Saturday, July 28, 2012

അരിമ്പാറയും സമ്മാനവും


ജനിച്ചപ്പോള്‍ മുതല്‍ ദൈവം എനിക്കത് ഇഷ്ടംപോലെ തന്നു.

എന്തൂട്ടാന്നാണോ?

അത് തന്നെ. കഴുത്തില്‍ ഒരു പാലുണ്ണി, കയ്യിലും കാലിലും ശരീരത്തിലും എല്ലാം ആവശ്യത്തില്‍കൂടുതല്‍ കാക്കപുള്ളി (അത്രയ്ക്കൊന്നുമില്ല. കുറച്ച് കൂട്ടി പറഞ്ഞില്ലേല്‍ ഒരു ഇത് ഇണ്ടാവില്ലല്ലോ ലേത്?), ഇതൊന്നും പോരാഞ്ഞ് ഇടത്കാല്‍മുട്ടിലൊരു വല്ല്യ അരിമ്പാറയും.

സന്തോഷം!

വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അതൊക്കെ ഭാഗ്യത്തിന്‍റെ അടയാളങ്ങള്‍ ആയി തോന്നിയെങ്കിലും എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ഒരു ഭാഗ്യവും പ്രത്യേകിച്ച് എനിക്കുണ്ടായിട്ടില്ല.

ഉദാഹരണത്തിന് ഞാന്‍ മത്സരിക്കുന്ന ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഞാന്‍ ഇരട്ട സെഞ്ച്വറി അടിച്ചാല്‍ (സംഭവം ചുമ്മാതാ, ഒരു വെയിറ്റിനു ഇരിക്കട്ടെ) കളിതീരും മുമ്പ് അത് മീനവേനല്‍ ആയാല്‍ പോലും മഴ മൂലം കളി നിര്‍ത്തിയും വയ്ക്കും.

ഇനി ഞാന്‍ ലോട്ടറി എടുത്താലോ? അന്നുവരെ ജീവിതത്തില്‍ ഒരു ലോട്ടറി കാണുകപോലും ചെയ്യാത്ത ഏതെങ്കിലും മാന്യന് ലോട്ടറി അടിക്കും.

എന്‍റെ കഷ്ടകാലത്തിന് ഞാന്‍ ഏതെങ്കിലും പെണ്‍കുട്ടിയെ ഒന്ന് പ്രേമിക്കാന്‍ ശ്രമിച്ചാല്‍, അവള് വല്ല കണ്ണ്പൊട്ടന്‍റെയും കൂടെ ഒളിചോടിപോകും.

അത്രയ്ക്കും ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന സുന്ദരനും, സുമുഖനും, സുശീലേച്ചിയുടെ അയല്‍ക്കാരനുമായ ഞാന്‍ അരിമ്പാറ കാലില്‍ ഒരു മഹാവ്യാധി ആണെന്നും സര്‍വോപരി നിക്കറിടുമ്പോള്‍ കാല്‍ മുട്ടിലെ ഈ അരിമ്പാറ എന്‍റെ സൗന്ദര്യത്തിന് കളങ്കം വരുത്തുന്നു എന്ന് മനസ്സിലാക്കുകയും, അതിനെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തതില്‍ എന്താണ് തെറ്റ്?

അത്പക്ഷേ കേട്ടവര്‍ കേട്ടവര്‍ നെറ്റിചുളിച്ചു. അതൊന്നും ശരിയാവില്ല പോലും.
എന്തൂട്ട് ശരിയാവില്ലെന്ന്? എന്‍റെ കാലിലെ ഒഴിയാബാധയായ അരിമ്പാറയെ ഒഴിവാക്കുന്നതില്‍ അവര്‍ക്കെന്തു നഷ്ടം?

അങ്ങനെ അവസാനം എന്‍റെ അമ്മൂമ വേണ്ടി വന്നു എന്നോട് സഹതപിക്കാനും എന്നെ സഹായിക്കാനും.

മരുന്നും കിട്ടി. കിണറ്റില്‍ മുതിര കൊണ്ടിടണം പോലും!

എന്തിന്?

അരിമ്പാറ കൊഴിഞ്ഞുപോകും എന്ന്!!

ഇട്ടു. മുതിര കിണറ്റില്‍ കിടന്ന മീനുകള്‍ക്കൊരാഹാരമായതല്ലാതെ എന്‍റെ അരിമ്പാറ അനങ്ങിയതുപോലുമില്ല.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു സങ്കടം മനസ്സില്‍ ചുമ്മാ ഓടിനടക്കും.
അന്ന് ഞാന്‍ കിണറ്റില്‍ ഇട്ട മുതിര കച്ചോടം ചെയ്തിരുന്നുവെങ്കില്‍ ഇന്നെന്‍റെ കുടുമ്മം രക്ഷപെട്ട് പോയേനെ.

