയ്തിട്ടും ചീത്തവിളിക്കുന്നില്ലേ?" എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ എനിക്ക് വീണ്ടും ഒരു കാര്യം മനസ്സിലായി. മേമയുടെ സംസാരശേഷി നഷ്ടപെട്ടിരിക്കുന്നു. അനങ്ങുന്ന ചുണ്ടുകളില്‍കൂടി ശബ്ദം പുറത്തേക്ക് പ്രവഹിക്കുന്നില്ല.

ഒടുക്കം ഒന്നുറങ്ങി എണീറ്റ ഞാന്‍ വീഴ്ചയുടെ ആഘാതത്തില്‍ നിന്നും ഒരുവിധം മോചിതനായപ്പോളാണ് നല്ല മണി മണി പോലെ സംസാരിക്കുന്ന എന്‍റെ മേമയെ ഞാന്‍ കണ്ടത്‌
മേമയുടെ സംസാരശേഷി നഷ്ടപെട്ടില്ല എന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കി.
മേമയുടെ ആദ്യത്തെ അലര്‍ച്ചയില്‍ തന്നെ എന്‍റെ ചെവി പേടിച്ച് ബോധം കേട്ടതുകൊണ്ടാണ് എനിക്ക് പിന്നീട് പറഞ്ഞ സിനിമാകഥകള്‍ ഒന്നും കേള്‍ക്കാതിരുന്നതെന്നും,
ഭൂമിദേവി എന്നെ ആലിംഗനം ചെയ്തപ്പോള്‍ ഞാന്‍ ദക്ഷിണയായി പല്ല് മാത്രമല്ല, ഇടതു കാല്‍മുട്ടിലെ അരിമ്പാറയും സമര്‍പ്പിച്ചിരുന്നുവെന്നും ആ അരിമ്പാറയുടെ മേല്‍ഭാഗത്തെ തൊലി പോയി അതൊരു വലിയ പാലുണ്ണി പോലെ മിനുസമുള്ളതായിത്തീര്‍ന്നിരിക്കുന്നു എന്നുമൊക്കെ ഞാന്‍ അറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

കാര്യങ്ങളെല്ലാം എന്‍റെ കൈവിട്ട് പോയിരുന്നു.

അങ്ങനെ പാലുണ്ണിയായി മാറിയ അരിമ്പാറയും, സര്‍ട്ടിഫിക്കറ്റും ഗ്ലാസ്സും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്നു.

Saturday, July 21, 2012

ജനനം അഥവാ പുറപ്പാട്

1986 ജനുവരി 1ലെ ഒരു തണുത്ത പ്രഭാതം....

സമയം ഏതാണ്ട് ഒരു രണ്ടു രണ്ടര ആയിക്കാണും...

തൃശ്ശൂര്‍ ജില്ലയിലെ കൊടകരയ്ക്കടുത്തുള്ള ആളൂര്‍ ഗവണ്മെന്‍റ് ആശുപത്രിയുടെ ലേബര്‍ മുറിയുടെ വാതിലില്‍ രണ്ട് രൂപങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ഒന്ന് അകത്ത് പ്രസവിക്കാന്‍ പോയിരിക്കുന്ന മഹതിയുടെ അപ്പനും, മറ്റേത് പ്രസ്തുത അമ്മായി അപ്പനും.
ചുമരിനോട് ചേര്‍ന്നിട്ടിരിക്കുന്ന ഒരു അഴികളുള്ള ബെഞ്ചില്‍ രണ്ട് സ്ത്രീരൂപങ്ങള്‍. ഉറങ്ങണോ? വേണ്ടായോ? എന്ന് ചിന്തിച്ച് ഇടയ്ക്കിടയ്ക്ക് തല കുമ്പിടുന്ന പ്രക്രിയ ഇടതടവില്ലാതെ തുടന്നുകൊണ്ടേ ഇരിക്കുന്നു. അവരാണ്, അകത്തെന്ത്‌ നടക്കുന്നു എന്നറിയാതെ, ആശുപത്രി വരാന്തയില്‍ പരക്കം പായുന്ന  പുരുഷ കേസരികളുടെ വാമഭാഗങ്ങള്‍....!!.

പെട്ടെന്ന് ദിഗന്തങ്ങള്‍ ഭേധിക്കുമാറ് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു....

