Wednesday, October 29, 2014

കൊള്ളീം ബോട്ടീം!!!

കണ്ട പറമ്പിലെ ജാതീം, കശുവണ്ടീം മോട്ടിച്ച് വിറ്റ് കൊള്ളീം ബോട്ടീം (അന്ന് ചില്ലി ചിക്കനും പൊറോട്ടയൊന്നും ഇല്ലാരുന്നല്ലോ!!!)


തിന്നാൻ നിക്കുമ്പോഴാ...
"ടാ ഞാനപ്പഴേ പറഞ്ഞില്ലേ, ആ കടക്കാരൻ പറ്റിക്കും ന്ന്...
നമുക്കീ ജാതിപത്രി ഒണക്കികൊടുത്താ നല്ല കാശ് കിട്ടിയേനെ" ന്നുള്ള കൂട്ടുകാരന്റെ പണ്ടാപരപ്പ് കേൾക്കുക...

മരത്തീ വലിഞ്ഞു കേറി ട്രൌസറു കീറീതും കയ്യിന്ടവിടേം ഇവിടേം ഒരഞ്ഞു ചൊമന്നു പൂച്ചമാന്തിയ പോലെ തൊലി പോയതുമായ ഭാഗത്തെ നീറ്റലിനേക്കാൾ വല്ലാത്ത വിമ്മിഷ്ടമാ കുടുമ്മം കട്ട് മുടിപ്പിച്ചോൻ ന്നു നാട്ടാരും വീട്ടാരും വിളിച്ചാലുള്ള സ്ഥിതി ഓർക്കുമ്പോ ഇണ്ടാവുക...

"നാട്ടാര് കള്ളൻ കള്ളൻ ന്നു വിളിക്കണ വരെ ഇനിയത് നിന്റപ്പന്റെ തലേല് ഒണക്കാൻ വയ്ക്കാടാ ന്നും പറഞ്ഞ് പരിചയക്കാര് ആരേലും കാണണ്ടാന്നു ഒളിഞ്ഞും തെളിഞ്ഞും നോക്കിയാ കടേല് കേറൂ...

ന്നാ കക്കാണ്ടിരിക്കോ???

എവിടെ? വറീസേട്ടൻ ലോകത്തില്ലാത്ത മണൊള്ള മാസലയിട്ടല്ലേ തട്ടുകടേല് ബോട്ടീം കൊള്ളീം ഇണ്ടാക്കൊള്ളു...

സ്കൂളീന്ന് വീട്ടീ വരണ വഴിയിൽ ഇങ്ങേർടെ കടേം ഇണ്ട്...
സ്കൂളീന്നെറങ്ങുമ്പോ തൊട്ട് ഈ മണാ...

പിന്നവിടന്ന് തൊട്ങ്ങി വീട് വരെ ഇതിനെകുറിച്ചൊള്ള ചിന്തേം...

വീട്ടാര് കട്ടത് കണ്ടുപിടിക്കോന്നാലോചിച്ച് ഒരുമാസം ടെൻഷനടിച്ച് നടക്കും...

ഏതാണ്ട് ഒരുമാസം കഴിഞ്ഞാ പിന്നെ, ഹ്ഹേയ് ഈ ഇരുവത്തഞ്ച് രൂവേടെ കാര്യത്തിനാണല്ലോ ദൈവേ ഞാൻ ഒരുമാസം ടെൻഷനടിച്ചത് എന്നാലോചിച്ച് സമാധാനിക്കും....

കശുമാങ്ങകളും, അടക്കകളും, ജാതികളുമൊക്കെ പിന്നേം പൂക്കും...

മഴയും വേനലുമൊക്കെ വന്നും പോയുമിരുന്നു...
ഞങ്ങടെ മോഷണങ്ങളും, കൊള്ളീം ബോട്ടീം തീറ്റയുമൊക്കെ
ഉത്സാഹപൂർവ്വം കൊണ്ടാടി കൊണ്ടുമിരുന്നു...

