Wednesday, October 29, 2014

സ്റ്റാർട്ടിങ്ങ് ട്രബിൾ

പത്ത് പതിമൂന്ന് കൊല്ലം മുമ്പ്,

കൊടകര ബോയ്സ് ഹൈസ്കൂളിന്റെ വരാന്തയുടെ ഒരൊഴിഞ്ഞ മൂലയിൽ, ക്ലാസ്സിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ച് ഞാനിങ്ങനെ നിന്നു...

ക്ലാസ്സ് തുടങ്ങിയിട്ട് കുറച്ച് നേരവുമായി...

എന്നും രാവിലെ വർതേട്ടന്റെ ബജാജ് ചേതക്കിനുണ്ടാകുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെ. ചിലപ്പോൾ അതിനെ വർതേട്ടൻ ചെരിച്ച് കിടത്തിയിട്ട് പതുക്കെ നിവർത്തി, മൂലക്കുരുവുളളയാൾ ഇരിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന പൊസിഷനിൽ നിന്ന് കിക്കറിൽ ഒരു ചവിട്ടുണ്ട്...
ചേതക്ക് പിന്നെ വർതേട്ടന്റെ മലഞ്ചരക്ക് കടയുടെ മുന്നിൽ ചെന്നേ നിൽക്കൂ...

എന്റെ സ്റ്റാർട്ടിങ്ങ് ട്രബിൾ അതിലും ഭീകരമായിരുന്നു...

അന്നെനിക്കിന്നുളള പോലെ സിക്സ് പായ്ക്കില്ലായിരുന്നു!!!
വണ്ണവും...
നീണ്ടുമെലിഞ്ഞ്, കുരിശിൽ ചുരിദാറിട്ടപോലെയൊരു പേക്കോലം...

എന്റെ പാന്റ്സിനുളളിൽ ഒന്നുൽസാഹിച്ചാൽ ഒരാൾക്കുകൂടി കയറാം...
ഷർട്ടും അങ്ങനെതന്നെ...

സ്കൂളിനു തൊട്ടടുത്തുളള വർഗ്ഗീസേട്ടന്റെ പെട്ടികടയിലെ ചില്ലുകുപ്പിയിലെ തേൻ നിലാവും, ചുക്കുണ്ടയും ഒന്നര രൂപ കൊടുത്താൽ കിട്ടുന്ന സ്പെഷ്യൽ ഐസിട്ട മോരു വെളളവും, പിന്നെ പണക്കാരനാകുമ്പോൾ തിന്നുന്ന ഐസ് ക്രീമും ദ്വാരക ഹോട്ടലിലെ നെയ് റോസ്റ്റും, മസാല ദോശയുമൊക്കെ സ്വപ്നം കണ്ട് നിന്ന ഞാൻ സ്കൂളിന്റെ ഗർജ്ജിക്കുന്ന സിംഹം ശ്രീ ജോസ് അവർകൾ പുറകിൽ വന്നു നിൽക്കുന്ന കാര്യം അറിഞ്ഞതേയില്ല...

ചറപറാ നിർത്താതെയുളള അടിയുടെ ആഘാതത്തിൽ എന്റെ ചുറ്റുമുളള ഭൂമിയൊന്ന് കറങ്ങി, കൂടെ അലുമിനിയം കലത്തിൽ കല്ലിട്ട് കുലുക്കിയപോലുളള സൗണ്ടിൽ "എന്തടാ ക്ലാസ്സിൽ കയറാത്തത്" എന്ന ചോദ്യവും...

ആനന്ദലബ്ധിക്കിനിയെന്ത് വേണം???

"വയറു വേദനയാ മാഷേ" വരുത്താൻ പറ്റാവുന്നത്ര ദയനീയത മുഖത്ത് വരുത്തി ഞാൻ വച്ച് കാച്ചി...

എന്ത് ഫലം???

അവധി കഴിഞ്ഞ് സകല പിളളാാർക്കും ഉണ്ടാവുന്ന സ്റ്റാർട്ടിങ്ങ് ട്രബിൾ പോലെയൊന്നാണെന്റെ വയറുവേദനയെന്നൂഹിക്കാൻ അങ്ങേർക്ക് ഒരു പ്രയാസവുമുണ്ടായില്ല...!

കരഞ്ഞോണ്ട് ക്ലാസ്സിലേക്ക് വന്ന ഞാൻ അന്നുകാലത്ത് കാണാൻപറ്റാവുന്ന സാമാന്യം ഭീകരമായ ഒരു കാഴ്ചകണ്ട് ഞെട്ടിതരിച്ച് നിന്നു...

അനിയനേം കൊണ്ട് ആസ്പത്രിയിൽ നിന്നും മടങ്ങും വഴി എന്നെ കാണാൻ എന്റെ അപ്പനും അമ്മയും അനിയനും ക്ലാസ്സിന്റെ മുന്നിൽ നിൽക്കുന്നു...
കൊർച്ച് നേരായി ഗെഡികളെന്നെ വെയിറ്റ് ചെയ്യുന്നു...

അമ്മവീട്ടിൽ നിന്നും പഠിച്ചിരുന്ന എന്നെ ഇടക്കിടയ്ക്ക് സ്കൂളിൽ വന്ന് വിസിറ്റരുത് എന്ന് എത്ര തവണ പറഞാലും അവർക്ക് മനസ്സിലാകില്ല...
ഞാൻ എല്ലാ ഞായറാഴ്ചയും വീട്ടീ വന്ന് വാങ്ങുന്നുണ്ടല്ലോ ഒരു നാണവുമില്ലാതെ!!!
പിന്നെന്തിനീ ഹിഡൻ അറ്റാക്ക്???

എല്ലാം ഞാൻ മനസ്സിലൊളിപ്പിച്ച് വച്ചിങ്ങനെ നിന്നു...

ഇതൊരു തവണ വല്ലതുമാണോ ഇവരുടെ അണെക്സ്പെക്റ്റട് വിസിറ്റ്...

പണ്ട് ചാർലിയെ സ്നഗി ബോയ് എന്നു വിളിച്ചതിന്റെ പേരിൽ ടീച്ചർ കയ്യിൽ തായമ്പക കൊട്ടുമ്പൊഴും ഇവർ വിസിറ്റാൻ വന്നു...
അന്നും ലിസ്റ്റിലില്ലാത്ത അടി വാങ്ങിക്കൂട്ടി...

നമ്മടെ യോഗം എന്നല്ലാണ്ടെന്ത് പറയാൻ...
പതിവ്പോലെ അന്നും സ്കൂളീന്ന് വാങ്ങാനുളളത് മുഴുവനും പിന്നെ ആരും കാണാതെ അമ്മ കൈതണ്ടയിൽ തന്നതുമൊക്കെ വാങ്ങിച്ച്കൂട്ടി കൃതാർതഥനായി ഞാൻ വീട്ടീപോന്നു...

ഇന്നിപ്പോ വർഷാവർഷം പതിച്ചുകിട്ടിയ പരോളും, ഈദ് അവധിയുമൊക്കെ കഴിഞ്ഞ് നാളെ മുതൽ ജോലിക്ക് പോകണമല്ലോന്നോർക്കുമ്പോൾ ദേ പിന്നേം ലവൻ...
സ്റ്റാർട്ടിങ്ങ് ട്രബിൾ...
അതും പതിവിലും നേരത്തെ തന്നെ...!!!

No comments:

Post a Comment