Tuesday, May 21, 2013

സ്വീറ്റ്‌ റിവഞ്ച്

സ്വപ്നങ്ങളില്‍ കണ്ട ദുബായ്‌ നഗരം നേരില്‍ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ കാറില്‍ സഞ്ചരിച്ചപ്പോള്‍ എന്തോ ഒരു ആകാംക്ഷ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ഒരിക്കല്‍ ഞാന്‍ ഇവിടെ വരുവാന്‍ വേണ്ടി ആഗ്രഹിച്ചിരുന്ന കാലത്ത്‌, അങ്ങനെയൊരു സംഭവം തന്നെ നടക്കാന്‍ പോകില്ലെന്ന മട്ടിലായിരുന്നു വിധിയുടെ നിലപാട്‌'. അതിനു വേണ്ടി ചിലവാക്കിയ കാശും സമയവും എന്നെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറന്നു പോയത് മാത്രം ഒരോര്‍മ്മയായി അവശേഷിച്ചു..

ഇപ്പോള്‍ ഇന്നിതാ ഒരു താല്പര്യവുമില്ലാതെ, എന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ഒരു ടൂര്‍ പ്രോഗ്രാം. അതും പത്ത് ദിനരാത്രങ്ങള്‍ കമ്പനിയുടെ മുഴുവന്‍ ചിലവില്‍ അടിച്ചുപൊളിച്ചാഘോഷിക്കാന്‍ കിട്ടിയ ഒരു അവസരം. എന്തോ ദുബായ്‌ നഗരത്തിന്‍റെ മാസ്മരീകത, അതിന്‍റെ വര്‍ണ്ണശബളമായ കാഴ്ച്ചകള്‍ ഒന്നും മനസ്സിനെ ആകര്‍ഷിക്കുന്നില്ല. മനസ്സ് നിറയെ കാര്‍മേഘങ്ങള്‍ മൂടികെട്ടിയ ആകാശം പോലെ ഇരുട്ട് നിറഞ്ഞതായിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയത് മുതല്‍ ഗതകാല സ്മരണകള്‍ തികട്ടി തികട്ടി മനസ്സിനെ മുറിവേല്‍പ്പിക്കുന്നു. മനസ്സാകെ കലങ്ങി മറിഞ്ഞ ഒരു പ്രതീതി. തിരക്കുനിറഞ്ഞ നഗരവീഥിയിലൂടെ വാഹനം കുതിച്ചുപായുന്നു. പുറത്തേയ്ക്ക് കണ്ണും നട്ട് ഞാനും..

ഡ്രൈവറുടെ എന്നോടുള്ള “വീടെവിടെയാണ്, വീട്ടില്‍ ആരൊക്കെയുണ്ട്, വിവാഹം കഴിച്ചതാണോ” തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ യാന്ത്രികമായി മറുപടികള്‍ നല്‍കി. ഇടയ്ക്കെപ്പോഴോ വിവാഹം കഴിച്ചിട്ടില്ല എന്ന് അറിയാതെ പറഞ്ഞതിന് പിന്നീട് വയസും ജനനതീയതിയും വരെ പറയേണ്ടി വന്നു. എന്നെ കണ്ടാല്‍ മുപ്പത്തിയഞ്ച് വയസ്സ് തോന്നുമത്രേ? അയാളുടെ ആ സംസാരം എന്നെ അല്‍പനേരം കാറിന്‍റെ വ്യൂ മിററില്‍ നോക്കാനിടയാക്കി, അത്രയും പ്രായം എനിക്കുണ്ടോ?
“ഹേയ് മനുഷ്യാ.. മീശപോലും മുളയ്ക്കാത്ത എന്നെ താന്‍ കിളവനാക്കുക്കയാണോ?” എന്ന് ചോദിക്കണം എന്നുണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല. വെറുതെ എന്തിനു അയാളെ പ്രകോപിപ്പിച്ച് വീണ്ടും സംസാരം നീട്ടണം....
എന്‍റെ നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലാക്കിയ അയാള്‍ നിശബ്ദനായി തന്‍റെ ജോലിയില്‍ വ്യാപൃതനായി.
കാര്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന് മുന്നില്‍ പാര്‍ക്ക്‌ ചെയ്തു, എന്‍റെ ലഗേജുമെടുത്ത് ഇറങ്ങിയ അയാളുടെ കൂടെ ഞാനും പുറത്തിറങ്ങി. ഓഫീസില്‍ കയറുന്നതിനു മുന്‍പ്‌ അയാളെയും കൊണ്ട് ഒരു റെസ്റ്റോറന്റില്‍ കയറി ചായകുടിച്ചു.
മനസ്സൊന്ന് ഉഷാറാവാന്‍ രണ്ടു സ്മാള്‍ അടിച്ചാലോ? വേണ്ട, കമ്പനിയുടെ അതിഥി ആദ്യദിവസം തന്നെ മദ്യത്തിന്‍റെ ഗന്ധവുമായി ഓഫീസില്‍ ചെന്നു കയറണ്ട, വൈകീട്ടാവട്ടെ!