കാലം കൊള്ളിയും, ബോട്ടിയിലും നിന്ന് കൗമാരത്തെ കടലാസുച്ചുരുട്ടിയ പുകപടലങ്ങളിലേക്കും, കത്തിയെരിയുന്ന മട്ടികോലുകളിലേക്കും പൊടിമീശയൊക്കെ ഒട്ടിച്ച് ഒരപ്പൂപ്പൻ താടി പറത്തി വിടുന്ന ലാഘവത്തോടെ വളരാൻ വിട്ടു...

അങ്ങനെയങ്ങനെ കടലാസും മട്ടികോലുമൊക്കെ ബീഡിക്കും, സിഗരറ്റിനും, പ്രണയത്തിനുമൊക്കെ വഴിമാറിനിന്നു...

ഒന്നോർക്കുമ്പോ പഴയ കാലത്തിലേക്ക് മടങ്ങിപോകാൻ തോന്നും...
പിന്നൊന്നൂടി ഓർത്ത്‌ നോക്കുമ്പോ ഹോ, ഇനീം ഈ സ്കൂളില് പഠിച്ചും, തല്ല് കൊണ്ടും വീണ്ടും വലുതാവാൻ എത്ര സമയമെടുക്കും???

കഴിഞ്ഞു പോയ കാലത്തിനുമിപ്പുറം ഓർമ്മകളുടെ ഒരു നിധി തന്നെയുണ്ടല്ലോ കൂട്ടിനെന്ന സന്തോഷം...

പെണ്ണുകാണൽ

പെണ്ണ് കാണൽ ചടങ്ങ്...

ഇത്രേം മുഷിപ്പ് പിടിച്ച ഒരു പരിപാടി ഇല്ല...

രാവിലെ തന്നെ ജീൻസിന്റെയുളളിൽ കയറി, ഷർട്ടും വലിച്ച് കേറ്റി മുടിയൊക്കെ എണ്ണയിട്ട് ചീകി പരിഷ്ക്കാരിയായി!!!
നേരെ വണ്ടി വിട്ടു...

പെണ്ണ് വീട്...

പറഞ്ഞതിലും അരമണിക്കൂർ മുന്നേ പെൺകുട്ടീടെ വീട്ടിലെത്തി...
വീട്ട്കാരു മിക്സ്ചറും, ചക്കവർത്തതും വാങ്ങാൻ പോയിട്ട് ഓടി കിതച്ചെത്തി...

ചായേം കുടിച്ച്, ഇരിക്കുമ്പ പെൺകൊച്ച് വന്നിങ്ങനെ നിന്ന്...

ആദ്യത്തെ ലേഡി വാച്ചിങ്ങ് ആയതോണ്ട്,
എന്റെ ഹാർട്ട് പടപടാന്ന് പളളീലെ കൂട്ടമണി അടിക്കണപോലെ അടിച്ചോന്നൊരു ഡവുട്ട്!!!
ഹ്ഹേയ്, തോന്നീതാവും...!

പെൺകുട്ടീടെ മുഖഭാവം കണ്ടപ്പോ ദിപ്പോ ശ്വസം മുട്ടി ചാവോന്ന് തോന്നി...

തുടക്കകാരന്റെ അങ്കലാപ്പ് മാറീപ്പൊ ഞാൻ സഹൂദിയെയും എന്റെ ജോലിയെയും കുറിച്ചൊരു ചെറിയ ക്ലാസ്: കുട്ടിക്കും, കുട്ടീടെ വീട്ടുകാർക്കും കൊടുത്ത്...

പതിവ് ടിവി പെണ്ണ്കാണൽ രംഗം പോലെ, റോസീ, റോസീടെ പേരെന്താണു റോസീന്ന് ചോദിക്കണപോലെ ചോദിച്ച് വഷളാക്കിയില്ല...

കൊച്ചിനു ഡ്യൂട്ടിക്ക് പോകുവാൻ ഉളളത്കൊണ്ടും, എന്റെ സംസാരിക്കാൻ ഉളള സ്റ്റോക്ക് തീർന്നതുകൊണ്ടും, കൊച്ചിനോട് അധികം നിന്നി വിയർത്ത് വിഷമിക്കാണ്ട്, പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഡ്യൂട്ടിക്ക് പൊയ്ക്കോളാൻ ചിരിച്ചോണ്ട് പറഞ്ഞ്...

