Sunday, December 23, 2012

വര്‍ണ്ണക്കടലാസുകള്‍



നിശബ്ദതയുടെ വേദന മറച്ചുകൊണ്ട് കയ്യിലെരിയുന്ന സിഗരറ്റിന്‍റെ നീലച്ചുരുള്‍ പുക അയാള്‍ക്ക് ‌ ചുറ്റും സംരക്ഷണത്തിന്‍റെ ഒരു വലയം സൃഷ്ടിച്ചു.

മകളുടെ കണ്ണുകളിലെ തിളക്കം അയാളെ ഉത്സാഹവാനാക്കുകയായിരുന്നു. ജോജി തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്കി്.

മകള്‍ അയാളുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളും തൊങ്ങലുകളും ചാര്ത്തുന്നതായി അയാളറിഞ്ഞു.

ഒരിക്കല്‍ നഷ്ടപെട്ടുപോയ സ്വപ്നങ്ങളുടെയും കരിഞ്ഞ മോഹങ്ങളുടെയും ലോകത്തുനിന്നും വീണ്ടും ജീവിതത്തിന്‍റെ ഊഷ്മളമായ ചുറ്റുപാടുകളിലേക്ക് നടന്നടുക്കുകയാണ് താന്‍ എന്നയാള്‍ക്ക് ‌ തോന്നി.

തനുജയുടെ കണ്ണുകളില്‍ അപ്പച്ഛന്‍ പുതുതായി വാങ്ങികൊടുത്ത കളര്‍ പെന്സിടലിന്‍റെയും അതുപയോഗിച്ച് അവള്‍ വരയ്ക്കാന്‍ പോകുന്ന ചിത്രങ്ങലെക്കുറിച്ചുമുള്ള ആഹ്ലാദ തിരകളായിരുന്നു.

ഇന്ന് മുഴുവന്‍ ഇനി അതുമായി പശുവിനെപ്പോലെ ഇരിക്കുന്ന ആനയെ വരയ്ക്കുകയും ‘ഇതെന്താണെന്ന് പറയാമോ അപ്പച്ഛാ’ എന്ന ചോദ്യം തന്നെ കുരുക്കുകയും ചെയ്യുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ അറിയാതെ ചിരിച്ചു.

‘എന്തിനാ അപ്പച്ഛാ ചിരിക്കണെ’ എന്ന ചോദ്യം കേട്ട് അവളുടെ നുണക്കുഴി കവിളില്‍ തലോടിക്കൊണ്ട് അയാലവളോട് ചോദിച്ചു

‘മോള്‍ ഇന്നെന്തു പടമാ വരയ്ക്കാന്‍ പോകുന്നത്’

കുറച്ചു ദിവസങ്ങള്ക്ക് മുന്‍പ്‌ ഒരു ജീവിയുടെ വാല്‍ മാത്രം പുറത്തേയ്ക്ക് കാണപ്പെടുന്ന രീതിയില്‍ ഉള്ള ഒരു ചിത്രം വരച്ചതിനു ശേഷം ‘ഇതെന്താണെന്നറിയാമോ അപ്പച്ചാ’ എന്നും പറഞ്ഞു അതയാളെ കാണിച്ചതും മറ്റും അയാള്‍ ഓര്‍ക്കുകയായിരുന്നു.

ശരീരം മുഴുവന്‍ മറ്റേതോ ഭാഗങ്ങളാല്‍ മൂടപ്പെട്ട ആ ജീവി എതാണെന്നറിയാതെ തോല്‍വി സമ്മതിച്ച് മകളുടെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ആണ് വാഴക്കുലയുടെ കുടപ്പനുള്ളിലെ പൂക്കളില്‍ നിന്നും തേന്‍ നുകരാന്‍ വന്ന ഒരു അണ്ണാരക്കണ്ണന്‍റെ ചിത്രമാണതെന്ന് അവള്‍ പറഞ്ഞത്‌..

തന്‍റെ അഭിപ്രായത്തിനും മാര്‍ക്കിനും വേണ്ടി വികാരങ്ങള്‍ മിന്നിമറയുന്ന, ആശങ്കകള്‍ നിഴലിച്ച, വിടര്‍ന്ന കണ്ണുകളുമായി നിന്നിരുന്ന മകളെ ആശ്ലേഷിച്ചഭിനന്ദിച്ചപ്പോള്‍ സന്തോഷത്താല്‍ തുടുത്തു വിടര്‍ന്ന ആ കുഞ്ഞുമുഖം മനസ്സില്‍ സന്തോഷം തരുന്നതയാള്‍ അറിഞ്ഞു.

