Tuesday, September 11, 2012

പറയാതെ പോയ പ്രണയമേ




ഏഴാം ക്ലാസില്‍ വച്ച് എമി, നിമി എന്ന ഇരട്ട സഹോദരികളെ എനിമി എന്ന് വിളിച്ചു കളിയാക്കിയതിന്‍റെ വേദന ഇന്നും മനസ്സിലുണ്ട്....

രണ്ടുപേരും അക്രമകാരികള്‍ ആയിരുന്നു. പട്ടാളക്കാരന്‍ ജോസേട്ടന്റെ മക്കള്‍..., പോരാത്തതിന് സ്വന്തമായി പാറമടയും അതില്‍ നിറയെ ആഫ്രിക്കന്‍ മുഷികളും അന്നവരുടെ വീട്ടില്‍ മാത്രമേ ഉള്ളൂ....

ആരേലും മിണ്ടിയാല്‍ ആഫ്രിക്കന്‍ മുഷികള്‍ക്ക് തിന്നാന്‍ മടയില്‍ തള്ളിയിടും എന്നൊരു ഭീഷണിയില്‍ ആ സ്ക്കൂള്‍ മൊത്തം വിറച്ചിരുന്ന ഒരു സന്ദര്‍ഭത്തിലാണ് എന്‍റെ ഒറ്റയാള്‍ പോരാട്ടം എന്നോര്‍ക്കണം....

വെടിക്കെട്ടുകാരന്‍റെ മുയലിനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത് എന്നാണല്ലോ ചൊല്ല്. അപ്പന്‍ ഒരു പാറമട തൊഴിലാളി ആയ നമ്മള്‍ക്കുണ്ടോ പേടി...

ഞാന്‍ ഉറക്കെ "എനിമി" എന്ന് വിളിച്ച ഉടനെ എമി ഉണ്ടാക്കണ്ണ്‍ ഉരുട്ടി എന്നെ നോക്കി.
പണ്ടേ ആ ഉണ്ടാക്കണ്ണിയെ പൊടിമീശക്കാരന് (പൊടി പോയിട്ട് ഒരു പാട് പോലുമില്ലായിരുന്നു) ഇഷടമായിരുന്നു.

നിമി ചീറ്റപുലിയെ പോലെ ചീറി....

എമിയുടെ ഉണ്ടക്കണ്ണ്‍കള്‍ നിറഞ്ഞൊഴുകിയപ്പോള്‍ എന്‍റെ ചങ്ക് തകര്‍ന്നു പോയി.
അവിടെ ഒരു പ്രണയം പൊട്ടിമുളയ്ക്കുവാന്‍ അധികം താമസമൊന്നും ഉണ്ടായിരുന്നില്ല.
ഒടുവില്‍ മനസ്സില്‍ മാത്രം താലോലിച്ചുകൊണ്ട് നടന്ന ഒരു ചെറിയ പ്രണയം കണ്ണുകളിലൂടെ ഞങ്ങള്‍ കൈമാറി.

ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല എന്നാണെന്‍റെ ഓര്‍മ്മ.

പക്ഷെ ഒന്ന് മാത്രം വ്യക്തമായിരുന്നു എന്നെ അവള്‍ക്ക് ഇഷ്ടമായിരുന്നു. നുണക്കുഴി വിരിഞ്ഞ ആ ചിരികളില്‍ എന്നെ ഇഷ്ടമാണ് എന്നൊരായിരം വട്ടം അവള്‍ പറഞ്ഞിരുന്നു. എങ്കിലും പരസ്പരം സംസാരിക്കുവാന്‍ രണ്ടു പേരും തുനിഞ്ഞില്ല എന്നതാണ് സത്യം.

കണക്ക് ടീച്ചറും പ്രധാന അധ്യാപികയുമായ സുലോചന ടീച്ചറുടെ കയ്യില്‍ നിന്ന് നിര്‍ലോഭം ശിക്ഷകള്‍ ഞാനും ഒപ്പം അവളും വാങ്ങികൂട്ടിയിരുന്നു.

അന്നൊക്കെ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മുന്‍നിരയില്‍ ഇരിക്കുകയും സ്വാഭാവികമായും ഞങ്ങള്‍ കുറച്ചുപേര്‍ ലാസ്റ്റ്‌ ബെഞ്ചില്‍ എത്തുകയും ചെയ്തിരുന്ന ഒരു കാലം...

ക്ലാസ്‌ സമയങ്ങളില്‍ ആണ് പ്രണയിക്കാന്‍ ഏറ്റവും രസകരമായ നിമിഷങ്ങള്‍, വേറെ ഒരു ശല്യങ്ങളും ഉണ്ടാവാറില്ല. പെണ്ണുങ്ങളുടെ മുന്‍നിരയില്‍ നിന്ന് കഷ്ടപ്പെട്ട് അവള്‍ പുറകോട്ടു നോക്കിയിരിക്കും.

എനിക്ക് പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കണ്ണില്‍ നോക്കി ഞങ്ങള്‍ മനസ്സില്‍ എഴുതിയ പ്രേമ ലേഖനങ്ങള്‍ കൈമാറും. പിടിക്കപ്പെടുകയും ചെയ്യും.

അതൊരു അപ്പര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു. ഏഴു കഴിഞ്ഞാല്‍ പിന്നെ വേറെ ഹൈ സ്കൂളില്‍ പോകണം.

ആ സ്കൂളിലെ അവസാന ദിവസം മനസ്സില്‍ ഒരുപാട് വിഷമങ്ങളുമായി ഞങ്ങള്‍ പിരിഞ്ഞു. മൗനം സ്വരങ്ങളായി, അവള്‍ മറുപടികള്‍ നോട്ടങ്ങളിലൂടെ എനിക്ക് തന്നു. നടന്നകലുന്ന അവളെ നോക്കി ഞാന്‍ കുറച്ചു നേരം ആ സ്കൂള്‍ ഗേറ്റില്‍ നിന്നു....



*******************************************************************************

വര്‍ഷങ്ങള്‍ക്ക് ശേഷം, ഇമ്മടെ കൊടകര ജങ്ക്ഷനില്‍ വച്ച് വായില്‍ നോക്കി നില്‍ക്കുമ്പോള്‍, ഹോളി ഫാമിലി കോളേജ്‌ യുണിഫോം അണിഞ്ഞ് എന്‍റെ മുന്നിലൂടെ നടന്നു പോയ അവളെ എനിക്ക് മനസ്സിലായില്ല. ബസ്‌ സ്റ്റോപ്പിന്‍റെ ഒരു മൂലയില്‍ ചെന്ന് നിന്നുകൊണ്ട് എന്നെ നോക്കുന്ന അവളുടെ കണ്ണുകള്‍ മനസ്സിലൂടെ ഓര്‍മ്മകളെ ഉണര്‍ത്തി കടന്നുപോയി. ആ കണ്ണുകളില്‍ ഒരുപാട് പരിഭവങ്ങള്‍ ഞാന്‍ കണ്ടു. പക്ഷെ അന്നും എനിക്ക് തിരിച്ചൊന്നും പറയാനായില്ല.....

പറയാതെ പോയ ആ പഴയ പ്രണയത്തിന്‍റെ വേദന ഒന്ന്കൂടി അവളെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നു...

അവള്‍ പഴയതിലും കൂടുതല്‍ സുന്ദരി ആയിരിക്കുന്നു...