Wednesday, August 20, 2014

ആകസ്മികം

കാറ്റിന്റെ പ്രണയ കാവ്യം ശ്രവിച്ചപോൾ കാതരയായി കുണുങ്ങികൊണ്ട് ഒഴിഞ്ഞുമാറിയ കർട്ടൻ വിടവുകളിലൂടെ സൂര്യൻ, തന്റെ രശ്മി പ്രവാഹം മുഴുവൻ തേജസ്സോടെ, കിടക്കയിലെ പതുപതുപ്പിൽകിടന്നു മത്സ്യകന്യകയോടൊത്ത് സല്ലപ്പിചിരുന്നവനെ തല്ലി എഴുന്നേൽപ്പിച്ചു...

"ഹെൽ" എന്നാക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് ബാത്രൂമിലെക്ക് നടന്നു..

പുതിയൊരു ദിവസത്തെ അംഗീകരിക്കാൻ സാധിക്കാത്ത ആലസ്സ്യത്താൽ ടൂത്ത് പേസ്റ്റിനെ ബ്രഷിലേക്ക് കിടത്തി പല്ലുതേയ്ക്കാൻ തുടങ്ങി...
മനസ്സിപ്പോഴും സ്വപ്നത്തിലെ ഏതോ മൽസ്യകന്യകയുടെ മേനിക്കൊഴുപ്പും സൗന്ദര്യവും നോക്കി അലഞ്ഞു നടക്കുകയായിരുന്നു...
പണ്ടെപ്പോഴോ കണ്ട കരീബിയൻ കടൽകൊള്ളക്കാരുടെ സിനിമയിലാണ് മത്സ്യകന്യകമാരെ കാണുന്നത്...
ഇതിപ്പോ എന്തിന് സ്വപ്നത്തിൽ വന്നു?

ഒരു ശരാശരി മനുഷ്യൻ കക്കൂസിലിരുന്നു ചിന്തിക്കുന്ന അത്രയും ചിന്ത അവന്റെ പഠിപ്പിലോ, ഉദ്യോഗത്തിലോ ഉണ്ടായിരുന്നുവെങ്കിൽ ആളുകളൊക്കെ ജീനിയസ്സുകളായേനെ...

കുളിയും, തുണിയുടുക്കലും യാന്ത്രികമായി കഴിഞ്ഞു...
ലോകത്തിന്റെ വിരിമാറിലേക്ക്...
പതിവ് ഇളിച്ചു കാണിക്കൽ ഗോഷ്ടികളോടെ ഓഫീസ് ബിൽഡിങ്ങ് കയറുമ്പോൾ കൊളസ്ട്രോൾ കിതയ്ക്കുന്നുണ്ടായിരുന്നു...
ലിഫ്റ്റില്ലാത്ത ബിൽഡിങ്ങിൽ ജോലി ചെയ്യാൻ തീരുമാനിച്ച ദിവസത്തെ ഓർത്തെടുക്കാൻ ഒരു പാഴ്ശ്രമം നടത്തിനോക്കി...
എത്ര കൊല്ലമായിക്കാണും??
അഞ്ചോ, പത്തോ?
ആഹ്... പുല്ല് ആർക്കറിയാം!!!

പരിചിതമല്ലാത്തതും, സിഗരറ്റും പുകച്ച് "കിസ്സ്‌ മി" എന്നെഴുതിയ വാനിറ്റി ബാഗും ചുമന്നു നില്ക്കുന്ന ഒരുത്തിയെ കണ്ണുകൾകൊണ്ട് അളന്നെടുത്ത് ഒരു ചിരി അവൾക്കും സമ്മാനിച്ചു ഓഫീസിലേക്ക് നടന്നകന്നു...

സ്റ്റികി നോട്ടുകൾ കൊണ്ടലങ്കരിച്ച ഓഫീസ് ക്യാബിൻ...
ഫോണ്‍ നമ്പറുകൾ, ഈമെയിൽ അഡ്രസ്സുകൾ...
കറുത്ത മഷിയാൽ വെട്ടി വീഴ്ത്തിയ ദിവസങ്ങളുള്ള ഒരു കലണ്ടർ...
തിരിഞ്ഞു നോക്കാത്ത ഇൻബോക്സ്...

പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
പാസ്വേർഡ് എറർ...
തീർന്നു. ഇനി അരമണിക്കൂർ കഴിഞ്ഞാൽ കമ്പ്യൂട്ടർ തുറക്കാം...!

റിസപ്ഷനിൽ വിളിച്ചൊരു സ്ഥിതി വിവരകണക്കെടുപ്പ് നടത്തി...
താപ്പാനകളൊന്നും എത്തിയിട്ടില്ല...
കസേരയിലേക്ക് ചാഞ്ഞൊന്നിരുന്ന് ദീർഘനിശ്വാസമെടുക്കാൻ തയ്യാറെടുക്കും മുന്നേ ടിംഗ് ടിംഗ് മൊബൈൽ ചിലച്ചു...

അനു: "ഹേയ്, വിൽ യു കം വിത്ത് മി റ്റു ഗോൾഡ്‌ പ്ലാസ?"
"ഗോ റ്റു ഹെൽ വിത്ത് യുവർ പർച്ചേസിങ്ങ്. യു നോ അയാം നോട് യുവർ ഷുഗർ ഡാഡി, ഗോ ഗെറ്റ് അരുണ്‍ ഓർ വിജയ്‌"

"യു ആർ സച് എ ജെർക്ക്"

"റ്റു ബിച്ചസ് ഒണ്‍ലി"

"ഫൈൻ"

"പെർഫെക്റ്റ്"

അവളുടെ മുഖഭാവം ഓർത്തപ്പോൾ ചിരി വന്നു...
ഒരുമാസം മുഖം കനപ്പിച്ച് നടക്കാനുള്ള വകുപ്പല്ലേ അഞ്ചുമിനിറ്റ് കൊണ്ട് അവൾ നേടി എടുത്തത്!!!
അവൾടെ കൂടെ പർച്ചേസിങ്ങിനു പോകാനും കണ്ട പാർട്ടിക്കും സിനിമയ്ക്കുമൊക്കെ വാലുപോലെ കൂടെ ചെല്ലാനും ഒരുപാട് കൊളീഗസ് അവൾക്കും മറ്റു സകലവളുമാർക്കും ഉള്ളപ്പോൾ നമ്മളെ എന്തിനാണാവോ ഇടയ്ക്കിടെ ഇങ്ങനെ അവരുമായി ഉടക്കാൻ പ്രകോപിപ്പിക്കുന്നത്???
പുല്ലുകൾ...

ഇനിയിന്നീ ഓഫീസിൽ ഇരുന്നാൽ ശരിയാവില്ല...
ലോകത്തിന്റെ തിരക്കുകളുടെ മറ പിടിച്ച് അദൃശ്യനാകാം...
പാസ്വേർഡ്‌ ഉപയോഗിച്ച് കമ്പ്യൂട്ടർ തുറക്കാൻ അഞ്ചു മിനിറ്റുകൾ കൂടി ബാക്കിയുണ്ടെന്ന മോണിറ്ററിലെ മെസ്സേജിനെ നടുവിരൽ ഉയർത്തിക്കാണിച്ച് ഒരു കമ്പനി പ്രൊഫയിലും കൊണ്ടിറങ്ങി...

റിസപ്ഷനിലെ സുന്ദരിയെ നോക്കി "പുറത്ത് പോകുകയാണ്, ഉച്ച കഴിഞ്ഞേ മടങ്ങി വരൂ എന്നറിയിച്ചു."
അവൾ ചിരിച്ചുകൊണ്ട് അത് രജിസ്ട്രറിലേക്ക് എഴുതി...
എങ്ങോട്ടാണ്?
എന്തിനാണ് പോകുന്നത് തുടങ്ങിയ ചോദ്യങ്ങളെ ഇവൾ ബുദ്ധിപൂർവ്വം ഒഴിവാക്കിയിരിക്കുന്നു...
ഒരുപക്ഷേ, ഇവളോട്‌ മാത്രമായിരിക്കും ഈ ഓഫീസിൽ അല്ലെങ്കിൽ ജീവിതത്തിൽ താൻ സൗമ്യമായി പെരുമാറുന്നത്...