ഉലാത്തുന്ന ആണുങ്ങള്‍ വാതിലിനു മുന്നിലേക്കോടി, ഉറക്കം തൂങ്ങിയ സ്ത്രീജനങ്ങള്‍ പാതിരാത്രിയില്‍ തങ്ങളുടെ ഉറക്കം നഷ്ടപെടുത്തിയ ആ അട്ടഹാസം തങ്ങളില്‍ ആരെങ്കിലുമാണോ പുറപ്പെടുവിച്ചത് എന്നറിയാതെ മുഖത്തോട് മുഖം നോക്കി കോട്ടുവായിട്ടു.


അങ്ങനെ ഞാന്‍ ഭൂജാതനായി. പണ്ട് യേശുക്രിസ്തു ജനിച്ചപ്പോള്‍ ആകാശത്ത് നക്ഷത്രം ഉദിച്ചെങ്കില്‍ എന്‍റെ ജനനസമയത്ത് ആകാശത്ത്‌ നഷത്രം മാത്രമല്ല, അമിട്ടും, പടക്കവും, കമ്പിത്തിരി, പൂത്തിരി, മത്താപ്പും ലോകം മുഴുവന്‍ പ്രകാശം പരത്തി, അതെന്‍റെ ജനനത്തിന്‍റെ മഹാത്മ്യം കൊണ്ടൊന്നുമല്ല, അന്ന് "ജനുവരി ഒന്ന്" ആയിരുന്നു, അതായത്‌ "ന്യൂ ഇയര്‍"

വയറ്റില്‍ വച്ച് തന്നെ ഞാന്‍ കളരിയും, കരാട്ടെയും തപാല്‍ വഴി അഭ്യസിച്ചിരുന്നത് കൊണ്ട് തന്നെ പിറന്നു വീണ ഉടനെ ഞാന്‍ ഭൂമിയിലെ പ്രാക്ടീസ്‌ തുടങ്ങി എന്നാണു കേട്ടുകേള്‍വി. എന്നെ കരിവാരിത്തേക്കാന്‍ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന ഓരോ അപവാദങ്ങള്‍ ആയി മാത്രേ നമ്മള്‍ ഇതൊകെ കേട്ടിട്ടുള്ളൂ. അന്നും ഇന്നും.

അമ്മവീട്ടിലും അപ്പന്‍റെ ഭവനത്തിലും ഭയങ്കര ആഘോഷം.
"എന്തൂട്ടാ സംഭവം? എന്തുകോപ്പിനാ ഈ സാധനങ്ങള്‍ ഒരു കൊച്ചുണ്ടായിന്നും പറഞ്ഞ് ഇത്രേം അഭ്യാസം കാണിക്കണേ? ലോകത്തൊന്നും ക്ടാങ്ങള്‍ ഉണ്ടായിട്ടില്ല്യെ?"
എന്നൊക്കെ പറയുന്ന കുശുമ്പന്‍മാരായ നാട്ടുകര്‍ക്ക് കഥകള്‍ വല്ലതും അറിയുമോ?
രണ്ടു കുടുംബങ്ങളിലെയും കടിഞ്ഞൂല്‍ സന്തതികള്‍ക്കുണ്ടായ, മുതുകില്‍ ഭാഗ്യത്തിന്‍റെതായ ഒരു കറുത്ത മറുകോടുകൂടി പിറന്ന, ആരോഗ്യമുള്ള   തറവാടിന്‍റെ പുതിയ കിരീടാവകാശി ആണ് ഞാന്‍... ആനന്ധലബ്ധിക്കിനി വേറെന്തു വേണം?

പക്ഷെ കാര്യങ്ങള്‍ കുഴപ്പത്തിലായത് എനിക്ക് ഒരു എട്ടു ഒന്‍പതു വയസായതി ശേഷമാണ്.
ജനനം മുതല്‍ ഞാന്‍ വളരെ "ഡീസെന്‍റ്" ആന്‍ഡ്‌ "പാവം" ആയതിനാല്‍ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാണ് എന്‍റെ അവകാശവാദം. പക്ഷെ അത് തെറ്റാണെന്നാണെന്‍റെ അമ്മയുടെ ഒപ്പോസിഷന്‍..

ജനിച്ച് മാസങ്ങള്‍ പ്രായമുള്ള പല രാത്രികളിലും ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ കരഞ്ഞു തളര്‍ന്ന എന്നെയും കൊണ്ട് ആശുപത്രിയിലേക്കൊടുന്ന വേളയില്‍ പാതിവഴിയില്‍ വച്ച്  പിറകില്‍ വരുന്ന എന്‍റെ ഇളയപ്പനെ നോക്കി ഞാന്‍ ചിരിക്കുമാത്രേ, തുടര്‍ന്ന് ചീത്തവിളികളുടെ അകമ്പടിയോടെ വീട്ടില്‍ കൊണ്ട് വരും എന്നതുമാണ് അമ്മയും കൂട്ടാളികളും എന്‍റെ നേര്‍ക്ക്‌ തൊടുത്തു വിടുന്ന ആരോപണങ്ങളില്‍ ഒന്ന്. അത് സത്യമാണെന്ന് ഞാന്‍ ഇന്ന് വരെ വിശ്വസിച്ചിട്ടില്ല. ഇതൊരു മൂന്നുവയസ്സ് വരെ ഞാന്‍ തുടര്‍ന്നു എന്നാണു അവരുടെ അനുമാനം. ചുമ്മാ...

