Wednesday, June 26, 2013

എളേപ്പനും ഫാനും

പുത്യ വീട്ടില്‍ ഫാന്‍ ഫിറ്റ് സ്വയം ഫിറ്റ് ചെയ്യുന്ന ഇളയപ്പന്‍..., ആളാകെ സമുദ്ര നിരപ്പില്‍ നിന്നും കഷ്ടിച്ച് മൂന്നേമുക്കാല്‍ അടി പൊക്കം ഉള്ള വ്യക്തി ആണേലും, ശിങ്കമാ....

കാലില്‍ കൂടി റോഡ്‌ റോളര്‍ കയറ്റി ഇറക്കിയ മഹാന്‍ എന്ന പേര് ഒക്കെ ഉള്ള ആളാണ്‌ കക്ഷി...!!!

സംഭവം ടാറിംഗ് സൈറ്റിലെ ടാറും, ബേബി മെറ്റലും മിക്സ് ചെയ്യുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ആണ് ഇളയപ്പന്‍...
ഒരൂസം പെണ്ണ് വീടിന്‍റെ അടുത്തുള്ള റോഡ്‌ ടാറിങ്ങ്...
പെണ്ണ് വീട്ടിലും പരിസരങ്ങളിലും ഒരല്‍പം വില കിട്ടാന്‍ വേണ്ടി ഇളയപ്പന്‍ ഒന്ന് ഉഷാര്‍ ആയതാ...
നാട്ടുകാര്‍ നോക്കി നില്‍ക്കേ മിക്സര്‍ മെഷീന്‍റെ മോളില്‍ നിന്ന്, ഹൈജമ്പ് ചെയ്തു റോഡില്‍ ലാന്‍ഡ്‌ ചെയ്തതാ മൊതല്...
അടുത്തൂടെ റോഡ്‌ നിരപ്പാക്കി വരുന്ന ചെറിയ! റോഡ്‌ റോളര്‍ കണ്ണില്‍ പെട്ടില്ല...!!!

അമ്മച്ചീ എന്ന് വിളിച്ചോണ്ട് മലന്നു വീണ അളിയന്‍ നീണ്ട 15 ദിവസം കഴിഞ്ഞാ അബോധാവസ്ഥയില്‍ നിന്നും സുബോധത്തിലേക്ക് തിരിച്ചു വന്നത്...
ചുറ്റും കൂടി നിന്ന് കരയുന്ന ബന്ധുമിത്രാദികളെ നോക്കി കണ്ണ് തുറന്ന ഉടനെ "ഏയ്‌ അതൊന്നും കൊഴ്പ്പില്ല്യ, ഞാന്‍ ആ റോഡ്‌ റോളര്‍ കണ്ടില്ല..." എന്ന് സിമ്പിളന്‍ ഡയലോഗ് വിട്ടവന്‍ നമ്മടെ ഇളയപ്പന്‍'!!!

ടാറിങ്ങ് ഒക്കെ കഴിഞ്ഞു ഡൈലി രാത്രി എട്ട്/ഒമ്പത് മണിയോടെ ടാര്‍ ആന്‍ഡ്‌ മെറ്റല്‍ മിശ്രിതം കൊണ്ടിടാന്‍ ഉപയോഗിക്കുന്ന കൊച്ചു ടിപ്പര്‍ പെട്ടി ഓട്ടോയില്‍ വീടിന്‍റെ സിറ്റ് ഔട്ടിലേക്ക് അണ്‍ലോഡ് ചെയ്യപ്പെടുന്ന ഇളയപ്പന്‍'...
മേമ (ഇളയമ്മ) മക്കളോട് "വാ മക്കളേ പ്രാഞ്ചിയെ കൊണ്ട് വന്നിട്ടുണ്ട്"!!! എന്ന് പറഞ്ഞു, ബോധമില്ലാതെ, ഇഴയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കിടക്കുന്ന എളേപ്പന്‍ മൊതലിനെ പൊക്കി എടുത്ത് കിടക്കയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്ന രീതി ഭയങ്കര രസാ കാണാന്‍'...
ചിരിച്ചു ചിരിച്ചു ആള് ഒരു പരുവാകും...