ഹാ പോയ ബ്രേവ്നെസ്സ് ഓട്ടോയില്‍ പോയി വിളിച്ചാലും തിരിച്ച് വരില്ലല്ലോ

അങ്ങനെ വീണ്ടും ഞാന്‍ അരിമ്പാറയെ നോക്കി നെടുവീര്‍പ്പിട്ടു.
അമ്മൂമ അധികം താമസിയാതെ പുതിയ പ്രയോഗവുമായി വന്നു.

ഒരു നീളമുള്ള തലമുടി, മലയാറ്റൂര്‍മല കയറി മലമുകളില്‍ വച്ച് അരിമ്പാറയില്‍ കെട്ടിയിടുക! എന്തിനാ?
സംഭവം ഒരുമാസം കൊണ്ട് അടര്‍ന്നു പോവൂത്രേ!!!!!

ഞാന്‍ പിന്നൊന്നുമാലോചിച്ചില്ല. ഐഡിയ തന്ന അമ്മൂമയുമായി തന്നെ മലയാറ്റൂര്‍ മല കയറാന്‍ തീരുമാനിച്ചുകൊണ്ട് "പൊന്നുംകുരിശു മുത്തപ്പോ പൊന്മല കേറ്റം" എന്ന പ്രാര്‍ത്ഥന മുദ്രാവാക്യം പോലെ ചൊല്ലിപഠിച്ചു കാത്തിരുന്നു.

ഫ്ലൈറ്റ് (ബസ്‌)),) ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. അങ്ങനെ ഒരു ദുഖവെള്ളിയാഴ്ച ഞാന്‍ സന്തോഷത്തോടെ മലയാറ്റൂര്‍ക്ക് വണ്ടി കേറി.
അന്നെനിക്ക് എന്തോ എന്‍റെ പിറന്നാളിനെക്കാളും, ക്രിസ്മസിന് കേക്ക് മുറിക്കുമ്പോള്‍ തുള്ളിചാടുന്നതിനെക്കളും ആഹ്ലാദം ആയിരുന്നു. മലകയറി തുടങ്ങിയപ്പോഴേക്കും എന്‍റെ ആവേശം സങ്കടത്തിലേക്ക് കൂപ്പുകുത്തി.

പ്രതീക്ഷിച്ചപോലെ ഒരു സുഖവുമില്ല ഈ മലകയറാന്‍.
കുറച്ച്കേറി കഴിഞ്ഞപ്പോള്‍ എന്‍റെ ആവേശം തളര്‍ന്നു.
ഇത്തിരി വെള്ളം കുടിപ്പിച്ച് അമ്മാമ എന്നെ വീണ്ടും നടത്തി,
എന്‍റെ ആവേശം അണയാറായി. ഞാന്‍ വീണ്ടും തളര്‍ന്നൊരു പാറയില്‍ കിടന്നു.
അമ്മാമ വിടുമോ പിന്നേം വെള്ളം ആഫ്റ്റര്‍ നടത്തം. എന്‍റെ ആവേശം കെട്ടു.
മുകളില്‍ എത്തിയപ്പോഴേക്കും എന്‍റെ ആവേശം മരിച്ച് അതിന്‍റെ ഏഴും, പതിനൊന്നും കഴിഞ്ഞ് നാല്‍പ്പത്തിയൊന്നിന് കുര്‍ബാന കൂടുകയായിരുന്നു.

എങ്കിലും അമ്മാമ എന്നെ കുരിശുവരപ്പിച്ച്, എന്‍റെ അരിമ്പാറയില്‍ മുടികൊണ്ട് താലികെട്ടി. ഈ ബന്ധം എത്രയും പെട്ടെന്നെന്നെ ഉപേക്ഷിച്ച് പോകണേ കര്‍ത്താവേ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.

അരിമ്പാറ പോയിക്കഴിഞ്ഞ് അവിടെ വെളുത്തിരിക്കുമോ? അതോ കറുത്തിരിക്കുമോ? അരിമ്പാറ പോയ ഇടം മാത്രം കറുത്തിരുന്നാല്‍ കൊള്ളാമായിരുന്നു. കാരണം ബാക്കി ദേഹം മുഴുവന്‍ തൊള്ളായിരത്തി പതിനാറു ബീട്ട്രൂറ്റ്‌ ഗ്യാരണ്ടി കളര്‍ ആയതോണ്ട് കറുപ്പ് ഇങ്ങനെ എടുത്ത് നില്‍ക്കും (എവിടെ?) എന്നുള്ള ശുഭാപ്‌തിവിശ്വാസങ്ങളും, ആശങ്കകളും, ചിന്തകളും വ്യാകുലപെടുത്തിയ മനസ്സുമായി ഞാന്‍ മലയിറങ്ങി.