മുപ്പത്തിയെട്ടാം നിലയിലെ ഒഫിസിനകത്തേയ്ക്ക് കയറി ചെന്നപ്പോള്‍ കണ്ണില്‍ തടഞ്ഞത്‌ റിസപ്ക്ഷനില്‍ ഇരിക്കുന്ന മലയാളി പെണ്‍കൊടിയുടെ മുഖത്താണ്. ലോകത്തിന്‍റെ ഏതു മുക്കിലോ മൂലയിലോ പോയാലും മലയാളിയെ മലയാളി പെട്ടെന്ന് തിരിച്ചറിയും. അതെന്താണാവോ അങ്ങിനെ?

മന്ദസ്മിതം തൂകി...
“ഹെലോ ഗുഡ്‌ മോര്‍ണിംഗ് സര്‍ വെല്‍കം ടു ഗള്‍ഫ്‌ കെമിക്കല്‍സ്‌” എന്നുള്ള അവളുടെ കിളിനാദത്തിനു മറുപടി പറഞ്ഞു നോക്കിയപ്പോള്‍ കണ്ടത്‌, ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു, അഡ്മിന്‍ ഓഫീസിന്‍റെ ഗ്ലാസ്‌ ഡോര്‍ തുറന്ന് വന്ന ആ മുഖം, ഓര്‍മയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ആ മുഖം എന്‍റെ നേരെ വരുന്നത് കണ്ടപ്പോള്‍ ഒരുനിമിഷത്തെയ്ക്ക് തരിച്ചുനിന്നുപോയി...
എന്‍റെ കൈകള്‍ വിറയ്ക്കുന്നുവോ? നെറ്റിയില്‍ വിയര്‍പ്പ് പൊടിയുന്നുണ്ടോ?
വിളറി വെളുത്ത മുഖവുമായി അവള്‍ എന്‍റെ നേരെ നടന്നടുക്കുന്നത് കണ്ട് ഞാന്‍ കുറച്ച്നിമിഷത്തേയ്ക്ക് നിര്‍ന്നിമേഷനായി നിന്നുപോയി.
“സര്‍ പ്ലീസ് കം ഇന്‍”എന്ന റിസപ്ക്ഷനിസ്റ്റ്‌ കുട്ടിയുടെ സ്വരം കേട്ടുകൊണ്ട് സ്ഥലകാലത്തിലെയ്ക്ക് തിരിച്ചെത്തിയ ഉടനെ, മുഖത്തെ വികാരങ്ങളെ അവ എന്നില്‍ ചെലുത്തുന്ന വേദനയെ മറയ്ക്കുവാന്‍ ഞാന്‍ നന്നേ പാടുപെട്ടുപോയി.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കൂടിക്കാഴ്ച.
ഇവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ നഗരത്തിലേയ്ക്ക് വരുവാന്‍ പണ്ട് ശ്രമിച്ചിരുന്നത്. ഒടുവില്‍ "എനിക്കൊരു നല്ല ജീവിതം കിട്ടുന്നത് ഇച്ചായന് സന്തോഷമല്ലേ" എന്ന് ചോദിച്ചു കൊണ്ട് എന്നില്‍ നിന്നും നടന്നകന്നവള്‍ ഇന്ന് എന്‍റെ മുന്നില്‍ നില്‍ക്കുന്നു.

ദേഷ്യം മുഴുവന്‍ ഇവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു തീര്‍ത്താലോ എന്നുവരെ ആലോചിച്ചുകൊണ്ട് ഒരു സിഗരറ്റ് എടുത്തു ചുണ്ടില്‍ വച്ച് ‘കാന്‍ ഐ സ്മോക്ക് ഹിയര്‍?’ എന്നൊരു ചോദ്യം ചോദിക്കാനാണ് മനസ്സ് പറഞ്ഞത്‌.
‘ഷുവര്‍ സര്‍, നോ പ്രോബ്ലം’ എന്ന ഉത്തരത്തിന് മുന്പേ എന്‍റെ ചുണ്ടിലെ സിഗരറ്റ് എരിഞ്ഞു തുടങ്ങിയിരുന്നു.

അവള്‍'... എന്നെ ഒരുപാട് വേദനിപ്പിച്ച് കടന്നു കളഞ്ഞവള്‍'...
എന്‍റെ ഔദാര്യം കൊണ്ട് മാത്രം നിലനില്‍ക്കുന്ന ഈ കമ്പനിയിലെ സെയില്‍സ്‌ കോര്‍ഡിനേറ്റര്‍ ആണെന്ന വസ്തുത മനസ്സിലാക്കാന്‍ അല്പം സമയം എടുത്തുവെങ്കിലും അത് ഒരു നിമിഷമെങ്കിലും നഷ്ടപെട്ടുപോയ എന്‍റെ മനോബലത്തെ തിരിച്ചു നേടാനുള്ള സന്ദര്‍ഭമായിരുന്നു...
അപ്പോഴേയ്ക്കും അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി. തികച്ചും അപരിചിതരായ രണ്ടു വ്യക്തികളെപ്പോലെ ഞങ്ങള്‍ സംസാരിച്ചു. അവളെ ആദ്യമായി ഒന്ന് അടിമുടി നോക്കി. അവളുടെ ചുണ്ടുകള്‍ വിറയ്ക്കുകയും, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞിരിക്കുന്നതും വ്യക്തമായി കാണാമായിരുന്നു. കണ്ണുകളില്‍ ഈറന്‍ തുളുമ്പി നിന്നിരുന്നു. തന്‍റെ ഒരു നോട്ടം അല്ലെങ്കില്‍ ഒരു വിളി മാത്രം മതിയായിരുന്നു പെയ്യാന്‍ കാത്തിരിക്കുന്ന അവളുടെ കണ്ണിണകളിലെ കാര്‍മേഘങ്ങളെ ആര്ദ്രമാക്കുവാന്‍.'...