എന്നാലും അവരുടെ കുടുംബ ജീവിതത്തില്‍ ഇന്ന് വരെ വലിയ യുദ്ധങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല...

പണി എടുത്ത് കിട്ടുന്ന കാശ് അധികമൊന്നും ചിലവാക്കില്ല, നേരെ വീട്ടില്‍ കൊണ്ടുവന്നു കൊടുത്തോളും...

എല്ലാ ജോലിയും ചെയ്യും, സ്വന്തം ഓട്ടോറിക്ഷ പത്തു പൈസ കൊടുത്ത് റിപ്പയര്‍ ചെയ്യില്ല അളിയന്‍!!!
എല്ലാം സ്വയം പണികള്‍ ആണ്...
അതുകൊണ്ട് തന്നെ അഞ്ചു വര്‍ഷക്കാലയളവില്‍ ഏകദേശം ആറോ ഏഴോ ഓട്ടോറിക്ഷ മാറ്റി വാങ്ങിയിട്ടുണ്ട്...
അതൊക്കെ ഒരു കഥയാ...

അങ്ങനെ ഡൈനിംഗ് ടേബിളിന്‍റെ മുകളില്‍ ഇട്ടിരിക്കുന്ന കസേരയില്‍ നിന്നാണ് എളേപ്പന്‍ ഗെഡി ഫാന്‍ ഫിറ്റ് ചെയ്യുന്നത്,
"ഞാന്‍ സഹായിക്കണോ പേപ്പാ" എന്ന് ചോദിച്ച എന്നോട്...
"ഹേയ്... നീയാ???"
"ടാ ചെക്കാ നീയൊന്നും ചെയ്‌താല്‍ കൂട്ട്യേക്കൂടില്ല. ഇത് വല്ല്യ തൊല്ലപിടിച്ച പണിയാ"
"നീ പൊക്കോ" ന്നു പറഞ്ഞ ആളെ കൊറച്ചു കഴിയുമ്പ ടേബിള്‍ ഒക്കെ ക്ലിയര്‍ ആക്കി ഫിറ്റ് ചെയ്ത എന്നാല്‍ ഫുള്ളില്‍ കറങ്ങുന്ന ഫാനിന്‍റെ ചോട്ടില്‍ ഇരുന്നു ചോപ്പന്‍ അടിക്കണ കണ്ട്,
മേമ ആശ്ചര്യത്തോടെ "ചേട്ടാ. നിങ്ങളിത് ഇത്ര പെട്ടെന്ന് ഫിറ്റ് ചെയ്തോ?"
ചോദ്യം കേട്ട് നിസ്സാരമായി ചിരിച്ചുകൊണ്ട് പേപ്പന്‍ "നീ എന്നെപറ്റി എന്തൂട്രീ വിചാരിച്ചേ, ഞാനേ പുല്ലന്‍ ഫാമിലി ആണ്. ഇതൊക്കെ എനിക്ക് നിസ്സാര സമയം മതി!!!" എന്നൊക്കെ പറഞ്ഞു ഭയങ്കര ഇമ്പ്രഷന്‍!!!
പെട്ടെന്ന്‍ ഗ്ലാസിലൊള്ള ചോപ്പനെ ഒറ്റ വലിക്ക് സ്കൂട്ടാക്കീട്ട്, താടീം മീശേം തൊടച്ചോണ്ട്‌ ഗഡി ഇങ്ങനെ...

"ഞാനുമത് തന്ന്യാ കൊര്‍ച്ച് നേരായിട്ടു ആലോചിക്കണേ...! കൊറേ ഫാന്‍ കണ്ടിട്ടും, സെറ്റ് ചെയ്തിട്ടും ഇണ്ട്, എന്നാലും ഈ മൈര് ഫാനിന് ഇത്രേം അധികം സ്ക്രൂ ബാക്കി വന്നത് എന്താണാവോ? ചെല്‍പ്പ അവര് സ്ക്രൂ അധികം ഇട്ടു കാണും ഇതിനാത്ത്"!
എന്നാലും ഈ റെഗുലേറ്റര്‍ ഫിറ്റ് ചെയ്യാന്‍ പറ്റണേ ഇല്ലല്ലോ!!!

നോക്ക്യപ്പോ, ഒരു മൂലയ്ക്ക് ദാണ്ടേ ഒരു കവറില്‍ അത്യാവശ്യത്തിന് ഫിറ്റ് ചെയ്യാന്‍ തന്ന സ്ക്രൂ, കൊര്‍ച്ച് കേബിള്‍, ചിരിച്ചിരിക്കണ ഉഷേടെ റെഗുലേറ്റര്‍ ഇത്യാദികള്‍ ഒതുക്കി മടക്കി വച്ചേക്കണ്...

ഹവ്വെവ്വര്‍, ആ ഫാന്‍ ഇന്നും ഇത്തവണ അവധിക്ക് പോയപ്പോഴും കറങ്ങുന്ന കണ്ട്...
ഇലക്ട്രീഷ്യന്‍ വന്നു അയാളുടെ രീതിയില്‍ ഫിറ്റ് ചെയ്ത ഫാന്‍ അന്ത്യശ്വാസം വലിച്ചിട്ടു വര്ഷം മൂന്നു കഴിഞ്ഞെന്ന് മേമ പറയുന്നുണ്ടായിരുന്നു...
പേപ്പന്‍ ഫിറ്റ് ചെയ്ത ഫാന്‍ സൂപ്പര്‍ വര്‍ക്കിങ്ങ് കണ്ടീഷനിലും...!

സംഭവം ഇതൊക്കെ ആണേലും ആള്‍ ഇമ്മടെ സോള്‍ ഗെഡി ആണ്...
ഒരുപാട് നോക്കി വളര്‍ത്തിയിട്ടുണ്ട് എന്നെ...
സ്കൂള്‍ അടയ്ക്കറാകുമ്പ൦ ബഹളം തൊടങ്ങും, ക്ടാവിനെ (എന്നെ) വിളിക്കാന്‍ പൂവാ, ക്ടാവിനെ കൊണ്ടരണം ന്ന്...
ഞാന്‍ ചെന്ന് കഴിഞ്ഞാ പിന്നെ ചെണ്ടാപുറത്തു കോല് വയ്ക്കണോടത്ത് (പൂരം/പള്ളിപ്പെരുന്നാള്‍') മുഴുവന്‍ ഓട്ടോയില്‍ കൊണ്ട് നടക്കും ആള്... :-)))


ഇത്തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍, എന്‍റെ അപ്പനും, അമ്മേടെ ആങ്ങളയും പിന്നെ പേപ്പനും, ഒരുമിച്ചിരുന്നു വെള്ളമടിക്കണ ടൈമില് എന്നെ വിളിച്ചിരുത്തി ബിയര്‍ കുപ്പി എടുത്ത് കയ്യീ തന്നിട്ട്...
"ഒരു ബീയര്‍ പോലും അടിക്കില്ല്യാന്നു പര്‍ഞാ പിന്നെ നീ എന്തൂട്ട് മൈരിലെ ക്രിസ്ത്യാനി ആണെടാ എന്ന് പറഞ്ഞു പ്രചോദനം നല്‍കിയ ആളാണ്‌ ഇമ്മടെ പേപ്പന്‍ ഗെഡി..."
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പ അമ്മേടെ ആങ്ങള നല്ല നീറ്റ് രണ്ടുപെഗ്ഗ് ഗള്‍ഫ് വിസ്കി വിത്ത്‌ മട്ടന്‍ റോസ്റ്റ് അടിപ്പിച്ച വിദ്വാന്‍ അന്നേരം ചെവിയില്‍, "നീ നല്ല കീറാണെന്നു എനിക്കറിയാം, എന്നാലും മാന്യത വിടാണ്ട് കേറ്റിക്കോ" ന്നു പിറുപിറുത്തതും,
തലേന്നു രാത്രി പതിനൊന്ന് മണിവരെ ബാറില്‍ ഒരുമിച്ചിരുന്നു വെള്ളമടിച്ച അപ്പന്‍ എന്നെ കണ്ണിറുക്കി കാണിക്കുന്നതും മൈന്‍ഡ് ചെയ്യാതെ ഞാനാ ഹേവാര്‍ഡ്‌സ് അയ്യായിരം വാള്‍ട്ട് ബിയറിനെ ഗ്ലാസ്സിലേക്ക്‌ പതയാതെ ശ്രദ്ധയോടെ പകര്‍ത്തുകയായിരുന്നു...