തുടര്‍ ദിനങ്ങളില്‍ കാലത്ത്‌ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അരിമ്പാറയെ സൂക്ഷിച്ചു നോക്കിത്തുടങ്ങി. എന്തെങ്കിലും മാറ്റം ഉണ്ടോന്നറിയാന്‍ വേണ്ടി.

അവിടേയും ഭാഗ്യദേവത എന്നെ തുണച്ചു. അരിമ്പാറയിലെ താലിച്ചരട് രണ്ടാം ദിവസം പൊട്ടിപോയി.

അരിമ്പാറ തൃശൂര്‍ റൌണ്ടില്‍ കാക്കകള്‍ പറന്നും, നടന്നും, ഇരുന്നും ഷിറ്റിയിട്ടും കുലുങ്ങാത്ത ശക്തന്‍ തമ്പുരാന്‍റെ പ്രതിമയെപ്പോലെ എന്നെ നോക്കി നിന്നു. സങ്കടം കൊണ്ടെന്‍റെ കണ്ണില്‍ ഇരുട്ട് കേറി. ഈ മാരണത്തെ ഒഴിപ്പിക്കാന്‍ വേണ്ടി  കല്ലും മുള്ളും ചവിട്ടി മല കേറിയത് വെറുതെ ആയല്ലോ എന്നോര്‍ത്ത് ഞാന്‍ വിങ്ങിപൊട്ടി, ഒരു രക്ഷയുമില്ല. ഈ കുരുപ്പ് എന്നേം കൊണ്ടെ പോകൂ എന്ന് ഞാന്‍ ഉറപ്പിച്ചു.

നിരാശയിലും, വേദനയിലും തള്ളിനീക്കിയ കുറച്ച് ദിനരാത്രങ്ങള്‍ക്ക് ശേഷം
പ്രത്യേകിച്ചൊരു മുന്‍കരുതലൊന്നുമില്ലാതെ ഒരുദിവസം പ്രതീക്ഷിക്കാതെ വെളുപ്പിന് അഞ്ച് മണിക്ക് മുമ്പ് തന്നെ പ്രഭാതം പൊട്ടിവിരിഞ്ഞു.
ഒരുമാതിരി ആളെകളിയാക്കുന്ന പരിപാടി....

ഞാന്‍ എണീറ്റ്‌ പതിവുപോലെ സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പില്‍ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞ് സമയനെ കൊന്നുകൊണ്ടിരുന്നു. കൃത്യം സമയമായപ്പോള്‍ മടിപിടിച്ച മനസ്സുമായി അടിയെപേടിച്ച് ഞാന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായി.

അന്നെനിക്ക് സ്കൂളില്‍ വച്ച് ക്ലാസില്‍ പഠിച്ച് ഒന്നാമന്‍ ആയതിന്‍റെ സമ്മാനം കിട്ടി. എന്‍റെ  സ്കൂള്‍ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയുമായ ഒന്നാംസ്ഥാനം. എന്‍റെ മേമയുടെ (അമ്മയുടെ അനിയത്തി) അടിയും, പിച്ചും അവസാനം എന്നെ ഒന്നാം റാങ്ക്കാരനാക്കി. സ്റ്റേജില്‍ കേറിയപ്പോള്‍ ഞാന്‍ ആകെ അമ്പരന്നു. ഇനി ഞാന്‍ തന്നെയല്ലേ? സമ്മാനം വാങ്ങേണ്ടത്? നമ്മള്‍ക്കിതൊക്കെ അന്വേഷിക്കാന്‍ സമയം എവിടെ കിടക്കുന്നു. ജയിച്ചോ തോറ്റോ എന്നുപോലും അറിയില്ല.
എന്തായാലും ഞാന്‍ സമ്മാനം വാങ്ങാന്‍ തീരുമാനിച്ചു.

സമ്മാനം കിട്ടിയ സര്‍ട്ടിഫിക്കേറ്റും ഗ്ലാസും (സ്റ്റീലിന്‍റെ) കൊണ്ട് ഞാന്‍ ഓടി. മേമേടെ അടുത്തേക്ക്‌., എവിടേം നിന്നില്ല. ഒട്ടത്തോട് ഓട്ടം.
ഓടിവഴികള്‍ താണ്ടി, കനാലിന്‍റെ അടുത്തേക്ക്‌ വിജയലക്ഷ്യത്തിലേക്ക്‌ കുതിക്കുന്ന മാരത്തോണ്‍ ഓട്ടക്കാരനെപോലെ ഞാന്‍ ഓടി. മേമയുടെ മുന്നില്‍ വിജയശ്രീലാളിതന്‍ ആയി നില്‍ക്കാന്‍ ഒരു മോഹം.
പ്തുക്കോ!!!!!!

ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു. ഭൂമിദേവിയെ ചുംബിക്കാന്‍ എനിക്കൊരവസരം തന്നു...
തികച്ചും അപ്രതീക്ഷിതമായ ഒരനുഗ്രഹം ആയിരുന്നു അത്.
പെട്ടെന്ന് അറിയിക്കാതിരുന്നതുകൊണ്ട് ഭൂമിദേവിക്ക് കാഴ്ചവെയ്ക്കാന്‍ എന്‍റെ മുന്‍നിരയിലെ പുഴു തിന്നാത്ത നല്ലൊന്നാന്തരം പല്ല് മാത്രമേ അന്നേരം എന്‍റെ കയ്യിലുണ്ടായിരുന്നുള്ളൂ... കൂടെ ഒരല്‍പം രക്തവും.

ഉരുണ്ടു പിരണ്ട് ഞാന്‍ പയ്യെ എണീറ്റ്‌ ചുറ്റിനും നോക്കി. എന്‍റെ കഷ്ടകാലത്തിന് അവിടെ ഒരു മനുഷ്യന്‍പോലും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വാവിട്ടു കരഞ്ഞ് ഒന്ന് അര്‍മാധിക്കാം എന്ന് വിചാരിച്ച എന്‍റെ കണക്ക്കൂട്ടലുകള്‍ തെറ്റി.

തെറ്റിയ കണക്ക് കൂട്ടലുകള്‍ നിശബ്ദതയുടെ കണ്ണീര്‍ മുത്തുകളായി.

വായില്‍ ഉപ്പും, ചുരുട്ടി പിടിച്ച ഇടതുകയ്യില്‍ ഭൂമിയില്‍ പതിച്ച എന്‍റെ പല്ലും, മറുകയ്യില്‍ സര്‍ട്ടിഫിക്കറ്റും, പിന്നെ ഗ്ലാസ്സും മേലാസകാലം പൊടിയും മണ്ണും, ട്രൌസറില്‍ അവിടവിടെ ചെറിയ ഓട്ടകളും, പപ്പടകളര്‍ ഷര്‍ട്ട് ചുമന്നുമിരുന്നു. അങ്ങനെ വല്ല്യ പരിക്കുകള്‍ ഒന്നും പറ്റാതെ, വീഴ്ച നല്‍കിയ ആഘാതം കണക്കിലെടുക്കാതെ ഞാന്‍ വീട്ടില്‍ വന്നു കയറി.

എന്നെ കണ്ട മേമ ഒന്ന് ഉറക്കെ ഒച്ചവച്ചു.

അത് പിന്നെ, സമ്മാനം കിട്ടിയ സര്‍ട്ടിഫിക്കറ്റ് നിറയെ രക്തവും, ചെളിയും, കൂടാതെ രണ്ടുമൂന്ന് ഓട്ടയും, സ്റ്റീല്‍ ഗ്ലാസ്സ് സ്വല്പം ചെളുങ്ങിയ ഗ്ലാസ്സാണോ കപ്പാണോ എന്ന അവസ്ഥയുമായി അതില്‍ നിറയെ ഉരുളന്‍ ചരല്‍ നിറഞ്ഞത് കൊട്നും ആവാം എന്ന് കരുതി ഞാന്‍ സമാധാനിച്ചു. പിന്നെ എന്‍റെ വേഷഭൂഷാധികള്‍ ആരെയും ഹരം കൊള്ളിക്കുന്നവയും ആയിരുന്നല്ലോ?

അതിന്‍റെ സന്തോഷത്തില്‍ മേമ കൂക്കി വിളിച്ചതായിരിക്കും എന്ന് കരുതിയ ഞാന്‍ അപ്പോഴാണ്‌ ആ കാര്യം ശ്രദ്ധിച്ചത്. എന്‍റെ ഇടതുകാല്‍മുട്ടില്‍ ഒരു വേദന. നോക്കിയപ്പോള്‍ എന്‍റെ അരിമ്പാറ കാണാനില്ല!!

എവിടെപ്പോയി? എന്നാലോചിക്കുമ്പോള്‍ അവിടെ ഒരു കുഞ്ഞിക്കല്ല് ഇരിക്കുന്നു... ഇതെന്ത് കോപ്പാ എന്‍റെ അരിമ്പാറ കല്ല്‌ തിന്നോ? അതോ ഇനി രാജിവച്ച് എന്നോട് പിണങ്ങിപ്പോയോ?

