Saturday, November 22, 2014

ആത്മാവ്

നമ്പർ ൯൮ (1)

ആത്മാവിന്റെ അന്തരാളങ്ങളിൽ മുളയ്ക്കുന്ന ആന്തരീക ജൽപനങ്ങളുടെ മിന്നുന്ന പ്രതിബിംബങ്ങൾ.
ഹൃദയഭിത്തികളിൽ തട്ടി പ്രതിഫലിക്കുന്ന മ്രുദുലതയുടെ ആക്രോശങ്ങൾ.
സ്വപ്നങ്ങളുടെ തേങ്ങലുകളിൽ തളം കെട്ടിയ വ്യാഖ്യാനങ്ങളുടെ മാറ്റൊലികൾ.
രാഗങ്ങളും താളങ്ങളുമില്ലാത്ത സംഗീതം.
വാക്കുകൾ കൊണ്ടലങ്കരിക്കുകയും, പോറി വേദനിപ്പിക്കുകയും ചെയ്യുന്ന സ്വരലയ വിന്യാസം.

ആകെത്തുക ഞാനെന്ന വിഡ്ഢിത്തം...


നമ്പർ ൯൮ (2)

ചവുട്ടിക്കുഴച്ച ആദ്ധ്യാത്മീകമായ അന്തർധാരകളുടെ സർഗ്ഗശേഷികൾ,
മൂല്യച്യുതിയുടെ മുങ്ങാംകുഴികളിലൂടെ മുങ്ങിപൊങ്ങിയ ചേതനകൾ,
ദൂന്യത നഷ്ടപെട്ടവന്റെ ആത്മരോദനങ്ങളുടെ മലീമസങ്ങളായ ചിന്താധരണികൾ,
മണ്മറഞ്ഞുപോയ ഓർമ്മകളുടെ മരിക്കാത്ത മൂടുപടലങ്ങളുടെ മായാ വലയങ്ങൾ,
പൊടിയും, മാറാലയും പിടിച്ചു കിടക്കുന്ന ആത്മ നൊമ്പരങ്ങൾ,
അകാലത്തിൽ പൊഴിഞ്ഞുപോയ, പഴകി ദ്രവിച്ച പ്രണയം മണക്കുന്ന ശവകുടീരങ്ങൾ,
നഷ്ടമായവയെ തിരിച്ചുകിട്ടുവാനുള്ള വ്യഗ്രതകളിൽ അവഗണിക്കപ്പെട്ടു പോയ പോറലേറ്റ, സ്വകാര്യതകളുടെ മുഖം മൂടികൾ...

ആകെത്തുക ഞാനെന്ന വൈകൃതം...


നമ്പർ ൯൮ (3)

ആരാണു ഞാൻ...

അപരാഹ്നത്തിന്റെ അനന്ത വിഹായസ്സിൽ പറന്നുയരുന്ന ഒരു പരുന്താണു ഞാൻ...
കോടാനുകോടി വരുന്ന ജനസമുഛയത്തിന്റെ ഏകത്വങ്ങളിൽ നിന്നും വേറിട്ട് നിൽക്കുവാനാഗ്രഹിക്കുന്ന ഒരുവൻ...
മൃഗീയമായ ചിന്തകളെ ഉളളിലൊതുക്കി മനുഷ്യത്വത്തിന്റെ ചായക്കൂട്ടുകൾ തീർത്ത മുഖം മൂടി ധരിച്ച രക്തദാഹി...
സ്വന്തമല്ലാത്ത പലതിനേയും സ്വായത്തമാക്കുവാൻ വെമ്പൽപൂണ്ട ഒരത്യാഗ്രഹി...
മാനവീകതയുടെ പുതിയ തലമുറയുടെ ഒരു പ്രതിരൂപം...
ആസക്തികളുടെ കുടിലതകളാൽ മൂടപെട്ട മനസ്സിനുടമയായ ആരുമല്ലാത്ത ആർക്കുമറിയാത്ത ഒരു വ്യക്തി...
അപകർഷതാബോധത്തിന്റെ വിത്തുകൾ പാകിമുളപ്പിച്ച മനസ്സുമായി ജീവിക്കുന്നവൻ...
സ്വന്തം ജീവചരിത്രത്തിന്റെ ഏടുകളിൽ എത്ര തിരുത്തിയിട്ടും ആവർത്തിക്കപെട്ട തെറ്റുകളെ ശരികളാക്കുവാൻ ശ്രമിക്കുന്ന വിഡ്ഢിത്തങ്ങൾ മാത്രം കൈമുതലായവൻ...
പശ്ചാത്താപങ്ങളെ പരിഛേദനം ചെയ്ത്, ഇതരവിചാരങ്ങളുടെയും, പുനരാരംഭങ്ങളുടെയും ഊന്നുവടികൾ നൽകി ജീവിതത്തിനു കരുത്തേകിപ്പോരുന്ന അതിജീവനത്തിന്റെ നിഴൽരൂപം...