അവള്‍ നല്‍കിയ ഉമ്മകള്‍ തന്‍റെ മനസ്സിനെ തണുപ്പിക്കുന്നതും..

‘അത് പറയൂല അപ്പച്ചന്‍ തനിയെ കണ്ടുപിടിച്ചാല്‍ മതി. അപ്പച്ഛാ ഞാന്‍ പോയി ഇരുന്നു പടം വരച്ചിട്ട് വരാം കേട്ടോ’ എന്നും പറഞ്ഞുകൊണ്ടവള്‍ പുസ്തകങ്ങളും മറ്റും എടുത്ത്‌ അകത്തെ മുറിയിലേയ്ക്ക് പോയപ്പോള്‍ നിശബ്ദതയില്‍ ഏകനായ അയാള്‍ സെറ്റിയിലേയ്ക്ക് തല ചേര്‍ത്ത്‌ ‌ വച്ചുകിടന്നു.

കണ്ണുകള്‍ ഭിത്തിയിലെ ഫ്രെയിം ചെയ്തു വച്ച ചിത്രത്തിലേയ്ക്ക് പാഞ്ഞുകയറി. അവിടെ ഇരുന്നുകൊണ്ട് അപ്പച്ചന്‍റെയും മകളുടെയും വികൃതികള്‍ ആസ്വദിച്ചു ചിരിക്കുന്ന ആ മുഖം അയാള്‍ കണ്ടു.

ആ കണ്ണുകളില്‍ ഇപ്പോഴും അലയടിക്കുന്ന ആശങ്കകള്‍ ഉണ്ടായിരുന്നു.

അവളോട്‌ പലതും ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും ശബ്ധിയ്ക്കുവാന്‍ കഴിയാതെ അയാള്‍ തളര്‍ന്ന ശരീരവും മരവിച്ച മനസ്സുമായി സെറ്റിയിലേക്ക് ചാഞ്ഞു.

ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് തന്നെ വലിച്ചുകൊണ്ട് പോകുന്നത് വേദനയോടെ അയാള്‍ അറിഞ്ഞു.

സ്കൂളില്‍ പോകാതിരിക്കാന്‍ വേണ്ടി കരയുന്ന കുട്ടിയെ അമ്മ പിടിച്ചു വലിച്ചു സ്കൂള്‍ ബസ്സിലേക്ക് കയറ്റുന്നതുപോലെ, ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ തന്‍റെ മുന്നില്‍ തുറന്നിരുന്നില്ലെങ്കില്‍ എന്നാശിച്ചു കൊണ്ട് പുറകിലേക്ക് മറിയുന്ന നീറുന്ന ഓര്‍മ്മതാളുകളെ മടക്കിയയക്കുവാനാവാതെ വീര്‍പ്പ് മുട്ടിയപ്പോള്‍ അവളുടെ ഓര്‍മ്മകള്‍ മനസ്സിലെ മുറിവുകളെ കൊത്തി വലിക്കുകയായിരുന്നു.

അവളോട്‌ വിവാഹം കഴിച്ചു കൊള്ളട്ടെ എന്ന് തുറന്നു ചോദിച്ചപ്പോള്‍ ആശങ്കകളോടെ അകന്നു മാറിയതും,

ഒരുപാട് നാളുകള്‍ തന്നെ ഉറക്കാതെ കിടത്തിയിരുന്ന രാത്രികളിലും മനസ്സ് വേദനയില്‍ നിന്നും നിരാശയില്‍ നിന്നുമൊക്കെ പ്രതീക്ഷകള്‍ക്ക് വഴിമാറിയിരുന്നത് അവളുടെ മുഖം മാത്രമായിരുന്നു.

പ്രതീക്ഷകള്‍ സഫല്യങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, കഴുത്തില്‍ തന്നാല്‍ ചാര്‍ത്തപെട്ട മിന്നില്‍ അയാളുടേത് മാത്രമായ ഏകാന്ത ജീവിതത്തിലേക്ക്‌ കടന്നു വന്ന സ്നേഹവാല്സല്യങ്ങളുടെ പൂന്തോട്ടമായിരുന്നു അവള്‍...

പക്ഷെ ക്രൂരമായി പുറകില്‍ നിന്നും ആഞ്ഞടിച്ച വിധിയുടെ തീ നാളങ്ങളാല്‍ തളര്‍ത്തപെട്ട, ശേഷിയില്ലതാക്കിയ അയാളുടെ മനസ്സില്‍ പ്രതീക്ഷയുടെ ശകലങ്ങള്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

നിനച്ചിരിക്കാതെ തന്‍റെ ജീവിതത്തിലേക്ക്‌ കടന്നു വന്നവള്‍, തികച്ചും അപ്രതീക്ഷിതമായ ഒരു ബന്ധമായിരുന്നു അത്.

സന്തോഷങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാതെ ജീവിതം സുഖകരമായിരുന്നപ്പോള്‍, തനിക്ക്‌ അവകാശപെടാന്‍, തന്നെ സ്വന്തമാക്കാന്‍ തനിക്കുവേണ്ടി മാത്രം ജീവിക്കുവാന്‍ അവളുണ്ടെന്ന സന്തോഷമാണ് അപ്രതീക്ഷിതമായി അവളെ അയാളില്‍ നിന്നകറ്റിയപ്പോള്‍ നഷ്ടമായത്‌..

ഒരിക്കല്‍ പുറത്ത്‌ കോരിച്ചൊരിയുന്ന മഴയുടെ ആഘോഷത്തില്‍ പങ്കുചേര്ന്ന് , ആടിതിമിര്ത്ത് ‌ അണച്ചു൦, കിതച്ചും തളര്ന്ന് ‍ കിതച്ചുകൊണ്ട് തന്റെക ഹൃദയമിടിപ്പിന് കാതോര്ത്ത് ‌ നെഞ്ചില്‍ തലചായ്ച്ച് കിടക്കുന്ന അവളുടെ മുടിയിണകളെ തഴുകുമ്പോള്‍, മഴയുടെ ആരവങ്ങള്‍ കേള്ക്കാ മായിരുന്നു.

ചില്ല് ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴമുത്തുകളെ നോക്കി കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു

‘ഇച്ചായന് എന്നെ എത്രമാത്രം ഇഷ്ടമുണ്ട്’

മറുപടി ആവശ്യമില്ലാത്തതും, എന്നാല്‍ പ്രകടനം ആവശ്യമായതുമായ ഒരു ചോദ്യം...

എത്രയൊക്കെ വിദ്യാസമ്പന്നര്‍ ആണെന്ന് പറഞ്ഞാലും ഉള്ളിന്റെത ഉള്ളില്‍ സ്നേഹിക്കപ്പെടുവാനും, ലാളിക്കപ്പെടുവാനും കൊതിക്കുന്ന മനസ്സില്ലാത്തവര്‍ ആരാണുള്ളത്?

മറുപടി മുത്തങ്ങളായി അവളുടെ നെറുകയില്‍ നിറഞ്ഞപ്പോള്‍, താനാശിച്ച ഉത്തരം ലഭിച്ച സംതൃപ്തിയില്‍ തന്നോട് ചേര്ന്ന് കിടന്നുറങ്ങി തന്നെ നിദ്രയിലെയ്ക്ക് കൊണ്ടുപോയവള്‍ .....

നിറഞ്ഞ വയറുമായി തന്റെവ ചുമലില്‍ പിടിച്ച് നടന്നപ്പോള്‍ അവള്‍ പറഞ്ഞു;

‘ഇച്ചായാ എനിക്ക് പേടിയാവുന്നു. പ്രസവത്തില്‍ ഞാന്‍ മരിച്ചുപോയാലോ?’

മനസ്സിനെ ആശങ്കകളുടെ തുരുത്തില്‍ പ്രവാസത്തിനു വിടുന്ന ഒരു ചോദ്യമായിരുന്നു അത്...

അവളെ ചേര്ത്ത് ‌ പിടിച്ചു തന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ട് തന്നിലുണ്ടായ ആശങ്കകളെ ഉറക്കുവാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വീണ്ടും ഒരു കുട്ടി ആയതുപോലെ തോന്നി...

കുട്ടികാലത്ത് ചോര്ന്നൊരലിക്കുന്ന വീടിനുള്ളില്‍ ഇടിവെട്ടി മഴപ്പെയ്യുമ്പോള്‍ അടുത്തിരുന്നു കരയുന്ന അനിയനെ ചേര്ത്തു പിടിച്ച് സ്വയം ധൈര്യമില്ലാതെ അവനു ധൈര്യം നല്കിുയ എട്ട് വയസ്സുകാരന്‍ മനസ്സിലൂടെ നടന്നുപോയി...