ഒന്നും മിണ്ടാതെ നിന്ന ഞാന്‍ മേമയുടെ മുഖത്തേക്ക്‌ ''ഞാന്‍ ഇത്രേം ചെയ്തിട്ടും ചീത്തവിളിക്കുന്നില്ലേ?" എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ എനിക്ക് വീണ്ടും ഒരു കാര്യം മനസ്സിലായി. മേമയുടെ സംസാരശേഷി നഷ്ടപെട്ടിരിക്കുന്നു. അനങ്ങുന്ന ചുണ്ടുകളില്‍കൂടി ശബ്ദം പുറത്തേക്ക് പ്രവഹിക്കുന്നില്ല.

ഒടുക്കം ഒന്നുറങ്ങി എണീറ്റ ഞാന്‍ വീഴ്ചയുടെ ആഘാതത്തില്‍ നിന്നും ഒരുവിധം മോചിതനായപ്പോളാണ് നല്ല മണി മണി പോലെ സംസാരിക്കുന്ന എന്‍റെ മേമയെ ഞാന്‍ കണ്ടത്‌
മേമയുടെ സംസാരശേഷി നഷ്ടപെട്ടില്ല എന്ന് ഞാന്‍ അത്ഭുതത്തോടെ മനസ്സിലാക്കി.
മേമയുടെ ആദ്യത്തെ അലര്‍ച്ചയില്‍ തന്നെ എന്‍റെ ചെവി പേടിച്ച് ബോധം കേട്ടതുകൊണ്ടാണ് എനിക്ക് പിന്നീട് പറഞ്ഞ സിനിമാകഥകള്‍ ഒന്നും കേള്‍ക്കാതിരുന്നതെന്നും,
ഭൂമിദേവി എന്നെ ആലിംഗനം ചെയ്തപ്പോള്‍ ഞാന്‍ ദക്ഷിണയായി പല്ല് മാത്രമല്ല, ഇടതു കാല്‍മുട്ടിലെ അരിമ്പാറയും സമര്‍പ്പിച്ചിരുന്നുവെന്നും ആ അരിമ്പാറയുടെ മേല്‍ഭാഗത്തെ തൊലി പോയി അതൊരു വലിയ പാലുണ്ണി പോലെ മിനുസമുള്ളതായിത്തീര്‍ന്നിരിക്കുന്നു എന്നുമൊക്കെ ഞാന്‍ അറിഞ്ഞപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

കാര്യങ്ങളെല്ലാം എന്‍റെ കൈവിട്ട് പോയിരുന്നു.

അങ്ങനെ പാലുണ്ണിയായി മാറിയ അരിമ്പാറയും, സര്‍ട്ടിഫിക്കറ്റും ഗ്ലാസ്സും ഒക്കെ സുഖമുള്ള ഓര്‍മ്മകള്‍ എന്നില്‍ നിറയ്ക്കുന്നു.

Saturday, July 21, 2012

ജനനം അഥവാ പുറപ്പാട്

1986 ജനുവരി 1ലെ ഒരു തണുത്ത പ്രഭാതം....

സമയം ഏതാണ്ട് ഒരു രണ്ടു രണ്ടര ആയിക്കാണും...

തൃശ്ശൂര്‍ ജില്ലയിലെ കൊടകരയ്ക്കടുത്തുള്ള ആളൂര്‍ ഗവണ്മെന്‍റ് ആശുപത്രിയുടെ ലേബര്‍ മുറിയുടെ വാതിലില്‍ രണ്ട് രൂപങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
ഒന്ന് അകത്ത് പ്രസവിക്കാന്‍ പോയിരിക്കുന്ന മഹതിയുടെ അപ്പനും, മറ്റേത് പ്രസ്തുത അമ്മായി അപ്പനും.
ചുമരിനോട് ചേര്‍ന്നിട്ടിരിക്കുന്ന ഒരു അഴികളുള്ള ബെഞ്ചില്‍ രണ്ട് സ്ത്രീരൂപങ്ങള്‍. ഉറങ്ങണോ? വേണ്ടായോ? എന്ന് ചിന്തിച്ച് ഇടയ്ക്കിടയ്ക്ക് തല കുമ്പിടുന്ന പ്രക്രിയ ഇടതടവില്ലാതെ തുടന്നുകൊണ്ടേ ഇരിക്കുന്നു. അവരാണ്, അകത്തെന്ത്‌ നടക്കുന്നു എന്നറിയാതെ, ആശുപത്രി വരാന്തയില്‍ പരക്കം പായുന്ന  പുരുഷ കേസരികളുടെ വാമഭാഗങ്ങള്‍....!!.

പെട്ടെന്ന് ദിഗന്തങ്ങള്‍ ഭേധിക്കുമാറ് ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു....