ആകെത്തുക ഞാനെന്ന ഇതിഹാസം!!!

Sunday, November 9, 2014

ഒരു വേദനയുടെ ഓർമ്മക്കുറിപ്പുകൾ

മോഹങ്ങളെ മണ്ണിട്ട്‌ മൂടിയപ്പോൾ അവ വേദനകൾ തഴച്ചു വളരുന്ന വൃക്ഷങ്ങൾക്ക് വളമായി. വേരുകളിൽ മോഹഭംഗങ്ങൾ ഊട്ടി ആ മരങ്ങൾ വളർന്നു പന്തലിച്ചപ്പോൾ, അവയുടെ തണലുകളിൽ ഞാനഭയം തേടി...

കുന്നുകൂടിയ വേദനകൾ നാഗങ്ങളെപ്പോലെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കി. വേദനാസംഹാരികൾ നൽകുന്ന സമാശ്വാസ നിമിഷങ്ങൾക്ക് ദൈർഘ്യം നന്നേ കുറവായിരുന്നു. സ്ഥിരീകരിക്കപ്പെടാത്ത കാഠിന്യ൦ നിറഞ്ഞ വേദനകൾ ആസ്സഹനീയമായൊരവസ്ഥ നല്കി. മനസ്സും, മനസ്സുഖവും നഷ്ടപെട്ട നിമിഷങ്ങളുടെ വേവലാതികളായി ആ വേദനകൾ മാറി...

മനശാന്തി തേടിയുള്ള എന്റെ യാത്രകൾ അതിരുകളില്ലാത്തതായിരുന്നു...

കുഴച്ചു മെനഞ്ഞെടുത്ത കളിമണ്‍ പ്രതിമകളുടെ ആത്മരോദനം പോലെ, കരങ്ങൾ നീട്ടിപ്പിടിച്ച് എന്റെ നേരെ നിസ്സഹായതയുടെ നോട്ടമയച്ച ജീവിതത്തിനു നാശമെന്ന വ്യാഖ്യാനം നൽകുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു...
സഹതാപത്തിന്റെ കണ്ണുകൾക്ക് ശാരീരിക വേദനകളെക്കാൾ നൊമ്പരം നൽകുവാൻ നിഷ്പ്രയാസ്സം സാധിക്കുന്നുണ്ടായിരുന്നു...

ഓ ഹൃദയമേ, നിന്റെ വേദനകളെ ഞാനറിയുന്നു. മറ്റാരേക്കാളുമുപരി നിന്നിലെ വൃണങ്ങളെ ഞാൻ കാണുന്നു. ജീവന് വേണ്ടിയുള്ള നിന്റെ സ്പന്ധനങ്ങളെ ഞാൻ കേൾക്കുന്നു. നിസ്സഹായത മാത്രമാണെന്റെ കൈമുതൽ. നിന്നെയോർത്ത്, നിന്റെ വേദനകളെയോർത്ത് സഹതപിക്കുവാൻ ഞാനല്ലാതെ വേറാരുമില്ല താനും. നിന്റെ സ്പന്ദനം നിലയ്ക്കും വരേയ്ക്കും നിനക്ക് കൂട്ടായി ഞാൻ മാത്രം...