പിന്നീടങ്ങോട്ട് വളരും തോറും എന്‍റെ ഓര്‍മ്മശക്തിയിലുള്ള പ്രാവീണ്യം കൂടി കൂടി വരുന്നതിനാല്‍ ആദ്യമാദ്യം എന്നെ അഭിസംബോധന ചെയ്തു വന്നിരുന്ന "കടിഞ്ഞൂല്‍പുത്രന്‍"'' എന്ന നാമധേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ''കടിഞ്ഞൂല്‍പൊട്ടന്‍"'' എന്നാക്കി മാറ്റിയ എന്‍റെ കുടുംബത്തോട് ആന്നും ഇന്നും ഞാന്‍ യോജിച്ചിട്ടില്ല.

അമ്മവീട്ടിലെ അരുമ സന്താനം ആയതിനാല്‍ എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പിതൃഭവനത്തില്‍ നിന്നും ഞാന്‍  അമ്മയുടെ സ്വദേശമായ "മനക്കുളങ്ങര"യിലേക്ക്‌ പോവുകയും പഠനം അവിടെ ആരംഭിക്കുവാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നോട് "നിനക്ക് പഠിക്കണോ" എന്നുപോലും ചോദിക്കാതെ...

ഒന്നാം ക്ലാസില്‍ മനക്കുളങ്ങര ലോവര്‍ പ്രൈമറി സ്കൂളിലെ എന്‍റെ വിദ്യാരംഭം അതിഗംഭീരം ആയിരുന്നു. എന്തുകൊണ്ടോ അംഗനവാടിയില്‍ എനിക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗനയില്‍ ആകൃഷ്ടനായിട്ടാവണം ഞാന്‍ തുടര്‍ച്ചയായി അംഗനവാടിയിലെ "ചോളം കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവും അവിടെയുള്ള ഉച്ചയുറക്കവും" എന്ന ഒരു വര്‍ഷത്തെ കോഴ്സ് രണ്ട് വര്ഷം വാശിപിടിച്ച ഒരു മാന്യന്‍ എന്ന പ്രോഗ്രസ് കാര്‍ഡുമായി ആണ് മനക്കുളങ്ങര എല്‍. പി. യുടെ മലര്‍ക്കെ തുറന്ന വാതായനങ്ങളിലൂടെ പ്രൈമറി വിദ്യാഭ്യാസത്തിന് കാലെടുത്തു വച്ചത്.
അധികം നാള്‍ എനിക്കാ സൗഭാഗ്യം ആസ്വദിക്കാന്‍ സമയം ലഭിച്ചില്ല എന്നുള്ളത് ഇന്നും വിഷമകരമായ ഒരു ഓര്‍മ്മയാണ്.