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതെന്തിന്???
"നിനക്ക് എല്ലാവരുമായി പ്രശ്നങ്ങളുണ്ടെങ്കിൽ നീയാണ് പ്രശ്നം" എന്നേതോ വിവരമുള്ളവൻ പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നടന്നകന്നു...

ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറകിലേക്ക് ഓടിമറയുന്ന ലോകത്തെ നോക്കി...
വേഗത്തിൽ പറന്നകന്നുപോയ ചില ജീവനുകളുടെ അഭാവം മനസ്സിൽ തീർത്ത ഉണങ്ങാത്ത മുറിവുകളാണ് ജീവിക്കുന്ന താനിന്നെന്ന തോന്നലിൽ എതിരേ ഹോണടിച്ച് തെന്നിമാറിയ വാഹനത്തെ നോക്കി കൈവീശി കാണിച്ചു...

സ്വപ്നവും, ജീവനും, സന്തോഷവുമെല്ലാം അവളിലൂടെ അവൾക്ക് ലഭിച്ച ക്യാൻസർ കാർന്നു തിന്നപ്പോൾ നഷ്ടമായത് തന്നിലെ സ്നേഹമായിരുന്നു...
വിഭിന്നങ്ങളെ കൂട്ടിപ്പിരിച്ച് തന്റെ ജീവനോട് ചേരുവാൻ വെമ്പൽ കൊണ്ടവൾ...
ഐ സി യുവിലെ മരുന്ന് മണക്കുന്ന കിടക്ക വിരികളിൽ ചുരുണ്ടുകൂടി തന്റെ കൈകളെ കൂട്ടിപിടിച്ച് വേദനകളില്ലാത്ത മറവിയുടെ അനന്തവിഹായസ്സിലേക്ക് നിദ്രയുടെ കൂട്ടുപിടിച്ച് നടന്നുപോയ മത്സ്യകന്യക...

അതേ....
സ്വപ്നത്തിൽ വന്ന മുഖമോർമ്മിക്കാൻ സാധിക്കാത്ത മത്സ്യകന്യകയ്ക്ക് അവളുടെ മുഖം നൽകിയപ്പോൾ കവിളിലൂടെ അരിച്ചിറങ്ങിയ ഉപ്പുജലത്തിന് നനുത്ത തണുപ്പുണ്ടായിരുന്നു...
ഒടുവിൽ അവൾ ഉണരാതെ താൻ ഉണർന്ന ആ ഐസിയു വിലെ പുലർകാലത്ത് അവളുടെ കൈകൾക്കുണ്ടായിരുന്ന പോലൊരു തണുപ്പ്...

കാറ്റിന്റെ പ്രണയകാവ്യം ശ്രവിച്ച് തരളിതയായിളകുന്ന ജനൽ കർട്ടനുകളുടെ ആഹ്ലാദം നോക്കി, കയ്യിലെരിയുന്ന ഡണ്‍ഹിൽ സിഗരറ്റും ഒഴിയുന്ന വോഡ്ക നിറഞ്ഞ ഗ്ലാസുമായി അവളെ വീണ്ടും ഓർത്തു...
സ്വപ്നത്തിൽ വന്ന മദാലസയായ മത്സ്യകുമാരിയെ...
മാറുകൾ തലമുടികളാൽ മറച്ച് അരയോളം വെള്ളത്തിൽ നിന്നുകൊണ്ട് തന്നെ നോക്കി ചിരിക്കുന്ന തുടുത്ത കവിളുകളുള്ള മത്സ്യകന്യകയെ...

വോഡ്ക നല്കുന്ന ആലസ്യത്താൽ മയങ്ങുന്ന കണ്ണുകളും, കുഴഞ്ഞ കാലുകളുമായി അനന്തമായ മനസ്സിന്റെ കടലിലേക്ക് മൽസ്യകന്യകയുടെ അരയിൽ കൈച്ചുറ്റി മുങ്ങിത്താഴുമ്പോഴും
തന്റെ കഴുത്തിൽ കൈ ചുറ്റി അവൾ വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു...