Saturday, June 15, 2013

സഹജം

വെള്ളിയാഴ്ച...

ഉറക്കവും ക്ഷീണവും ഒരിക്കലും അവസാനിക്കാത്ത വാരാന്ത്യം...

സുഭിക്ഷമായ ഉച്ചഭക്ഷണത്തിനു ശേഷം ക്യാമ്പിലെ റൂമിന്‍റെ പട്ടുമെത്തയില്‍, സുഖശീതളതയുടെ മുരള്‍ച്ചകളെ അവഗണിച്ച്കൊണ്ട് വളഞ്ഞു ചുരുണ്ട് കിടക്കുമ്പോള്‍ തോന്നിയ നെഗളിപ്പോ, തിന്നിട്ട് എല്ലിന്‍റെ ഇടയില്‍ കയറിയ ബിരിയാണി വറ്റിന്‍റെ പ്രതിഫലനമോ എന്തോ...
ക്യാമ്പ് സൗകര്യങ്ങളും, ഭക്ഷണവും അത്ര പോര!!!

വിശകലനം ചെയ്തു നോക്കിയപ്പോള്‍ ശരിയാണ്, വെട്ടി നുറുക്കിയ കുറെ പച്ചക്കറികളും, എന്താണെന്ന് ഉണ്ടാക്കിയവന് പോലും വ്യക്തമല്ലാത്ത കറികളും മറ്റും തീര്‍ച്ചയായും പോഷകാഹാരങ്ങള്‍ അല്ല...
മരിച്ചതും ശീതീകരണിയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവയുമായ ഒന്നിനും ഉപകരിക്കാത്ത ആഹാര പദാര്‍ഥങ്ങള്‍ ശരീരത്തിന് ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് മാത്രമല്ല വയറിന്‍റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നുവെന്ന സത്യത്തെ കൈകള്‍കൊണ്ടൊന്നുഴിഞ്ഞു തിട്ടപ്പെടുത്തി...

അനിവാര്യമായ ഒരു മാറ്റത്തെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു...!!!

***********

വിശകലനം സുദീര്‍ഘമായപ്പോള്‍... പഴയ കാലത്തിലേക്കൊന്നൂളിയിട്ടു...

കുറച്ചുനാള്‍ മുമ്പ് വരെ...
രാവിലെ മുതല്‍ വൈകുന്നേരം വരെ വിശ്രമമില്ലാത്ത ജോലി...
വൈകുന്നേരം റൂമില്‍ വന്ന് കുളിച്ച്, ഭക്ഷണം പാകം ചെയ്തു കഴിക്കാന്‍ സുഹൃത്തുക്കളെ കാത്തിരിക്കുക, അവര്‍ വന്നതിനു ശേഷം ഒരുമിച്ചു ഭക്ഷണം കഴിക്കുക...
ഉറങ്ങാന്‍ കിടക്കും മുമ്പ് മുഷിഞ്ഞ വസ്ത്രങ്ങളുടെ ഓര്‍മ്മയില്‍ സ്വയം പ്രാകികൊണ്ട് അവ കഴുകി ഇടുക...
ഉറക്കത്തിന്‍റെ അഗാതങ്ങളിലേക്ക് പതിക്കും മുമ്പ് അലാറം ഞെട്ടിച്ചുകൊണ്ട് കര്‍ണ്ണപുടങ്ങളില്‍ പതിക്കുക...
വീണ്ടും പാതി മയങ്ങുന്ന മനസ്സും ശരീരവുമായി ജോലിക്ക് പോകുക...

എന്നാലിപ്പോള്‍,..

മധ്യാഹ്നങ്ങളില്‍ മൂന്ന്‍ മണിക്കൂര്‍ വിശ്രമം...
വൈകുന്നേരം റൂമില്‍ വരുക, കുളിച്ച് പോയി പാകം ചെയ്തു വച്ചിരിക്കുന്ന ആഹാരം കഴിക്കുക...
ആഴ്ച്ചയില്‍ രണ്ടു ദിവസം (തിങ്കള്‍ / വ്യാഴം) വസ്ത്രങ്ങള്‍, (അടിവസ്ത്രങ്ങള്‍ ഒഴികെ) റൂമിന് പുറത്ത് ഒരു സഞ്ചിയിലാക്കി വച്ചാല്‍ വൈകുന്നേരം വരുമ്പോള്‍ അലക്കി വൃത്തിയാക്കി തേച്ചുമടക്കി റൂമിന് വെളിയില്‍ കാണാം...

രണ്ട് ഘട്ടങ്ങളെയും വിലയിരുത്തിയപ്പോള്‍, ഇപ്പോള്‍ ജീവിക്കുന്ന രീതി സുഖകരമായി തോന്നുന്നുവോ???

ജോലിയൊഴികെ വേറെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ട ആവശ്യം ഇല്ല...

രുചിയും, ഗുണവും കുറഞ്ഞ ആഹാരങ്ങള്‍ ഒരു പ്രശ്നമാകില്ലെന്നോ???

കുറച്ചുമുമ്പ് കഴിച്ച ബിരിയാണി ലോകത്തില്‍ വച്ചേറ്റവും ശ്രേഷ്ടമായതായി തനിക്കനുഭവപ്പെടുന്നുവോ???

ലഭിക്കുംതോറും ഇനിയും നല്ലത് ലഭിക്കണം എന്ന മനുഷ്യസഹജമായ ഒരത്യാര്‍ത്തി മാത്രമായിരുന്നുവോ കുറച്ചു മുമ്പുവരെ തോന്നിയത്...

വലുതാവുന്ന വയറിനെ അവഗണിക്കണം എന്ന് മനസ്സ് പറയുന്നുവോ???
തന്‍റെ സിക്സ്പാക്ക് സ്വപ്നം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നോ???

"മലയാളിക്കെന്തിനാടാ സിക്സ് പാക്ക്"

മോഹന്‍ലാല്‍, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം എന്തിനേറെ പറയുന്നു കേരളം ഭരിക്കുന്ന പോലീസ്, രാഷ്ട്രീയ വിഭാഗങ്ങളില്‍ ഭൂരിഭാഗവു൦ സാമാന്യം നല്ല വയര്‍ ഉള്ളവര്‍ തന്നെ!!!
വക്കീലിനും, കൂടുന്ന കൊഴുപ്പിനെ അവഗണിക്കുവാന്‍ ഉപദേശിക്കുന്ന ഭിഷഗ്വരനുമൊക്കെ വലിയ വയറുള്ള മാന്യന്മാര്‍ തന്നെ!!!

മറ്റുള്ളവരെ അപേക്ഷിച്ച് അത്ര വലുപ്പമാര്‍ജ്ജിക്കാത്ത സ്വയം വയറിനെ മന്ദഹസിച്ചുകൊണ്ട് തഴുകി തലോടി...
സംതൃപ്തിയുടെ ഒന്നുരണ്ട് ഏമ്പക്കങ്ങള്‍ കണ്ടനാളത്തിലൂടെ ശീതീകരണിയുടെ മുരള്‍ച്ചയെ വെല്ലുവിളിച്ചുകൊണ്ട് കടന്നുപോയി...

ബിരിയാണി നല്‍കിയ ആലസ്സ്യത്തില്‍ പതിയെ, നിദ്രയുടെ വിരിമാറിലേക്ക്...

ശുഭം!!!

No comments:

Post a Comment