ഞാനിങ്ങട് വീട്ടിലേക്ക് പോന്ന്...

എന്തെക്കെ പറഞ്ഞാലും ഈ പെണ്ണ്കാണൽ ചടങ്ങിന്റത്രെം ബോറേർപ്പാട് വേറെ ഇല്ല...

ഒരു പരിചയവുമില്ലാത്ത ആണൊരുത്തന്റെ മുന്നിൽ ഇങ്ങനെ ഉടുത്തൊരുങ്ങി നിൽക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികളുടെ ഒരു കാര്യം...

ഭയങ്കരം തന്നെ...

സ്റ്റാർട്ടിങ്ങ് ട്രബിൾ

പത്ത് പതിമൂന്ന് കൊല്ലം മുമ്പ്,

കൊടകര ബോയ്സ് ഹൈസ്കൂളിന്റെ വരാന്തയുടെ ഒരൊഴിഞ്ഞ മൂലയിൽ, ക്ലാസ്സിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് ഞാനിങ്ങനെ നിന്നു...

ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് നേരവുമായി...

എന്നും രാവിലെ വർതേട്ടന്റെ ബജാജ് ചേതക്കിനുണ്ടാകുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെ. ചിലപ്പോൾ അതിനെ വർതേട്ടൻ ചെരിച്ച് കിടത്തിയിട്ട് പതുക്കെ നിവർത്തി, മൂലക്കുരുവുളളയാൾ ഇരിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന പൊസിഷനിൽ നിന്ന് കിക്കറിൽ ഒരു ചവിട്ടുണ്ട്...
ചേതക്ക് പിന്നെ വർതേട്ടന്റെ മലഞ്ചരക്ക് കടയുടെ മുന്നിൽ ചെന്നേ നിൽക്കൂ...

എന്റെ സ്റ്റാർട്ടിങ്ങ് ട്രബിൾ അതിലും ഭീകരമായിരുന്നു...

അന്നെനിക്കിന്നുളള പോലെ സിക്സ് പായ്ക്കില്ലായിരുന്നു!!!
വണ്ണവും...
നീണ്ടുമെലിഞ്ഞ്, കുരിശിൽ ചുരിദാറിട്ടപോലെയൊരു പേക്കോലം...

എന്റെ പാന്റ്സിനുളളിൽ ഒന്നുൽസാഹിച്ചാൽ ഒരാൾക്കുകൂടി കയറാം...
ഷർട്ടും അങ്ങനെതന്നെ...

സ്കൂളിനു തൊട്ടടുത്തുളള വർഗ്ഗീസേട്ടന്റെ പെട്ടികടയിലെ ചില്ലുകുപ്പിയിലെ തേൻ നിലാവും, ചുക്കുണ്ടയും ഒന്നര രൂപ കൊടുത്താൽ കിട്ടുന്ന സ്പെഷ്യൽ ഐസിട്ട മോരു വെളളവും, പിന്നെ പണക്കാരനാകുമ്പോൾ തിന്നുന്ന ഐസ് ക്രീമും ദ്വാരക ഹോട്ടലിലെ നെയ് റോസ്റ്റും, മസാല ദോശയുമൊക്കെ സ്വപ്നം കണ്ട് നിന്ന ഞാൻ സ്കൂളിന്റെ ഗർജ്ജിക്കുന്ന സിംഹം ശ്രീ ജോസ് അവർകൾ പുറകിൽ വന്നു നിൽക്കുന്ന കാര്യം അറിഞ്ഞതേയില്ല...

ചറപറാ നിർത്താതെയുളള അടിയുടെ ആഘാതത്തിൽ എന്റെ ചുറ്റുമുളള ഭൂമിയൊന്ന് കറങ്ങി, കൂടെ അലുമിനിയം കലത്തിൽ കല്ലിട്ട് കുലുക്കിയപോലുളള സൗണ്ടിൽ "എന്തടാ ക്ലാസ്സിൽ കയറാത്തത്" എന്ന ചോദ്യവും...