ഇല്ല... പാടില്ല, അങ്ങനെ വളരെ പെട്ടെന്ന് ഈ സംഗമത്തിന് ഒരു ശുഭപര്യവ്യസാനം ഉണ്ടായാല്‍ ഞാന്‍ ഇത്ര നാളും അനുഭവിച്ചതിന് എന്ത് ഫലമാണ് ഉള്ളത്? വീട്ടുകാരുടെ നിര്‍ബന്ധങ്ങളെ അവഗണിച്ച് ഇന്നും ഞാന്‍ അവിവാഹിതനായി നില്‍ക്കുന്നതിനു കാരണം ഇവളല്ലേ?
ഇല്ല... പാടില്ല ഇതെന്‍റെ സമയം, വിജയന്‍ ദാസനോടു പറഞ്ഞപോലെ ഞാന്‍ എന്‍റെ മനസ്സിനോട് പറഞ്ഞു
“എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ... ഇതാണ് നമ്മുടെ സമയം, അല്ലെങ്കില്‍ പിന്നെ വെറുതെ സൗദി അറേബ്യയില്‍ നാട്ടില്‍ പോകാന്‍ അവധിയും കാത്തു കിടന്ന നിനക്ക് ഇങ്ങനെ ഒരു അവസരം കിട്ടുമോ?" മാനേജര്‍ അന്ന് പത്തു ദിവസം ദുബായില്‍ നിന്നിട്ട് അവിടുന്ന് നേരെ നാട്ടിലേയ്ക്ക് പോകാന്‍ അനുമതി തന്നപ്പോള്‍ മനസ്സില്‍ ആകെ കൂടി അയോളോട് ദേഷ്യം മാത്രമാണ് ഉണ്ടായത്‌. പുറകെ നാല് മാസത്തെ നീണ്ട അവധി ആണെന്ന് പിന്നീട് എയര്‍പോര്‍ട്ടില്‍ വച്ച് പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സന്തോഷത്തെക്കാള്‍ ഇരട്ടിച്ചിരിക്കുന്നു ഇപ്പോഴത്തെ ഈ അവസരം.

അവളോട്‌ ഫോര്‍മല്‍ ആയി ‘തന്നെ മാനേജര്‍ കാബിനിലേക്ക് കൊണ്ട് പോകുവാന്‍ ആവശ്യപെടുകയും മൂകയായി എന്നെ അനുസരിക്കുകയും ചെയ്ത അവളെ പിന്തുടര്‍ന്ന്‍ പോകുമ്പോള്‍ മനസ്സില്‍ വേദനയുടെ മഴമേഘങ്ങള്‍ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ആ കാര്‍മേഘങ്ങള്‍ പെയ്തു തീരുമ്പോള്‍ എന്നിലെ അവസാന പ്രതീക്ഷകളും ഓര്‍മ്മകളുമാണല്ലോ അകന്നുപോകുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ മാനേജര്‍ ക്യാബിനിലെയ്ക്ക് കടന്നു കയറി.

ബോറന്‍ മീറ്റിങ്ങുകളും മറ്റും അവസാനിച്ച് ഹോട്ടല്‍ മുറിയില്‍ വന്നു കയറുമ്പോള്‍ കളിയോടം നഷ്ടപെട്ട കുട്ടിയുടെ മാനസീകാവസ്ഥയില്‍ എന്‍റെ മനസ്സാകെ തളര്‍ന്നിരുന്നു. അവളെ ശരിക്കും ഒന്ന് വിലയിരുത്താനും, കാണാന്‍ സാധിച്ചതിനും ദൈവത്തോട്‌ നന്ദി പറഞ്ഞു. അങ്ങനെ പിന്നീട് നീണ്ട ഒന്‍പതു ദിവസങ്ങള്‍ക്ക് ശേഷം ദുബായ് നഗരത്തോട് യാത്ര പറഞ്ഞു പോകാന്‍ തയ്യാറെടുത്തു. മദ്യകുപ്പികളും, സിഗരറ്റിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും, കുറ്റികളും കൊണ്ട് നിറഞ്ഞ മുറി വളരെ അലങ്കോലമായി കിടന്നിരുന്നു.

ആ സായന്തനം പൊടിയും കാറ്റും നിറഞ്ഞതായിരുന്നു. മഴയുടെ വരവ് പ്രതീക്ഷിച്ചപോലെ മരങ്ങളെല്ലാം കാറ്റില്‍ ആനന്ദനൃത്തം വച്ചിരുന്നു. ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും എനിക്കുള്ള വാഹനം തയ്യാറായിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ ചിലയ്ക്കുന്നു.
എനിക്ക് ഒരതിഥി ഉണ്ടെന്നായിരുന്നു ആ ഫോണ്‍ സന്ദേശം.