ഒരു ഞായറാഴ്ച ഞാന്‍ അപ്പന്‍ എന്ന് വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍, അമ്മയുടെ അപ്പന്‍ (അമ്മയുടെ കൂടെ വിളിച്ച് പഠിച്ചതാണ്) വീട്ടിലെ തത്തമ്മയ്ക്ക് പാലുകൊടുക്കുവാന്‍ വേണ്ടി എന്നെ വിളിച്ചു. തത്തമ്മ സംഗതി കോസ്റ്റ്ലി ആണ്. തൃശ്ശൂര്‍ അങ്ങാടിയില്‍ നിന്നും വാങ്ങിയതാണ് 'ഗെടി'യെ.
സംഭവം ആളൊരു ശിമിട്ടന്‍ കേസും ആണ്. എന്നെ മാത്രമല്ല വീട്ടിലെ എല്ലാവരെയും പേര് വിളിക്കും, നല്ല കലക്കന്‍ ആയി സംസാരിക്കും. ഈ ചുള്ളന്/ചുള്ളത്തിക്ക് പാല് കൊടുക്കാന്‍ വേണ്ടി ആയിരുന്നു അപ്പന്‍ കൂട് തുറക്കാന്‍ പറഞ്ഞത്‌.,
എന്നും കാണുന്ന തത്തമ്മ അല്ലെ? വലയിട്ട കൂടില്‍ കാറ്റ് കിട്ടാത്തത് കൊണ്ട് കിട്ടിക്കോട്ടെ എന്ന് കരുതിയാണോ എന്തോ ഞാന്‍ കൂടിന്‍റെ വാതില്‍ മലര്‍ക്കെ തുറന്ന് അതിന്‍റെ അഭ്യാസം കാണുവാന്‍ പുറകിലെ മതിലിലേക്ക് എന്‍റെ ശരീരത്തെ ചാരി കൂട്ടിലേക്ക് നോട്ടമയച്ചു.
തത്തമ്മ പതിയെ എന്നെ നോക്കി, പിന്നെ എന്‍റെ പേര് വിളിച്ചു, ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി തത്തമ്മ പയ്യെ തല മാത്രം വെളിയില്‍ കാണിച്ചുകൊണ്ട് എന്‍റെ പേര് ഉറക്കെയുറക്കെ വിളിച്ചു. ഞാന്‍ ആ വിളി കേട്ട് കോരിത്തരിച്ചിരുന്ന സമയത്ത് ആ 'രോമം' പറന്നു അപ്പുറത്തെ പ്രിയൂര്‍ മാവിന്‍റെ മേലെ കേറി. അവിടെ നിന്നും പയ്യെ ആകാശവിധാനത്തിലേക്ക്.
ഞാന്‍ തിരിഞ്ഞോടാന്‍ ഭാവിക്കുമ്പോള്‍ അപ്പന്‍ പയ്യെ പാത്രത്തില്‍ പാലുമായി വരുന്നു.
ചാരിനില്‍ക്കുന്ന മതില്‍ എന്‍റെ മേല്‍ മറിഞ്ഞു വീണെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു.
തത്തയ്ക്ക് പകരം എന്‍റെ പപ്പും പൂടയും പറിച്ച് കൂട്ടിലിടും എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒഴിഞ്ഞ തത്തമ്മ പറന്നതിന്‍റെ പ്രകമ്പനത്തില്‍ ആടുന്ന വാതിലുകള്‍ ഉള്ള കൂടും, 'വെട്ടിയാല്‍ ചോരയില്ലാത്ത മുഖ'വുമായി, മിടിക്കുന്ന ഹൃദയവും, വിറയ്ക്കുന്ന കൈ കാലുകളുമായി, വളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്ന എന്നെ കണ്ട അപ്പന്‍ പയ്യെ തിരിച്ചുപോയി...
എന്തോ എന്നെ ഒന്നും പറഞ്ഞില്ല.

എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പുള്ളിക്ക് അന്നെ അറിഞ്ഞിരിക്കണം...

ഞാന്‍ പക്ഷേ ഒരു രണ്ട് ദിവസം ആ കൂടിന്‍റെ ചുറ്റുവട്ടത്തും ചുറ്റികറങ്ങി. എന്നെങ്കിലും പോയ തത്ത തിരിച്ചു വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

പക്ഷേ തത്ത പോയ സമയത്ത് അപ്പാപ്പനോട് ഞാന്‍ ഇങ്ങനെ മൊഴിഞ്ഞതോര്‍ക്കുന്നുണ്ട്.
''അപ്പാ നമ്മടെ വീട് തൊറന്നിട്ടിട്ട് ആരും പോയിട്ട് തിരിച്ചു വരാണ്ടിരിക്കണില്ലല്ലോ? വൈന്നേരം ചോറുണ്ണാറാവുമ്പോള്‍ എല്ലാരും വരാറില്ലേ? അപ്പന്‍ പേടിക്കണ്ട തത്ത പാല് കുടിക്കാന്‍ സമയാവുമ്പോള്‍ വന്നോളും" :))
ഒന്നും മിണ്ടാതെ അന്ന് അപ്പന്‍ തിരിച്ചുപോയപ്പോള്‍, എന്‍റെ വ്യസനവും, ഭയവും വര്‍ദ്ധിച്ചത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മൂത്രശങ്ക എന്നില്‍ വര്‍ധിച്ചു വരുകയും ചെയ്തു.
ഇന്നും ഞാന്‍ അവിടെയൊക്കെ പോകുമ്പോള്‍ ആ മാവും ആ കൂട് നിന്നിരുന്ന സ്ഥലവും നോക്കാറുണ്ട്.. ചുമ്മാ ഇനി പോയ തത്ത തിരിച്ചു വന്നിട്ടുണ്ടെങ്കിലോ?