ആനന്ദലബ്ധിക്കിനിയെന്ത് വേണം???

"വയറു വേദനയാ മാഷേ" വരുത്താൻ പറ്റാവുന്നത്ര ദയനീയത മുഖത്ത് വരുത്തി ഞാൻ വച്ച് കാച്ചി...

എന്ത് ഫലം???

അവധി കഴിഞ്ഞ് സകല പിളളാാർക്കും ഉണ്ടാവുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെയൊന്നാണെന്റെ വയറുവേദനയെന്നൂഹിക്കാൻ അങ്ങേർക്ക് ഒരു പ്രയാസവുമുണ്ടായില്ല...!

കരഞ്ഞോണ്ട് ക്ലാസ്സിലേക്ക് വന്ന ഞാൻ അന്നുകാലത്ത് കാണാൻപറ്റാവുന്ന സാമാന്യം ഭീകരമായ ഒരു കാഴ്ചകണ്ട് ഞെട്ടിതരിച്ച് നിന്നു...

അനിയനേം കൊണ്ട് ആസ്പത്രിയിൽ നിന്നും മടങ്ങും വഴി എന്നെ കാണാൻ എന്റെ അപ്പനും അമ്മയും അനിയനും ക്ലാസ്സിന്റെ മുന്നിൽ നിൽക്കുന്നു...
കൊർച്ച് നേരായി ഗെഡികളെന്നെ വെയിറ്റ് ചെയ്യുന്നു...

അമ്മവീട്ടിൽ നിന്നും പഠിച്ചിരുന്ന എന്നെ ഇടക്കിടയ്ക്ക് സ്കൂളിൽ വന്ന് വിസിറ്റരുത് എന്ന് എത്ര തവണ പറഞാലും അവർക്ക് മനസ്സിലാകില്ല...
ഞാൻ എല്ലാ ഞായറാഴ്ചയും വീട്ടീ വന്ന് വാങ്ങുന്നുണ്ടല്ലോ ഒരു നാണവുമില്ലാതെ!!!
പിന്നെന്തിനീ ഹിഡൻ അറ്റാക്ക്???

എല്ലാം ഞാൻ മനസ്സിലൊളിപ്പിച്ച് വച്ചിങ്ങനെ നിന്നു...

ഇതൊരു തവണ വല്ലതുമാണോ ഇവരുടെ അണെക്സ്പെക്റ്റട് വിസിറ്റ്...

പണ്ട് ചാർലിയെ സ്നഗി ബോയ് എന്നു വിളിച്ചതിന്റെ പേരിൽ ടീച്ചർ കയ്യിൽ തായമ്പക കൊട്ടുമ്പൊഴും ഇവർ വിസിറ്റാൻ വന്നു...
അന്നും ലിസ്റ്റിലില്ലാത്ത അടി വാങ്ങിക്കൂട്ടി...

നമ്മടെ യോഗം എന്നല്ലാണ്ടെന്ത് പറയാൻ...
പതിവ്പോലെ അന്നും സ്കൂളീന്ന് വാങ്ങാനുളളത് മുഴുവനും പിന്നെ ആരും കാണാതെ അമ്മ കൈതണ്ടയിൽ തന്നതുമൊക്കെ വാങ്ങിച്ച്കൂട്ടി കൃതാർതഥനായി ഞാൻ വീട്ടീപോന്നു...

ഇന്നിപ്പോ വർഷാവർഷം പതിച്ചുകിട്ടിയ പരോളും, ഈദ് അവധിയുമൊക്കെ കഴിഞ്ഞ് നാളെ മുതൽ ജോലിക്ക് പോകണമല്ലോന്നോർക്കുമ്പോൾ ദേ പിന്നേം ലവൻ...
സ്റ്റാർട്ടിങ്ങ് ട്രബിൾ...
അതും പതിവിലും നേരത്തെ തന്നെ...!!!