ഓര്‍ക്കാന്‍ രസമുള്ള വീണ്ടുമൊരവധിക്കാലത്തിനായി കാത്തു കാത്തിരിക്കുന്നു ഞാന്‍'...

Tuesday, June 18, 2013

ചെരുപ്പ് ചെക്കിങ്ങ്

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയുടെ ആങ്ങളയുടെ വീട്ടില്‍ പണിക്ക് ആള്‍ക്കാര്‍ നില്‍ക്കുന്നു...

സാധനങ്ങള്‍ വന്നു നില്‍ക്കുന്നു...

ഇവര്‍ക്ക് കൊടുക്കാന്‍ പൈസയുടെ ഷോര്‍ട്ട്...

എന്നോട് കാശ് എടുത്തിട്ട് വരാന്‍ പറഞ്ഞു...

ഞാന്‍ ആണേല്‍ എട്ട് കിലോമീറ്റര്‍ അപ്പുറത്ത് ഉള്ള എന്‍റെ വീട്ടിലും...

ധൃതിയില്‍ ബൈക്ക് എടുത്ത് കുറച്ച് ചെന്നപോള്‍ ചെക്കിങ്ങ്!!!
നോ ഹെല്‍മെറ്റ്‌,..!

ലൈസന്‍സ് പിന്നെ നമ്മുടെ കയ്യില്‍ പണ്ടേ ഇല്ലല്ലോ!!!

പോലീസ് പെറ്റി അടിച്ച കാശുണ്ടായിരുന്നേല്‍ എന്‍റെ കുടുംബത്തിലുള്ള മുഴുവന്‍ പേര്‍ക്കും ലൈസന്‍സ് എടുക്കാമായിരുന്നു എന്നുള്ളത് ഒരു വലിയ സത്യം ആണേലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല...


അങ്ങനെ തിരിച്ചു വീട്ടിലേക്ക് വണ്ടി വിട്ടു...

പോകും വഴിയാ ഓര്‍ത്തത് ചുമ്മാ കയ്യും വീശി ബാങ്കില്‍ ചെന്നാല്‍ പൈസ കിട്ടില്ലല്ലോ?!

ചെക്ക് എടുത്താലെ കാശ് കിട്ടൂ എന്നൊക്കെ!!!

ചെക്കിങ്ങ് ഉണ്ടായത് നന്നായി...

ഇല്ലേല്‍ ബാങ്കില്‍ ചെന്നാല്‍ ഉള്ള അവസ്ഥ ആലോചിച്ചപ്പോള്‍ പോലീസുകാരോട് ബഹുമാനം തോന്നി!!!

പിന്നെ ഹെല്‍മെറ്റും, ചെക്കും എടുത്ത് കൊടകര ഫെഡറല്‍ ബാങ്കില്‍ വന്നപ്പോള്‍ തിരക്കില്‍ അറിയാതെ ചെരുപ്പ് ഊരിയിട്ട് പോയി...

എന്‍റെ പിഴ!
എന്‍റെ പിഴ!!
എന്‍റെ വലിയ പിഴ!!!

തിരിച്ചു വന്നപ്പോള്‍ നോ ചെരുപ്പ്...

ശരിക്കും ദേഷ്യം വന്നു...