ഉലാത്തുന്ന ആണുങ്ങള്‍ വാതിലിനു മുന്നിലേക്കോടി, ഉറക്കം തൂങ്ങിയ സ്ത്രീജനങ്ങള്‍ പാതിരാത്രിയില്‍ തങ്ങളുടെ ഉറക്കം നഷ്ടപെടുത്തിയ ആ അട്ടഹാസം തങ്ങളില്‍ ആരെങ്കിലുമാണോ പുറപ്പെടുവിച്ചത് എന്നറിയാതെ മുഖത്തോട് മുഖം നോക്കി കോട്ടുവായിട്ടു.


അങ്ങനെ ഞാന്‍ ഭൂജാതനായി. പണ്ട് യേശുക്രിസ്തു ജനിച്ചപ്പോള്‍ ആകാശത്ത് നക്ഷത്രം ഉദിച്ചെങ്കില്‍ എന്‍റെ ജനനസമയത്ത് ആകാശത്ത്‌ നഷത്രം മാത്രമല്ല, അമിട്ടും, പടക്കവും, കമ്പിത്തിരി, പൂത്തിരി, മത്താപ്പും ലോകം മുഴുവന്‍ പ്രകാശം പരത്തി, അതെന്‍റെ ജനനത്തിന്‍റെ മഹാത്മ്യം കൊണ്ടൊന്നുമല്ല, അന്ന് "ജനുവരി ഒന്ന്" ആയിരുന്നു, അതായത്‌ "ന്യൂ ഇയര്‍"

വയറ്റില്‍ വച്ച് തന്നെ ഞാന്‍ കളരിയും, കരാട്ടെയും തപാല്‍ വഴി അഭ്യസിച്ചിരുന്നത് കൊണ്ട് തന്നെ പിറന്നു വീണ ഉടനെ ഞാന്‍ ഭൂമിയിലെ പ്രാക്ടീസ്‌ തുടങ്ങി എന്നാണു കേട്ടുകേള്‍വി. എന്നെ കരിവാരിത്തേക്കാന്‍ ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന ഓരോ അപവാദങ്ങള്‍ ആയി മാത്രേ നമ്മള്‍ ഇതൊകെ കേട്ടിട്ടുള്ളൂ. അന്നും ഇന്നും.

അമ്മവീട്ടിലും അപ്പന്‍റെ ഭവനത്തിലും ഭയങ്കര ആഘോഷം.
"എന്തൂട്ടാ സംഭവം? എന്തുകോപ്പിനാ ഈ സാധനങ്ങള്‍ ഒരു കൊച്ചുണ്ടായിന്നും പറഞ്ഞ് ഇത്രേം അഭ്യാസം കാണിക്കണേ? ലോകത്തൊന്നും ക്ടാങ്ങള്‍ ഉണ്ടായിട്ടില്ല്യെ?"
എന്നൊക്കെ പറയുന്ന കുശുമ്പന്‍മാരായ നാട്ടുകര്‍ക്ക് കഥകള്‍ വല്ലതും അറിയുമോ?
രണ്ടു കുടുംബങ്ങളിലെയും കടിഞ്ഞൂല്‍ സന്തതികള്‍ക്കുണ്ടായ, മുതുകില്‍ ഭാഗ്യത്തിന്‍റെതായ ഒരു കറുത്ത മറുകോടുകൂടി പിറന്ന, ആരോഗ്യമുള്ള   തറവാടിന്‍റെ പുതിയ കിരീടാവകാശി ആണ് ഞാന്‍... ആനന്ധലബ്ധിക്കിനി വേറെന്തു വേണം?

പക്ഷെ കാര്യങ്ങള്‍ കുഴപ്പത്തിലായത് എനിക്ക് ഒരു എട്ടു ഒന്‍പതു വയസായതി ശേഷമാണ്.
ജനനം മുതല്‍ ഞാന്‍ വളരെ "ഡീസെന്‍റ്" ആന്‍ഡ്‌ "പാവം" ആയതിനാല്‍ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നാണ് എന്‍റെ അവകാശവാദം. പക്ഷെ അത് തെറ്റാണെന്നാണെന്‍റെ അമ്മയുടെ ഒപ്പോസിഷന്‍..