അതിഥി!!!
അതും ഇവിടെ???
എന്നെയും കാത്ത്... ഒരുപക്ഷേ അവള്‍ ആയിരിക്കുമോ? ഇന്ന് പോകുന്നതിനു മുന്‍പ്‌ കുമ്പസാരത്തിനു വന്നതാകാം...
എങ്കില്‍ ഇന്ന് അവള്‍ കരഞ്ഞുകൊണ്ടേ പോകൂ എന്ന് മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് ലിഫ്റ്റില്‍ കയറിയത്.

റിസപ്ഷന്‍'... 
അവളുടെ നിഴല്‍ പോലും അവിടെ ഇല്ല. പകരം എന്നെ പ്രതീക്ഷിച്ചിരുന്നത് വേറെ ഒരാള്‍ ആയിരുന്നു. മുപ്പത്‌ വയസ് തോന്നിക്കുന്ന ഒരാള്‍., ഗള്‍ഫ്‌ കെമിക്കല്‍സില്‍ നിന്നാകും. 
പോകാന്‍ നേരവും ഇവന്‍മാര്‍ വിടാന്‍ ഉദ്ദേശം ഇല്ലെന്നു തോന്നുന്നു. മന്ദഹസിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റ്‌ എന്‍റെ അടുത്തേയ്ക്ക് വന്നു. നടക്കാന്‍ പ്രയാസം ഉള്ളതുപോലെ തോന്നുന്നു അയാളെ കണ്ടിട്ട്. അതെ കാല്‍ ഒടിഞ്ഞ ഒരു വ്യക്തിയെപ്പോലെ അയാള്‍ വേച്ചു വേച്ച് നടക്കുന്നു. അറിയാതെ ഞാന്‍ അങ്ങോട്ട്‌ നടന്നു. അയാള്‍ക്ക് ഹസ്തദാനം നല്‍കി അഭിസംബോധന ചെയ്തു.
എന്തോ മനസ്സില്‍ വേദന കൂട് കൂട്ടുന്ന പോലെ.

റെസ്റ്റോറന്‍റ്ല്‍ ഒരു ടേബിളിനു ഇരുപുറവും ഇരുന്നു ഞങ്ങള്‍ കോഫി കുടിക്കുമ്പോഴും എന്‍റെ മനസ്സിലയാളുടെ ആഗാമാനോദ്ധേശ്യം എന്തായിരിക്കുമെന്ന ചിന്തയുടെ കണക്ക് കൂട്ടലുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ നിശബ്ദതയെ ഭേധിച്ചുകൊണ്ട് അയാള്‍ എന്നോടായി ചോദിച്ചു. “എന്താണ് സോജന്‍ ഒന്നും പറയാത്തത്? ഞാന്‍ ആരാണെന്ന് മനസ്സിലായില്ലെന്ന് തോന്നുന്നു.”. എനിക്ക് പറയുവാനായി മറുപടികളോ ചോദ്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തോ എന്‍റെ മനസ് മറുപടിക്കായി ഉത്തരവുകള്‍ നല്‍കിയില്ല. വീണ്ടും അയാള്‍ എന്നോട് എന്തൊക്കെയോ പറയാന്‍ തുടങ്ങും മുന്‍പ്‌ ഞാന്‍ എഴുന്നേറ്റു.

“നിങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം എനിക്ക് വ്യക്തമായിരിക്കുന്നു മിസ്റ്റര്‍'...
എനിവേ, മൈ ഹാര്‍ട്ടി കണ്‍ഗ്രാജുലെഷന്‍സ്‌, ആന്‍ഡ്‌ ഗുഡ്‌ ബൈ”

തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നകലുമ്പോള്‍ എന്നെ ജീവിതത്തില്‍ തനിച്ചാക്കി, ഒരു നിരാശാ പൈങ്കിളി കാമുകനാക്കി മാറ്റിയ അവളോട്‌ അടങ്ങാത്ത ദേഷ്യവും വെറുപ്പുമായിരുന്നു മനസ്സ് നിറയെ.
ഞാന്‍ ആരാണെന്നും, അവള്‍ക്കാരായിരുന്നുവെന്നും അവള്‍ തന്‍റെ ഭര്‍ത്താവിനോട് പറയുകയും അവളുടെ സന്ദേശവാഹകനായി അയാളെ പറഞ്ഞയയ്ക്കുകയും ചെയ്ത ഇവളെയാണോ ഞാന്‍ ഇത്രയധികം സ്നേഹിച്ചത്?
ഇവള്‍ക്ക് വേണ്ടിയാണോ ഞാന്‍ ഇനിയും കാത്തിരിക്കുന്നത്? അതോ ഇവളുടെ നശിച്ച, എന്നെയും എന്‍റെ ഓര്‍മ്മകളേയും കാര്‍ന്നു തിന്നുന്ന പഴയ നിമിഷങ്ങള്‍ക്ക്‌ വേണ്ടിയോ?

എയര്‍പോര്‍ട്ടിലിരുന്ന് വീട്ടിലേയ്ക്ക് വിളിക്കുമ്പോള്‍, അമ്മ പുതിയതായി എനിക്ക് വേണ്ടി കണ്ടുപിടിച്ച പെണ്‍കുട്ടിയുടെ വര്‍ണ്ണനകള്‍ കേട്ട് ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു.

“നിങ്ങള്‍ക്കൊക്കെ ഇഷ്ടമായെങ്കില്‍ ആലോചിച്ചുകൊള്ളൂ.. എനിക്ക് സമ്മതം.*
അതെ മനസ്സ് പാകമായിരിക്കുന്നു. ആരെയും സ്വീകരിക്കാന്‍ ഉധകുംവിധം ഞാന്‍ എല്ലാം മറക്കാന്‍ പഠിച്ചിരിക്കുന്നു.

ഇടറിയ ശബ്ദത്തോടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...

ഓക്കേ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഞാന്‍ എനിക്ക് പോകുവാനുള്ള വിമാനം ആഗതമായി എന്ന ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പിനെ തുടര്‍ന്ന് പുറപ്പെടുവാനൊരുങ്ങി.

ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍കൂടി പറന്നുപോകുന്ന വിമാനത്തിലിരുന്നു ഞാന്‍ ദുബായ് നഗരത്തോട് വിട പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്ക്‌ മുന്‍പ്‌ അവള്‍ അയച്ചു തന്ന മെസ്സേജ് വായിക്കാതെ തന്നെ ഡിലീറ്റ്‌ ചെയ്തുകൊണ്ട്...

ഇനിയൊരിക്കല്‍ കൂടി ഈ നഗരത്തിലേയ്ക്ക് തിരിച്ചു വരുവാനാകട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട്...

9 comments:

 1. വീണ്ടും എഴുതണം.., ആശംസകൾ

  ReplyDelete
 2. ആശംസകൾ
  നന്നായി എഴുതി
  ഇനിയും വരട്ടെ നല്ല അനുഭവങ്ങൾ

  ReplyDelete
 3. എന്തൊക്കയോ ഒരപാകത എഴുത്തില്‍ ഫീല്‍ ചെയ്യുന്നു കാമുകി കൊണ്ട് വന്നപ്പോളും സന്ദേശ വാഹകനെ കൊണ്ട് വന്നാപ്പോഴും ഒക്കെ അവരില്‍ നിന്ന് പെട്ടെന്ന് അവരിലെ സംസാരം പൂര്ത്തിയാക്കും മുമ്പേ അടുത്തതിലേക്ക് പോയപ്പോലെ

  ആശംസകള്‍

  ReplyDelete
 4. കൊള്ളാട്ടോ ഇഷ്ടായി...

  ReplyDelete
 5. ക്ഷമിക്കണം, ഇഷ്ടപ്പെട്ടില്ല..

  ReplyDelete
 6. നഷ്ടപ്പെടുത്തിക്കളഞ്ഞ വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കുന്നത്ര സുന്ദരമായൊരു ജീവിതവും സഖിയുമായിരിക്കട്ടെ കഥാനായകനു ലഭിക്കുന്നത്. ആശംസകള്‍..

  ReplyDelete