ഏപ്രിലിലെ ചൂടില്‍ ബ്രേക്ക് പാഡില്‍ നഗ്നമായ കാലുവച്ച് വണ്ടി ഓടിക്കുക...

ഇടയ്ക്കിടെ ഗിയര്‍ മാറ്റുക ഒന്നും ഒരു സുഖവും ഇല്ലാത്ത പരിപാടി ആണെന്ന് അന്ന് മനസ്സിലായി...
പിന്നേം ചെരുപ്പൊക്കെ വാങ്ങി അങ്കിളിന്‍റെ വീട്ടില്‍ ചെന്നപോള്‍ അവര് ചോദിക്കുവാ...

"നീ നോട്ട് അടിക്കാന്‍ റിസര്‍വ് ബാങ്കില്‍ പോയതാണോ" എന്ന്...

"നോട്ട് ഒക്കെ അടിച്ചായിരുന്നു... ഉണങ്ങി കിട്ടാന്‍ ഇത്തിരി സമയം എടുത്തു, അതാ ലേറ്റ് ആയത് എന്ന് ഞാനും തട്ടിവിട്ടു...!!!

അല്ലാണ്ടെന്താ പറയാ...

Saturday, June 15, 2013

സഹജം

വെള്ളിയാഴ്ച...

ഉറക്കവും ക്ഷീണവും ഒരിക്കലും അവസാനിക്കാത്ത വാരാന്ത്യം...

സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പിലെ റൂമിന്‍റെ പട്ടുമെത്തയില്‍, സുഖശീതളതയുടെ മുരള്‍ച്ചകളെ അവഗണിച്ച്കൊണ്ട് വളഞ്ഞു ചുരുണ്ട് കിടക്കുമ്പോള്‍ തോന്നിയ നെഗളിപ്പോ, തിന്നിട്ട് എല്ലിന്‍റെ ഇടയില്‍ കയറിയ ബിരിയാണി വറ്റിന്‍റെ പ്രതിഫലനമോ എന്തോ...
ക്യാമ്പ് സൗകര്യങ്ങളും, ഭക്ഷണവും അത്ര പോര!!!

വിശകലനം ചെയ്തു നോക്കിയപ്പോള്‍ ശരിയാണ്, വെട്ടി നുറുക്കിയ കുറെ പച്ചക്കറികളും, എന്താണെന്ന് ഉണ്ടാക്കിയവന് പോലും വ്യക്തമല്ലാത്ത കറികളും മറ്റും തീര്‍ച്ചയായും പോഷകാഹാരങ്ങള്‍ അല്ല...
മരിച്ചതും ശീതീകരണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവയുമായ ഒന്നിനും ഉപകരിക്കാത്ത ആഹാര പദാര്‍ഥങ്ങള്‍ ശരീരത്തിന് ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് മാത്രമല്ല വയറിന്‍റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നുവെന്ന സത്യത്തെ കൈകള്‍കൊണ്ടൊന്നുഴിഞ്ഞു തിട്ടപ്പെടുത്തി...

അനിവാര്യമായ ഒരു മാറ്റത്തെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു...!!!

***********

വിശകലനം സുദീര്‍ഘമായപ്പോള്‍... പഴയ കാലത്തിലേക്കൊന്നൂളിയിട്ടു...

കുറച്ചുനാള്‍ മുമ്പ് വരെ...
രാവിലെ മുതല്‍ വൈകുന്നേരം വരെ വിശ്രമമില്ലാത്ത ജോലി...
വൈകുന്നേരം റൂമില്‍ വന്ന് കുളിച്ച്, ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ സുഹൃത്തുക്കളെ കാത്തിരിക്കുക, അവര്‍ വന്നതിനു ശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുക...
ഉറങ്ങാന്‍ കിടക്കും മുമ്പ് മുഷിഞ്ഞ വസ്ത്രങ്ങളുടെ ഓര്‍മ്മയില്‍ സ്വയം പ്രാകികൊണ്ട് അവ കഴുകി ഇടുക...
ഉറക്കത്തിന്‍റെ അഗാതങ്ങളിലേക്ക് പതിക്കും മുമ്പ് അലാറം ഞെട്ടിച്ചുകൊണ്ട് കര്‍ണ്ണപുടങ്ങളില്‍ പതിക്കുക...
വീണ്ടും പാതി മയങ്ങുന്ന മനസ്സും ശരീരവുമായി ജോലിക്ക് പോകുക...