ജനിച്ച് മാസങ്ങള്‍ പ്രായമുള്ള പല രാത്രികളിലും ഒരു കാരണമോ പ്രകോപനമോ ഇല്ലാതെ കരഞ്ഞു തളര്‍ന്ന എന്നെയും കൊണ്ട് ആശുപത്രിയിലേക്കൊടുന്ന വേളയില്‍ പാതിവഴിയില്‍ വച്ച്  പിറകില്‍ വരുന്ന എന്‍റെ ഇളയപ്പനെ നോക്കി ഞാന്‍ ചിരിക്കുമാത്രേ, തുടര്‍ന്ന് ചീത്തവിളികളുടെ അകമ്പടിയോടെ വീട്ടില്‍ കൊണ്ട് വരും എന്നതുമാണ് അമ്മയും കൂട്ടാളികളും എന്‍റെ നേര്‍ക്ക്‌ തൊടുത്തു വിടുന്ന ആരോപണങ്ങളില്‍ ഒന്ന്. അത് സത്യമാണെന്ന് ഞാന്‍ ഇന്ന് വരെ വിശ്വസിച്ചിട്ടില്ല. ഇതൊരു മൂന്നുവയസ്സ് വരെ ഞാന്‍ തുടര്‍ന്നു എന്നാണു അവരുടെ അനുമാനം. ചുമ്മാ...

പിന്നീടങ്ങോട്ട് വളരും തോറും എന്‍റെ ഓര്‍മ്മശക്തിയിലുള്ള പ്രാവീണ്യം കൂടി കൂടി വരുന്നതിനാല്‍ ആദ്യമാദ്യം എന്നെ അഭിസംബോധന ചെയ്തു വന്നിരുന്ന "കടിഞ്ഞൂല്‍പുത്രന്‍"'' എന്ന നാമധേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി ''കടിഞ്ഞൂല്‍പൊട്ടന്‍"'' എന്നാക്കി മാറ്റിയ എന്‍റെ കുടുംബത്തോട് ആന്നും ഇന്നും ഞാന്‍ യോജിച്ചിട്ടില്ല.

അമ്മവീട്ടിലെ അരുമ സന്താനം ആയതിനാല്‍ എനിക്ക് ട്രാന്‍സ്ഫര്‍ കിട്ടി പിതൃഭവനത്തില്‍ നിന്നും ഞാന്‍  അമ്മയുടെ സ്വദേശമായ "മനക്കുളങ്ങര"യിലേക്ക്‌ പോവുകയും പഠനം അവിടെ ആരംഭിക്കുവാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നോട് "നിനക്ക് പഠിക്കണോ" എന്നുപോലും ചോദിക്കാതെ...

ഒന്നാം ക്ലാസില്‍ മനക്കുളങ്ങര ലോവര്‍ പ്രൈമറി സ്കൂളിലെ എന്‍റെ വിദ്യാരംഭം അതിഗംഭീരം ആയിരുന്നു. എന്തുകൊണ്ടോ അംഗനവാടിയില്‍ എനിക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗനയില്‍ ആകൃഷ്ടനായിട്ടാവണം ഞാന്‍ തുടര്‍ച്ചയായി അംഗനവാടിയിലെ "ചോളം കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവും അവിടെയുള്ള ഉച്ചയുറക്കവും" എന്ന ഒരു വര്‍ഷത്തെ കോഴ്സ് രണ്ട് വര്ഷം വാശിപിടിച്ച ഒരു മാന്യന്‍ എന്ന പ്രോഗ്രസ് കാര്‍ഡുമായി ആണ് മനക്കുളങ്ങര എല്‍. പി. യുടെ മലര്‍ക്കെ തുറന്ന വാതായനങ്ങളിലൂടെ പ്രൈമറി വിദ്യാഭ്യാസത്തിന് കാലെടുത്തു വച്ചത്.
അധികം നാള്‍ എനിക്കാ സൗഭാഗ്യം ആസ്വദിക്കാന്‍ സമയം ലഭിച്ചില്ല എന്നുള്ളത് ഇന്നും വിഷമകരമായ ഒരു ഓര്‍മ്മയാണ്.