അനിയന്റെ് കയ്യില്‍ പിടിച്ചു നാട്ടുവഴികളിലൂടെ നടന്നകലുന്ന എട്ട് വയ്യസ്സുകാരന്‍......

ഒടുവില്‍ ഭയങ്ങളെ യാഥാര്ത്യ്ങ്ങള്ക്ക് നിഷ്ക്കരുണം വിട്ടുകൊടുത്തുകൊണ്ട് മരണത്തിന്റെന തേരില്‍ അവള്‍ പറന്നകന്നപ്പോള്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിന്റെല പൊള്ളുന്ന ചൂടില്‍ അയാള്‍ അറിഞ്ഞു.

നഷ്ടങ്ങളുടെ ഈ സെമിത്തേരിയില്‍ ജീവനുള്ള അവളുടെയും തന്റെ യും ജീവന്‍ തുടിക്കുന്ന ഒരു കുഞ്ഞു ശരീരം, അതെ അതവളായിരുന്നു...

തനുജ. തന്‍റെ മകള്‍. തനിക്ക്‌ സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും ഈ ലോകത്ത്‌ ആകെയുള്ള ഒരേയൊരു കൈമുതല്‍...

പാതിവഴിപോലുമാവാതെ വിധിക്ക് കീഴടങ്ങി പോകും മുമ്പ് നീന അയാള്‍ക്ക് നല്‍കിയ മുത്ത്‌.

മകളുടെ ചായകൂട്ടുകള്‍ നിറഞ്ഞ മൃദുലമായ വിരലുകള്‍ മുഖത്തെ കണ്ണുനീര്‍ തുടച്ചുമാറ്റിയപ്പോഴാണ് അയാള്‍ ഓര്‍മ്മളില്‍ നിന്നും ഉണര്‍ന്നത്. വിതുമ്പുന്ന ചുണ്ടുകളോടെ മകള്‍ ചോദിച്ചു

‘അപ്പച്ചനെന്തിനാ കരയുന്നേ?’

മറുപടികള്‍ നിശബ്ദതയുടെ വാസസ്ഥലമായപ്പോള്‍ അവള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി തിരിച്ച് അയാളിലേക്കും.

താന്‍ വരച്ച ഏറ്റവും പുതിയ ചിത്രം അവള്‍ തനിക്ക്‌ കാണിച്ചു തന്നു. വിടര്‍ന്ന കണ്ണുകളോടെ, ആകാഷയില്‍ തുടുത്ത കവിളുകളോടെ..

ആ ചിത്രം.. അതെ അത് തന്നെ കിടപ്പുമുറിയിലെ മേശമേല്‍ വച്ചിരുന്ന അയാളുടെ വിവാഹ ദിനത്തില്‍ എടുത്ത ചിത്രം.

‘അമ്മച്ചിയുടെ മുഖം മുഴുവനായിട്ട് വരയ്ക്കാഞ്ഞതെന്തേ?’

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക്‌ ശേഷം തല കുമ്പിട്ട് വിതുമ്പികൊണ്ട് അവള്‍ പറഞ്ഞു.

‘അതിനു അമ്മച്ചിയെ മോള് കണ്ടിട്ടില്ലല്ലോ അപ്പച്ചാ. പോട്ടം ഒന്നും ശരിയല്ല എനിച്ചു നേരിട്ട് കാണണം. എപ്പയാ അപ്പച്ചാ അമ്മച്ചി വരുന്നത്. മോളെ കാണാന്‍ ഇനിം അമ്മച്ചി എന്താ വരാത്തെ?’

കണ്ണുകളില്‍ നിറഞ്ഞ അശ്രുകണങ്ങള്‍ മകളെ അവ്യക്തമാക്കിയപ്പോഴും അവളെ നെഞ്ചോടടക്കി പിടിച്ചു

‘അമ്മച്ചി വരും മോളെ’ എന്ന് മാത്രം പറയുവാന്‍ മാത്രമാണ് അയാള്‍ക്ക് കഴിഞ്ഞത്.

അപ്പോഴും മാലയിട്ട ആ ചിത്രത്തിലിരുന്ന് അവള്‍ അവരെ ആശങ്കകളോടെ നോക്കുന്നുണ്ടായിരുന്നു.......

3 comments:

  1. ഈ വർണ്ണകടലാസുകളിൽ ഇനിയും പൂക്കൾ വിടരട്ടെ
    നന്നായി കഥ എഴുതി കെട്ടൊ
    ആശംസകൾ

    ReplyDelete
  2. കരയിച്ചില്ലോ...ആദ്യമായ്‌

    ReplyDelete