എന്നാലിപ്പോള്‍,..

മധ്യാഹ്നങ്ങളില്‍ മൂന്ന്‍ മണിക്കൂര്‍ വിശ്രമം...
വൈകുന്നേരം റൂമില്‍ വരുക, കുളിച്ച് പോയി പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരം കഴിക്കുക...
ആഴ്ച്ചയില്‍ രണ്ടു ദിവസം (തിങ്കള്‍ / വ്യാഴം) വസ്ത്രങ്ങള്‍, (അടിവസ്ത്രങ്ങള്‍ ഒഴികെ) റൂമിന് പുറത്ത് ഒരു സഞ്ചിയിലാക്കി വച്ചാല്‍ വൈകുന്നേരം വരുമ്പോള്‍ അലക്കി വൃത്തിയാക്കി തേച്ചുമടക്കി റൂമിന് വെളിയില്‍ കാണാം...

രണ്ട് ഘട്ടങ്ങളെയും വിലയിരുത്തിയപ്പോള്‍, ഇപ്പോള്‍ ജീവിക്കുന്ന രീതി സുഖകരമായി തോന്നുന്നുവോ???

ജോലിയൊഴികെ വേറെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട ആവശ്യം ഇല്ല...

രുചിയും, ഗുണവും കുറഞ്ഞ ആഹാരങ്ങള്‍ ഒരു പ്രശ്നമാകില്ലെന്നോ???

കുറച്ചുമുമ്പ് കഴിച്ച ബിരിയാണി ലോകത്തില്‍ വച്ചേറ്റവും ശ്രേഷ്ടമായതായി തനിക്കനുഭവപ്പെടുന്നുവോ???

ലഭിക്കുംതോറും ഇനിയും നല്ലത് ലഭിക്കണം എന്ന മനുഷ്യസഹജമായ ഒരത്യാര്‍ത്തി മാത്രമായിരുന്നുവോ കുറച്ചു മുമ്പുവരെ തോന്നിയത്...

വലുതാവുന്ന വയറിനെ അവഗണിക്കണം എന്ന് മനസ്സ് പറയുന്നുവോ???
തന്‍റെ സിക്സ്പാക്ക് സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നോ???

"മലയാളിക്കെന്തിനാടാ സിക്സ് പാക്ക്"

മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം എന്തിനേറെ പറയുന്നു കേരളം ഭരിക്കുന്ന പോലീസ്, രാഷ്ട്രീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവു൦ സാമാന്യം നല്ല വയര്‍ ഉള്ളവര്‍ തന്നെ!!!
വക്കീലിനും, കൂടുന്ന കൊഴുപ്പിനെ അവഗണിക്കുവാന്‍ ഉപദേശിക്കുന്ന ഭിഷഗ്വരനുമൊക്കെ വലിയ വയറുള്ള മാന്യന്മാര്‍ തന്നെ!!!

മറ്റുള്ളവരെ അപേക്ഷിച്ച് അത്ര വലുപ്പമാര്‍ജ്ജിക്കാത്ത സ്വയം വയറിനെ മന്ദഹസിച്ചുകൊണ്ട് തഴുകി തലോടി...
സംതൃപ്തിയുടെ ഒന്നുരണ്ട് ഏമ്പക്കങ്ങള്‍ കണ്ടനാളത്തിലൂടെ ശീതീകരണിയുടെ മുരള്‍ച്ചയെ വെല്ലുവിളിച്ചുകൊണ്ട് കടന്നുപോയി...

ബിരിയാണി നല്‍കിയ ആലസ്സ്യത്തില്‍ പതിയെ, നിദ്രയുടെ വിരിമാറിലേക്ക്...

ശുഭം!!!