ഒരു ഞായറാഴ്ച ഞാന്‍ അപ്പന്‍ എന്ന് വിളിക്കുന്ന എന്‍റെ അപ്പൂപ്പന്‍, അമ്മയുടെ അപ്പന്‍ (അമ്മയുടെ കൂടെ വിളിച്ച് പഠിച്ചതാണ്) വീട്ടിലെ തത്തമ്മയ്ക്ക് പാലുകൊടുക്കുവാന്‍ വേണ്ടി എന്നെ വിളിച്ചു. തത്തമ്മ സംഗതി കോസ്റ്റ്ലി ആണ്. തൃശ്ശൂര്‍ അങ്ങാടിയില്‍ നിന്നും വാങ്ങിയതാണ് 'ഗെടി'യെ.
സംഭവം ആളൊരു ശിമിട്ടന്‍ കേസും ആണ്. എന്നെ മാത്രമല്ല വീട്ടിലെ എല്ലാവരെയും പേര് വിളിക്കും, നല്ല കലക്കന്‍ ആയി സംസാരിക്കും. ഈ ചുള്ളന്/ചുള്ളത്തിക്ക് പാല് കൊടുക്കാന്‍ വേണ്ടി ആയിരുന്നു അപ്പന്‍ കൂട് തുറക്കാന്‍ പറഞ്ഞത്‌.,
എന്നും കാണുന്ന തത്തമ്മ അല്ലെ? വലയിട്ട കൂടില്‍ കാറ്റ് കിട്ടാത്തത് കൊണ്ട് കിട്ടിക്കോട്ടെ എന്ന് കരുതിയാണോ എന്തോ ഞാന്‍ കൂടിന്‍റെ വാതില്‍ മലര്‍ക്കെ തുറന്ന് അതിന്‍റെ അഭ്യാസം കാണുവാന്‍ പുറകിലെ മതിലിലേക്ക് എന്‍റെ ശരീരത്തെ ചാരി കൂട്ടിലേക്ക് നോട്ടമയച്ചു.
തത്തമ്മ പതിയെ എന്നെ നോക്കി, പിന്നെ എന്‍റെ പേര് വിളിച്ചു, ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി തത്തമ്മ പയ്യെ തല മാത്രം വെളിയില്‍ കാണിച്ചുകൊണ്ട് എന്‍റെ പേര് ഉറക്കെയുറക്കെ വിളിച്ചു. ഞാന്‍ ആ വിളി കേട്ട് കോരിത്തരിച്ചിരുന്ന സമയത്ത് ആ 'രോമം' പറന്നു അപ്പുറത്തെ പ്രിയൂര്‍ മാവിന്‍റെ മേലെ കേറി. അവിടെ നിന്നും പയ്യെ ആകാശവിധാനത്തിലേക്ക്.
ഞാന്‍ തിരിഞ്ഞോടാന്‍ ഭാവിക്കുമ്പോള്‍ അപ്പന്‍ പയ്യെ പാത്രത്തില്‍ പാലുമായി വരുന്നു.
ചാരിനില്‍ക്കുന്ന മതില്‍ എന്‍റെ മേല്‍ മറിഞ്ഞു വീണെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു.
തത്തയ്ക്ക് പകരം എന്‍റെ പപ്പും പൂടയും പറിച്ച് കൂട്ടിലിടും എന്ന് ഞാന്‍ ഉറപ്പിച്ചു.

ഒഴിഞ്ഞ തത്തമ്മ പറന്നതിന്‍റെ പ്രകമ്പനത്തില്‍ ആടുന്ന വാതിലുകള്‍ ഉള്ള കൂടും, 'വെട്ടിയാല്‍ ചോരയില്ലാത്ത മുഖ'വുമായി, മിടിക്കുന്ന ഹൃദയവും, വിറയ്ക്കുന്ന കൈ കാലുകളുമായി, വളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്ന എന്നെ കണ്ട അപ്പന്‍ പയ്യെ തിരിച്ചുപോയി...
എന്തോ എന്നെ ഒന്നും പറഞ്ഞില്ല.

എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് പുള്ളിക്ക് അന്നെ അറിഞ്ഞിരിക്കണം...

ഞാന്‍ പക്ഷേ ഒരു രണ്ട് ദിവസം ആ കൂടിന്‍റെ ചുറ്റുവട്ടത്തും ചുറ്റികറങ്ങി. എന്നെങ്കിലും പോയ തത്ത തിരിച്ചു വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

പക്ഷേ തത്ത പോയ സമയത്ത് അപ്പാപ്പനോട് ഞാന്‍ ഇങ്ങനെ മൊഴിഞ്ഞതോര്‍ക്കുന്നുണ്ട്.
''അപ്പാ നമ്മടെ വീട് തൊറന്നിട്ടിട്ട് ആരും പോയിട്ട് തിരിച്ചു വരാണ്ടിരിക്കണില്ലല്ലോ? വൈന്നേരം ചോറുണ്ണാറാവുമ്പോള്‍ എല്ലാരും വരാറില്ലേ? അപ്പന്‍ പേടിക്കണ്ട തത്ത പാല് കുടിക്കാന്‍ സമയാവുമ്പോള്‍ വന്നോളും" :))
ഒന്നും മിണ്ടാതെ അന്ന് അപ്പന്‍ തിരിച്ചുപോയപ്പോള്‍, എന്‍റെ വ്യസനവും, ഭയവും വര്‍ദ്ധിച്ചത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മൂത്രശങ്ക എന്നില്‍ വര്‍ധിച്ചു വരുകയും ചെയ്തു.
ഇന്നും ഞാന്‍ അവിടെയൊക്കെ പോകുമ്പോള്‍ ആ മാവും ആ കൂട് നിന്നിരുന്ന സ്ഥലവും നോക്കാറുണ്ട്.. ചുമ്മാ ഇനി പോയ തത്ത തിരിച്ചു വന്നിട്ടുണ്ടെങ്കിലോ?